യു.എ.ഇയിൽ പ്രളയത്തിൽ അകപ്പെട്ട 702 പേരെ രക്ഷപ്പെടുത്തി


 

യു.എ.ഇയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് റാസൽഖൈമയിൽ അനുഭവപ്പെട്ട പ്രളയത്തിൽ  702 പേരെ രക്ഷിച്ചതായി അബുദാബി പോലീസ് അറിയിച്ചു. ഡാമുകൾ നിറഞ്ഞൊഴുകി കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ താഴ്്‍വാരത്തിലും മലഞ്ചെരുവിലുമുള്ള ഏതാനും വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തനത്തിന് റാസൽഖൈമ പോലീസ് മേധാവി മേജർ ജനറൽ അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുഐമി നേതൃത്വം നൽകി. മോശം കാലാവസ്ഥയിൽ പ്രളയ സാധ്യതാപ്രദേശങ്ങളിൽ നിന്നു മാറി താമസിക്കണമെന്നും പ്രദേശം സന്ദർശിക്കുന്നതിൽ നിന്ന് സഞ്ചാരികൾ വിട്ടുനിൽക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

20 കുടുംബങ്ങൾക്ക് ഹോട്ടലിൽ താമസസൗകര്യം ഒരുക്കി. ആർക്കും ജീവഹാനിയുണ്ടായില്ലെന്നും വ്യക്തമാക്കി. റാസൽഖൈമ ജബൽ അൽ ജൈസ് മലനിരകളിൽ കുടുങ്ങിയ സ്ത്രീകളടക്കം നാനൂറോളം  പേരെ പോലീസ് ഹെലികോപ്റ്ററിൽ രക്ഷപെടുത്തിയിരുന്നു. 15 മണിക്കൂറുകളുടെ അനിശ്ചിതാവസ്ഥയ്ക്കുശേഷമാണ്  സാഹസികമായി രക്ഷിച്ചത്. സഹായം തേടി ശനി, ഞായർ ദിവസങ്ങളിൽ മാത്രം 3,072 ഫോൺ വിളികൾ എത്തിയതായി റാക് പൊലീസ് മേധാവി മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. റാസൽഖൈമയിലെ വാദി ഷിഹയിൽ കഴിഞ്ഞദിവസം 247.4 മില്ലീമീറ്റർ മഴലഭിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡാണിത്.

You might also like

Most Viewed