അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന് തറക്കല്ലിട്ടു


 

പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമാണത്തിന് തുടക്കമായി. അബുദാബി−ദുബായ് പ്രധാന റോഡിനോട് ചേർന്ന് അബു മുറൈഖയിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുവദിച്ച സ്ഥലത്താണ് ക്ഷേത്രം ഉയരുന്നത്. യു.എ.ഇ മന്ത്രിമാരും പൗരപ്രമുഖരും അണിനിരന്ന പ്രൗഢമായ ചടങ്ങിൽ തറക്കല്ല‌ിടലിന്, ക്ഷേത്രം നിർമിക്കുന്ന ബോചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥയുടെ (ബാപ്‌സ്) ആത്മീയാചാര്യൻ സ്വാമി മഹന്ത് മഹാരാജ് മുഖ്യകാർമികത്വം നൽകി. മധ്യപൂർവേഷ്യയിൽ പരന്പരാഗത രീതിയിൽ ഉയരുന്ന ആദ്യ ഹൈന്ദവക്ഷേത്രമായിരിക്കുമിത്.

മന്ത്രോച്ചാരണങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് സദസ്സിലെ വിശ്വാസിസമൂഹവും ശിലാപൂജ ചെയ്തു. പൂജാ കർമങ്ങൾക്കിടയിൽ സ്വാമി മഹന്ത് മഹാരാജാണ് ആദ്യ ശിലയിട്ടത്. തുടർന്ന് യു.എ.ഇ കാലാവസ്ഥാവ്യതിയാന മന്ത്രി താനി അൽ സെയൂദി, ഉന്നതവിദ്യാഭ്യാസ മന്ത്രി അഹമ്മദ് ബിൽഹോൽ അൽ ഫലാസി, അബുദാബി സാമൂഹിക വികസനമന്ത്രി ഡോ. മുഗീർ അൽ ഖൈലി, യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, സ്വാമി ബ്രഹ്മവിഹാരി ദാസ്, സ്വാമി ഈശ്വർ ചരൺ, മന്ദിർ യുണൈറ്റഡ് ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി എന്നിവർ ചേർന്ന് മറ്റു ശിലകളുമിട്ടു. ഇന്ത്യയിലെ പുണ്യനദികളായ ഗംഗ, യമുന, കാവേരി എന്നീ നദികളിൽനിന്ന് ശേഖരിച്ച പുണ്യജലവും വിശിഷ്ടാതിഥികൾ ശിലയിൽ തളിച്ചു. പൂജകൾക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാസന്ദേശം ഇന്ത്യൻ സ്ഥാനപതി വായിച്ചു. യു.എ.ഇ മന്ത്രി താനി അൽ സെയൂദിയും ആശംസ നേർന്നു.

ഇരുപത്തിയാറരയേക്കർ സ്ഥലത്ത് 55,000 ചതുരശ്ര മീറ്ററിലാണ് ക്ഷേത്രസമുച്ചയം ഉയരുന്നത്. 700 കോടി രൂപ ചെലവിൽ രണ്ട് വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

ക്ഷേത്രനിർമിതിക്കായി ഉപയോഗിക്കുന്ന മണൽക്കല്ലിന്റെ മുകളിൽ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മാർബിളിൽ കൊത്തിയ രൂപം ചടങ്ങിൽ അനാച്ഛാദനം ചെയ്തു. യു.എ.ഇ എന്ന രാഷ്ട്രത്തോട് ഇന്ത്യയുടെ ആദരമെന്ന വിശേഷണത്തോടെയാണ് ഈ ചടങ്ങ് നടന്നത്. ഏഴ് മണൽക്കല്ലുകൾ തമ്മിൽ ഒന്നിച്ച് ചേർത്താണ് ഇതിന്റെ അടിത്തറയുണ്ടാക്കിയത്. ഏഴ് എമിറേറ്റുകളെ ഒന്നിച്ചുചേർത്ത് മഹത്തായ രാഷ്ട്രം രൂപവത്കരിച്ച ശൈഖ് സായിദിന്റെ മഹത്വം ക്ഷേത്രത്തിന്റെ നിർമിതിയിലും പ്രതിഫലിക്കുമെന്ന് സംഘാടകർ വിശദമാക്കി.                                                                                            

You might also like

Most Viewed