ബഹിരാകാശ മേഖലയിൽ സഹകരണത്തിന് അറബ് കൂട്ടായ്മ


 

ബഹിരാകാശ രംഗത്തെ സഹകരണത്തിനായി അറബ് രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് തുടക്കമായി. യു.എ.ഇ സ്പേസ് ഏജൻസി അബുദാബിയിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ സ്പേസ് കോൺഗ്രസിന്റെ ആദ്യദിനത്തിൽ യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. 

അറബ് ലോകത്തെ ആദ്യ ബഹിരാകാശ സഹകരണ സ്ഥാപനം രൂപവത്കരിക്കുന്നതിനായി പതിനൊന്ന് അറബ് രാജ്യങ്ങൾ ചേർന്ന് സമ്മേളനത്തിൽ ചാർട്ടർ ഒപ്പുെവക്കുകയു ചെയ്തു. ഈ കൂട്ടായ്മയുടെ ആദ്യസംരംഭം അറബ് ശാസ്ത്രജ്ഞർ യു.എ.ഇയിൽ നിർമിക്കുന്ന ഒരു ഉപഗ്രഹമാകുമെന്നും ശൈഖ് മുഹമ്മദ് അറിയിച്ചു. അറബ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീയതിയുടെ ഓർമയ്ക്ക് 813 എന്നായിരിക്കും ഉപഗ്രഹത്തിന് പേര് നൽകുകയെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ബാഗ്ദാദിൽ അൽ മാമുൻ കാലഘട്ടത്തിലെ ജ്യോതിശാസ്ത്ര സർവകലാശാല ഹൗസ് ഓഫ് വിസ്ഡം സ്ഥാപിച്ച വർഷത്തിന്റെ സ്മരണയിലാണ് ഉപഗ്രഹത്തിന് ഈ പേര് നൽകുന്നത്. 

യു.എ.ഇയുടെ നാഷണൽ സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിലായിരിക്കും ഉപഗ്രഹം നിർമിക്കുക. കാലാവസ്ഥാവ്യതിയാനം നിരീക്ഷിച്ച് വേണ്ട വിവരങ്ങൾ ലഭ്യമാക്കുകയാണ് 813 എന്ന ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം. ഈ വിവരങ്ങൾ മുഴുവൻ അറബ് രാജ്യങ്ങളുമായും പങ്കുെവക്കും. അടുത്ത നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്.

You might also like

Most Viewed