ദുബൈ വിമാനാപകടം; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്


ദുബൈ: ദുബൈയില്‍ ചെറു വിമാനം തകര്‍ന്നുവീണ് നാലുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. അപകടം സംഭവിച്ച സമയത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ വലിയ വിമാനത്തില്‍ നിന്ന് നിശ്ചിത അകലം പാലിക്കാത്തതാണ് ദുരന്തത്തിന് വഴി വെച്ചത് എന്നാണ് നിഗമനം.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ലൈറ്റിനിങ് സംവിധാനം പരിശോധിക്കുന്നതിനിടെ കഴിഞ്ഞമാസം 16- നാണ് ഡയമണ്ട് 62 വിഭാഗത്തില്‍ പെട്ട ചെറുവിമാനം തകര്‍ന്ന് വീണത്. മൂന്ന് ബ്രിട്ടീഷ് പൗരന്‍മാരും ഒരു സൗത്ത് ആഫ്രിക്കക്കാരനും അടക്കം നാലുപേര്‍ മരിച്ചു. ദുബൈ വിമാനത്താളത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ മുഷ്റിഫ് പാര്‍ക്കിലായിരുന്നു വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദുബൈ വിമാനത്തവളത്തിന്‍റെ റണ്‍വേയിലേക്ക് വന്നുകൊണ്ടിരുന്ന തായ് എയര്‍ലൈന്‍സിന്‍റെ വലിയ വിമാനത്തില്‍ നിന്ന് നിശ്ചിത അകലം പാലിക്കാത്തതാണ് ചെറുവിമാനം നിയന്ത്രണം വിടാന്‍ കാരണമായതെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

ഇതുസംബന്ധിച്ച്‌ നിരന്തരമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ എയര്‍ട്രാഫിക് കണ്‍ട്രോളിനും വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തല്‍. യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍റെ കീഴിലെ സംഘമാണ് അപകടം സംബന്ധിച്ച്‌ അന്വേഷണം നടത്തിയത്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാനും നിര്‍ദേശമുണ്ട്.

You might also like

Most Viewed