ഏഴാം ലോക ഗവണ്മെന്റ് ഉച്ചകോടിക്ക് ദുബൈയിൽ തുടക്കമായി


 

ആഗോളതലത്തിൽ ഗവൺമെന്റുകൾ വിവിധ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങളും ഭാവിയുടെ രൂപവത്കരണവും വികസനപദ്ധതികളും ചർച്ച ചെയ്യുന്ന ഏഴാം ലോക ഗവണ്മെന്റ് ഉച്ചകോടി ദുബൈയിൽ തുടങ്ങി.

140 രാജ്യങ്ങളിൽനിന്നുള്ള ഭരണാധികാരികൾ, ഉന്നത ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ തലവന്മാർ തുടങ്ങി നാലായിരത്തോളം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ വീഡിയോ കോൺഫറൻസ് വഴി സമ്മേളനത്തിൽ സംസാരിക്കും. ഇക്കുറി നാല് നൊബേൽ പുരസ്കാരജേതാക്കളും ഉച്ചകോടിയുടെ ഭാഗമാകും.

പുത്തൻ ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തിൽ വികസനലക്ഷ്യങ്ങൾ മാറ്റിയെഴുതാൻ വിവിധ ഗവണ്മെന്റുകളോടുള്ള ആഹ്വാനവുമായാണ് ഉച്ചകോടി തുടങ്ങിയത്. ഭാവനയും ആശയങ്ങളുമാണ് ഭാവിയിലെ ഏറ്റവും വിലപിടിപ്പുള്ള ഉത്പന്നങ്ങളെന്ന് കാബിനറ്റ് അഫയേഴ്സ് മന്ത്രി മുഹമ്മദ് അബ്ദുള്ള അൽ ഗർഗാവി പറഞ്ഞു. പല ഭരണകൂടങ്ങളും നാലാം വ്യാവസായിക വിപ്ലവത്തിന് ഇനിയും തയ്യാറായിട്ടില്ല. ഇന്ന് ബഹുരാഷ്ട്ര കന്പനികൾ ഗവേഷണത്തിനായി ഗവണ്മെന്റുകളെക്കാൾ പണം ചെലവഴിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഭരണകൂടങ്ങൾ കൂടുതൽ ഊർജിതമായി മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള തൊഴിൽവിപണി മാറും. സൃഷ്ടിപരവും സർഗാത്മകവുമായ അവസരങ്ങളാകും ഇനി തൊഴിൽ വിപണിയെ കീഴടക്കുക. ഇതിനായി വരും തലമുറയെ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

200 പ്രത്യേകസെഷനുകളാണ് സംഘടിപ്പിക്കുന്നത്. 140 രാജ്യങ്ങളുടെ ഭരണപ്രതിനിധികൾ ഇതിൽ പ്രഭാഷകരായെത്തും. മനുഷ്യരാശിയുടെ പുരോഗമനവും വികസനവുമാണ് ഉച്ചകോടിയുടെ പ്രധാന പ്രമേയമാകുക. സാങ്കേതികതയുടെ ഭാവി, ആരോഗ്യം, ജീവിതനിലവാരം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, തൊഴിലാളി വിപണി, വ്യാപാര−അന്താരാഷ്ട്ര സഹകരണം, സർക്കാരും സമൂഹവും തമ്മിലുള്ള ആശയവിനിമയം തുടങ്ങിയവയാകും ഉച്ചകോടി ചർച്ച ചെയ്യുന്ന പ്രധാനവിഷയങ്ങൾ. മദീനത്ത് ജുമേരയിൽ നടക്കുന്ന ഉച്ചകോടി ചൊവ്വാഴ്ച സമാപിക്കും.

You might also like

Most Viewed