കേരളത്തിന്റെ പുനർനിർമ്മിതിയിൽ പ്രധാനമന്ത്രി വാക്കുപാലിച്ചില്ലെന്നു മുഖ്യമന്ത്രി


അബുദാബി : കേരളത്തിന്റെ പുനർനിർമ്മിതിയിൽ പ്രധാനമന്ത്രി വാക്കുപാലിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കാൽ അനുമതി നൽകിയിരുന്നു. എന്നാൽ പറഞ്ഞവാക്ക് അദ്ദേഹം പാലിച്ചില്ലെന്നു യു.എ.ഇ സന്ദർശനത്തിനിടെ പിണറായി സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രധാനമന്ത്രിയെ നേരിട്ടുകണ്ടാണു മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി പിന്നീട് അനുമതി നിഷേധിച്ചു. ഇത് എന്തു കൊണ്ടാണെന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തെ കരകയറ്റാൻ ലോകത്താകെയുള്ള മലയാളികൾ കൈകോർത്താൽ നിഷ്പ്രയാസം സാധിക്കുമെന്നു അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിലെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തെ അതിജീവിക്കാൻ വേണ്ടത്ര പണം കേന്ദ്രത്തിൽനിന്നു ലഭിക്കുന്നില്ല. വായ്പയെടുക്കാനും പരിമിതികളുണ്ട്. തന്റെ നാട് പ്രതിസന്ധിയിലാണെന്ന് ഓരോ മലയാളിയും തിരിച്ചറിയണം. കേരളത്തിനു നേർക്ക് ആദ്യം സഹായഹസ്തം നീട്ടിയതു യുഎഇയാണ്. കേരളത്തിന്റെ നഷ്ടം തങ്ങളുടെ നഷ്ടമായാണ് ഈ രാജ്യം കാണുന്നതെന്നും പിണറായി പറഞ്ഞു.

You might also like

Most Viewed