യു.എ.ഇ - യില്‍ ഇനി ഡ്രോണ്‍ പറത്താം


ദുബായ്: യു.എ.ഇ-യില്‍ ഇനി മുതല്‍ വ്യക്തികള്‍ക്കും ഡ്രോണ്‍ പറത്താം. എന്നാല്‍ അനുവദനീയമായ മേഖലകളില്‍ മാത്രമേ ഡ്രോണ്‍ പറത്താന്‍ പാടുള്ളൂ. മാത്രമല്ല ലൈസന്‍സില്ലാത്ത ഡ്രോണ്‍ പറത്തിയാല്‍ പിഴ ചുമത്തും. യു.എ.ഇ ആഭ്യന്തര മന്ത്രാലയവും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും (ജി.സി.എ.എ.) ചേര്‍ന്നാണ് ഡ്രോണ്‍ ഉപയോഗം സംബന്ധിച്ച നിയമം ഭേദഗതി ചെയ്ത് പ്രഖ്യാപിച്ചത്.

മുന്‍പ് ജി.സി.എ.എ-യുടെ അനുമതി ലഭിച്ചവര്‍ക്ക് ഡ്രോണ്‍ പറത്താന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ചിത്രങ്ങളെടുക്കുന്നതില്‍ വിലക്കുമുണ്ടായിരുന്നു. പുതിയ നിയമപ്രകാരം ഡ്രോണ്‍ ഉപയോഗിച്ച്‌ വ്യക്തികള്‍ക്ക് വീഡിയോ ചിത്രീകരിക്കാം. ഡ്രോണ്‍ പറത്തും മുന്‍പ് അനുമതി വാങ്ങണം. നിരോധിത മേഖകളില്‍ ഡ്രോണ്‍ ഉപയോഗം പാടില്ല. വിമാനത്താവള പരിസരങ്ങളില്‍ ഒരു കാരണവശാലും ഡ്രോണ്‍ അനുവദിക്കില്ല. ഡ്രോണ്‍ ലൈസന്‍സ് ഉള്ളതാവണം. ലൈസന്‍സില്ലാത്ത ഡ്രോണ്‍ പറത്തിയാല്‍ പിഴ ചുമത്തും. ഡ്രോണുകള്‍ ജി.സി.എ.എ-യില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുവരെ 8028 ഡ്രോണുകള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡ്രോണിനും പറത്തുന്നയാള്‍ക്കും ജി.സി.എ.എ ലൈസന്‍സ് വേണം. അഞ്ച് കിലോയ്ക്ക് താഴെ ഭാരമുള്ള ഡ്രോണുകള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. പകല്‍ സമയത്തും നല്ല കാലാവസ്ഥയിലും മാത്രമേ ഡ്രോണ്‍ പറത്താന്‍ അനുവാദം കിട്ടുകയുള്ളൂ. 400 മീറ്ററിന് മുകളില്‍ കൂടുതല്‍ ഉയരത്തിലേക്ക് പറത്താന്‍ പാടില്ല. വാണിജ്യാവശ്യങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കരുത്. ഡ്രോണ്‍ വഴി ആകാശ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ അനുമതിയുണ്ടെങ്കിലും അത് വ്യക്തികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാകുന്നില്ല എന്ന് ഉറപ്പ് വരുത്തും.

ഡ്രോണ്‍ ഉപയോഗം സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹമ്മദ് നാസര്‍ അല്‍ റിസ്സി അറിയിച്ചു. 'യു ആര്‍ റെസ്‌പോണ്‍സിബിള്‍' എന്ന പേരിലായിരിക്കും പ്രത്യേക ബോധവത്കരണ പദ്ധതി നടപ്പാക്കുക. ഡ്രോണ്‍ ഉപയോഗത്തിന്‍റെ നിയമങ്ങള്‍, ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിലെ മാനദണ്ഡങ്ങള്‍ എന്നിവയാണ് ഈ ബോധവത്കരണ പദ്ധതി വഴി വിശദീകരിക്കുക.

You might also like

Most Viewed