യു.എ.ഇയിൽ സ്വദേശികൾക്ക് കൂട്ടത്തോടെ താമസിക്കാൻ ഭവന പദ്ധതി


സ്വദേശികൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിനാണ് മുന്തിയ പരിഗണ നല്കുകയെന്ന് യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. രാജ്യത്തിന്റെ സമസ്ത മേഖലകളിലും സുസ്ഥിര വികസനം ഉറപ്പുവരുത്തുമെന്ന് പറഞ്ഞ അദ്ദേഹം സ്വദേശി താമസ കേന്ദ്രങ്ങൾക്കുള്ള നയങ്ങളും നിയന്ത്രണങ്ങളും പുതുക്കുകയും ചെയ്തു. വിഷൻ 2021ന്റെ  ഭാഗമായി പുതിയ ജീവിത സംസ്കാരമാണ് കൊണ്ടുവരിക.

സ്വദേശി ക്ഷേമത്തിനായി ദേശീയ നയം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികൾക്ക് വിവിധ പ്രദേശങ്ങളിൽ ഒന്നിച്ച് താമസിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ താമസ കേന്ദ്രങ്ങൾ സജ്ജമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഹാപ്പിനസ്, ഷെയ്ഖ് സായിദ് ഭവന പദ്ധതികളുടെ സഹകരണത്തോടെ ഇത് നടപ്പാക്കും.

യു.എ.ഇയുടെ ശതാബ്ദി വർഷമായ 2071 മുന്നിൽകണ്ടുള്ള നയങ്ങളാണ് ഇക്കാര്യത്തിൽ ആവിഷ്കരിക്കുന്നത്. സ്വദേശികൾ ഒറ്റപ്പെട്ട് വിവിധയിടങ്ങളിൽ താമസിക്കുന്നതിന് പകരം കൂട്ടത്തോടെ ഒരു സമൂഹമായി താമസിക്കുന്നതിലാണ് താൽപര്യം. ഇതുമൂലം ആരോഗ്യകരമായ ജീവിത ശൈലി എല്ലാവർക്കും ഉറപ്പുവരുത്താനാകും. ഇക്കാര്യത്തിൽ സർക്കാർ വകുപ്പുകൾക്ക് മികച്ച സംഭാവനകൾ നൽകാൻ സാധിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സന്നിഹിതരായിരുന്നു.

You might also like

Most Viewed