ഷാർജയിൽ ബൈക്ക് യാത്രക്കാർക്കെതിരെ നടപടികൾ ശക്തമാക്കുന്നു


ഷാർജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള ബൈക്ക് യാത്രക്കാർക്കുള്ള നടപടികൾ ഊർജിതമാക്കുന്നു. ഗതാഗത നിയമങ്ങൾ മറികടന്നു ബൈക്ക് യാത്രക്കാർ തലങ്ങും വിലങ്ങും പായുന്നത് ഇതര വാഹനങ്ങൾക്കു വൻ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഷാ‍ർജ പോലീസ്  തീരുമാനം.

റസ്റ്ററന്റുകളിൽ നിന്നു ഭക്ഷണവുമായി ബൈക്കിൽ കുതിക്കുന്ന ഡെലിവറി ബോയ്സിനെക്കുറിച്ചാണ് പരാതികളിൽ ഏറെയും. ഓവർടേക്ക് ചെയ്യുന്നതിലടക്കം ഇവർ ചട്ടങ്ങൾ പാലിക്കുന്നില്ല. കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി ഓർഡറുകൾ എത്തിക്കാനുള്ള ശ്രമത്തിൽ അപകടങ്ങൾ പതിവാണ്.  അതേസമയം, ഗതാഗതക്കുരുക്ക് മൂലമുള്ള സമയനഷ്ടം പരിഹരിക്കാനാണ് തിരക്കിട്ടു പായുന്നതെന്ന് ഇവർ പറയുന്നു.

ചൂടുകാലത്ത് ഹെൽമറ്റ് ധരിക്കുകയെന്നത് അതീവ ദുസ്സഹമാണെന്ന് ഇവർ പറയുന്നു. ഇതു ചുട്ടുപഴുത്ത് തല പുഴുങ്ങുന്ന അവസ്ഥയാകുമെന്നാണ് പലരുടെയും പരാതി. ബൈക്ക് യാത്രക്കാർക്കെതിരെ വ്യാപകമായ പരാതികളുണ്ടെന്ന് ഷാർജ പൊലീസ് മധ്യമേഖലാ ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് ബിൻ ഡാർവിഷ് പറഞ്ഞു. ബൈക്കുകളുടെ രൂപവും ശബ്ദവും മാറ്റുന്നത് കടുത്ത നിയമലംഘനമാണ്. ഗതാഗത സുരക്ഷയെക്കുറിച്ച് ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള കൈപ്പുസ്തകങ്ങൾ വിതരണം ചെയ്യുന്നുമുണ്ട്. 2021ഓടെ ബൈക്ക് അപകടങ്ങൾ പൂർണമായും ഇല്ലാതാക്കുകയാണ്  ലക്ഷ്യമെന്നും വ്യക്തമാക്കി.

You might also like

Most Viewed