കലയുടെ വസന്തമൊരുക്കി ‘ആർട്ട് ദുബൈ’ ഇന്ന് തുടങ്ങും


 

കലയുടെ വിവിധ ഭാവങ്ങൾ വിരിയുന്ന ആർട്ട് ദുബൈ 2019 ബുധനാഴ്ച തുടങ്ങും. പ്രാദേശിക− അന്താരാഷ്ട്ര കലാകാരന്മാരെ ഒരുമിപ്പിക്കുന്ന മേളയുടെ 13−ാം പതിപ്പ് ഒട്ടേറെ പുതുമകളുമായാണ് അരങ്ങേറുന്നത്. അബുദാബി, ദുബൈ, ഷാർജ എന്നീ മൂന്ന് എമിറേറ്റുകളിലെ 80−ഓളം വേദികളിലായാണ് കലാവാരം ആഘോഷിക്കപ്പെടുന്നത്. 41 രാജ്യങ്ങളിൽനിന്നുള്ള 90 പ്രശസ്ത ഗാലറികൾ പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 500−ലധികം കലാസൃഷ്ടികൾ പ്രദർശിപ്പിക്കും. 

സമകാലിക−ആധുനിക കലകളെ ബന്ധപ്പെടുത്തുന്ന വിവരണങ്ങളും ചർച്ചകളും പരിപാടികളുമായി നടക്കുന്ന ഗ്ലോബൽ ആർട്ട് ഫോറം കുട്ടികൾക്കും കലാപ്രേമികൾക്കും പ്രയോജനപ്പെടും. യു.എ.ഇ നൗ, റെസിഡന്റ്‌സ് എന്നീ വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. മദീനത്ത് ജുമേരയിൽ നടക്കുന്ന പ്രദർശനത്തിലെ ഗാലറി വിഭാഗത്തിൽ മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 20ാം നൂറ്റാണ്ടിലെ പ്രമുഖരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. യു.എ.ഇയിൽ നിന്നുള്ള കലാകാരന്മാരുടെയും ഓൺലൈൻ കൂട്ടായ്മകളുടേയും സൃഷ്ടികളാണ് യു.എ.ഇ നൗ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. 

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ശേഖരത്തിലുള്ള സഹിഷ്ണുതയുടെ ചരിത്രം പറയുന്ന 1960 മുതൽ 70 വരെയുള്ള യു.എ.ഇയുടെ ചിത്രങ്ങളും ആർട്ട് ദുബൈയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ബി.എം.ഡബ്‌ള്യുവിന്റെ ആർട്ട് കാർ തുടങ്ങി വ്യത്യസ്തമായ കലാസൃഷ്ടികളും പ്രദർശനത്തിൽ അണിനിരക്കും. കലാപ്രദർശനം എന്നതിലുപരി വിവിധ സംസ്‌കാരങ്ങൾ അറിയാനും പഠിക്കാനും പറ്റുന്ന ഒരു വേദിയാകും ആർട്ട് ദുബൈ എന്നാണ് സംഘാടകരുടെ പ്രതീക്ഷ.

You might also like

Most Viewed