ലോക സന്തോഷദിനത്തിൽ പ്രതികരണമറിയാൻ ഫോൺ വിളികളുമായി വകുപ്പ് മേധാവികൾ


 

ഓഫീസുകളിൽ നിന്നുള്ള വിസാ സേവനത്തെക്കുറിച്ചുള്ള പ്രതികരണമറിയാൻ ദുബൈ ഇമിഗ്രേഷൻ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) മേധാവികൾ തന്നെ രംഗത്തിറങ്ങി.

ലോക സന്തോഷദിനത്തിലാണ് ദുബൈ ഇമിഗ്രേഷനിൽനിന്ന് ലഭിച്ച സേവനങ്ങളുടെ നിജസ്ഥിതിയും ഉപയോക്താക്കളുടെ സംതൃപ്തിയും ചോദിച്ചറിയാൻ പതിവിന് വിപരീതമായി ഉന്നത മേധാവികൾ തന്നെ അവരെ ഫോണിൽ വിളിച്ചത്. വകുപ്പിന്റെ മുഖ്യമേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ എന്നിവരാണ് ജീവനക്കാർക്കൊപ്പം ഉപയോക്താകളുമായി കഴിഞ്ഞ ദിവസം ഫോണിൽ സംവദിച്ചത്.

വകുപ്പിന്റെ സേവന വിഭാഗമായ അമർ ക്ലയന്റ് ഹാപ്പിനസ് ഡിപ്പാർട്ട്മെന്റിൽ നിന്നാണ് ഇമിഗ്രേഷൻ മേധാവികൾ ഉപഭോക്താക്കളുമായി ഫോണിൽ ബന്ധപ്പെട്ടത്. വിസാ അപേക്ഷയിൽ എല്ലാ രേഖകളും കൃത്യമാണെങ്കിൽ ഒരു കാത്തിരിപ്പിനും ഇടം നൽകാതെയാണ് വകുപ്പ് ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നത്. അതിലെ കൃത്യതയും നടപടിയും എത്രത്തോളം സന്തോഷകരമായി ലഭ്യമായിയെന്നറിയാൻ വേണ്ടിയായിരുന്നു സന്തോഷദിനത്തിൽ ദുബൈ ഇമിഗ്രേഷന്റെ മേധാവികൾ ആളുകളെ ഫോണിൽ വിളിച്ചത്.

ഇരുനൂറിലധികം രാജ്യക്കാർ സൗഹൃദത്തോടെയും സന്തോഷത്തോടെയും കഴിയുന്നയിടമാണ് യു.എ.ഇ.യെന്നും എല്ലാവർക്കും സന്തോഷ ജീവിതത്തിന്റെ മഹത്തായ മാതൃക നൽകാനാണ് രാജ്യത്തെ ഭരണാധികാരികൾ എപ്പോഴും ആഗ്രഹിക്കുന്നതെന്നും ദുബായ് ഇമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു.

You might also like

Most Viewed