പൈതൃകോത്സവം വിസ്മയക്കാഴ്ചയായി


 

ലോക പൈതൃക ദിനത്തോടനുബന്ധിച്ച് റാക് ആൻഡിക്യുറ്റീസ് ആൻഡ് മ്യൂസിയം ഡിപ്പാർട്ട്‌മെന്റ് റാസൽ ഖൈമയിൽ സംഘടിപ്പിച്ച ലോക പൈതൃകോത്സവം വിസ്മയക്കാഴ്ചയായി. ലോകത്തിലെ പൈതൃക കലകളുടെ പ്രകടനത്തിൽ യു.എ.ഇക്ക്‌ പുറമേ പലസ്തീൻ, ജോർദാൻ, ഇന്ത്യ, ഈജിപ്ത്, ഒമാൻ, കുവൈത്ത്‌, ബഹ്‌റൈൻ, ഗ്രീസ്, ഫിലിപൈൻസ്, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ നാടോടി വിജ്ഞാനീയ കലാകാരന്മാർ പങ്കെടുത്തു. തുടർന്ന് അറബ് ലോകത്തിന്റെ പൈതൃക കലാരൂപങ്ങളും സാംസ്കാരിക പ്രദർശനവും നടന്നു.

ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിൽ നടന്ന ഉത്സവത്തിൽ ശൈഖ് അബ്ദുൽ മാലിക്, ശൈഖ ജവാഹിർ ആലു ഖലീഫ, മറിയം ഷെഹ്ഹി എന്നീ മുഖ്യാതിഥികൾക്കൊപ്പം യു.എ.ഇയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ‘പൈതൃകം സഹിഷ്ണുതയുടെ ഗീതം ആലപിക്കുന്നു’ എന്ന സന്ദേശത്തോടെ എല്ലാ രാജ്യങ്ങളിലെയും കലാകാരന്മാർ അണിനിരന്ന പ്രത്യേക പ്രദർശനം ഈ വർഷത്തെ പ്രധാന ആകർഷണമായിരുന്നു. ചടങ്ങിന് മുന്നോടിയായി നടന്ന ലോകത്തിലെ ഓരോ രാജ്യക്കാരുടെയും തനതു വേഷങ്ങൾ അവതരിപ്പിക്കാനുള്ള മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച വേഷങ്ങളിൽ ഒരു സ്വദേശിക്കും ഒരു വിദേശിക്കും കാഷ് അവാർഡും ഉപഹാരവും നൽകി.

ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കഥകളി, നൃത്തനൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു. അറേബ്യൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ അതിന്റെ പഴമയും പ്രാധാന്യവും ഒട്ടും ചോർന്നുപോകാതെ വരുംതലമുറയ്ക്ക് കാത്തുസൂക്ഷിക്കുന്ന ഒരു ജനതയുടെ ആത്മാർപ്പണമാണ് പൈതൃകോൽസവത്തിൽ നിറഞ്ഞു നിന്നത്. രാജ്യങ്ങളിൽനിന്നുള്ള കാഴ്ചകളും സാംസ്‌കാരികാഘോഷങ്ങളും ഉത്സവത്തിന് മാറ്റുകൂട്ടി.

You might also like

Most Viewed