യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി മലയാളി രാജ്യം വിട്ടു


അജ്‍മാന്‍: യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു. നൂറുകണക്കിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെയും ബാങ്കുകള്‍ക്കും സാധനങ്ങള്‍ വിതരണം ചെയ്തവര്‍ക്കും പണം നല്‍കാതെയുമാണ് അപ്രതീക്ഷിതമായി അല്‍ മനാമ  എന്ന  സ്ഥാപനം അടച്ചുപൂട്ടിയത്. മലയാളിയുടെ  ഉടമസ്ഥതയിലുള്ള അല്‍ മനാമ ഗ്രൂപ്പില്‍ കഴിഞ്ഞ ജൂണ്‍ മുതലാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതെന്ന് വിതരണക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന നൂറോളം വിതരണക്കാരുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഒരുമിച്ച് കൂടിയാണ് മാനേജ്മെന്റിനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

കോടിക്കണക്കിന് ദിര്‍ഹമാണ് ഇവര്‍ക്ക് സ്ഥാപനത്തില്‍ നിന്ന് കിട്ടാനുള്ളത്. അല്‍ മനാമയുടെ ഓഫീസില്‍ വിളിച്ചാല്‍ ആരും ഫോണെടുക്കാറില്ല. സീനിയര്‍ മാനേജ്മെന്റ് തലത്തിലുണ്ടായിരുന്നവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ലോക്കല്‍ സ്‍പോണ്‍സര്‍ പോലും അറിയാതെയാണ് രാജ്യം വിട്ടത്. 

കഴിഞ്ഞ ജൂണ്‍ മുതലാണ് പല വിതരണക്കാര്‍ക്കും പണം നല്‍കുന്നതില്‍ വീഴ്ചയുണ്ടായത്. നാല് പതിറ്റാണ്ടോളം യാതൊരു പ്രശ്നവുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായിരുന്നതിനാല്‍ അത് കാര്യമായെടുത്തില്ല. പണം എത്രയും വേഗം തന്നുതീര്‍ക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയപ്പോള്‍ അവരെ വിശ്വസിക്കുകയായിരുന്നു.

നവംബറില്‍ ഓഫീസിലെത്തിയപ്പോള്‍ അവിടെയാകെ പ്രശ്നങ്ങളായിരുന്നെന്ന് വിതരണക്കാരിലൊരാള്‍ പറഞ്ഞു. മാനേജ്മെന്റ് തലത്തില്‍ ഉത്തരവാദിത്തമുള്ള പദവിയില്‍ ഒരാളും ഓഫീസിലുണ്ടായിരുന്നില്ല. കാര്യങ്ങള്‍ അറിയാത്ത ചില  പുതിയ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. സ്ഥാപനത്തിന്റെ മനേജിങ് ഡയറക്ടറാണ് യുഎഇയില്‍ നിന്ന് മുങ്ങിയത്. പിന്നാലെ മറ്റുള്ളവരെയും കാണാതായെന്ന് വിതരണക്കാരില്‍ ഒരാളായ ശമീം പറഞ്ഞു. ചെക്കുകള്‍ മടങ്ങിയതിന്റെ പേരില്‍ ചിലര്‍ സ്ഥാപനത്തിനെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നാല് പതിറ്റാണ്ടുകളായി യുഎഇയിലെ പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഗ്രൂപ്പിനെതിരെ ശമ്പളം മുടങ്ങിയ ജീവനക്കാരും കോടിക്കണക്കിന് രൂപ കിട്ടാനുള്ള വിതരണക്കാരും രംഗത്തെത്തിയിട്ടുണ്ട് എന്നും  റിപ്പോര്‍ട്ടുകള്‍ ഉണ്ട്.   അതേസമയം എല്ലാ പ്രതിസന്ധികളും ഉടന്‍ തീരുമെന്ന് പ്രതീക്ഷിക്കുന്നതായി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമ അയച്ച വോയിസ് മെസേജില്‍ പറ‌ഞ്ഞതായും റിപ്പോര്‍ട്ടുണ്ട് . 

You might also like

Most Viewed