3,664 ഡ്രൈവര്‍മാര്‍ക്ക് പിഴ


അബുദാബി: സ്‌കൂള്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയില്‍ അലക്ഷ്യമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. സ്‌കൂള്‍ ബസ്സുകളുടെ സ്റ്റോപ്പ് ബോര്‍ഡ് കണ്ടിട്ടും വാഹനം നിര്‍ത്താത്ത 3,664 ഡ്രൈവര്‍മാര്‍ക്കെതിരെയും, സ്റ്റോപ്പ് ചിഹ്നം തുറക്കുന്നതില്‍ പരാജയപ്പെട്ട 126 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും 2018-2019 അധ്യയനവര്‍ഷത്തില്‍ പിഴ ചുമത്തിയതായി പോലീസ് വ്യക്തമാക്കി .

യുഎഇയുടെ ഫെഡറല്‍ ട്രാഫിക് നിയമമനുസരിച്ച്‌, സ്‌കൂള്‍ ബസുകളുടെ സ്റ്റോപ്പ് ചിഹ്നം കാണുന്പോള്‍ നിര്‍ത്താന്‍ പരാജയപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് 10 ബ്ലാക്ക് പോയിന്റുകളുള്ള 1,000 ദിര്‍ഹമും, സ്റ്റോപ്പ് ചിഹ്നം തുറക്കുന്നതില്‍ പരാജയപ്പെടുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് 6 ബ്ലാക്ക് പോയിന്റും 500 ദിര്‍ഹമും പിഴ ഈടാക്കുമെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍ ബസ് സ്റ്റോപ്പ് ചിഹ്നം പ്രദര്‍ശിപ്പിച്ചാല്‍ വാഹനങ്ങള്‍ അഞ്ച് മീറ്ററില്‍ കുറയാതെ നിര്‍ത്തണം. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം നിയമം നടപ്പാക്കുന്നതെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ പരിരക്ഷിക്കുന്നതിനുള്ള പോലീസ് പ്രചാരണം അധ്യയന വര്‍ഷം മുഴുവന്‍ നടപ്പാക്കും.

സ്‌കൂള്‍ വര്‍ഷത്തില്‍ റെസിഡന്‍ഷ്യല്‍, സ്‌കൂള്‍ ജില്ലകളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കി. സ്‌കൂള്‍ ബസുകളുടെ സ്റ്റോപ്പ് ചിഹ്നം മറികടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വാഹനമോടിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് അബുദാബി പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. 2019-2020 അധ്യയന വര്‍ഷത്തില്‍ ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പോലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. സ്‌കൂള്‍ ബസിന്റെ വശത്ത് സൈന്‍ ബോര്‍ഡ് തുറക്കുന്പോള്‍ വാഹനമോടിക്കുന്നവര്‍ വാഹനം പൂര്‍ണ്ണമായും നിര്‍ത്തണം പോലീസ് അഭ്യര്‍ത്ഥിച്ചു.

You might also like

  • KIMS

Most Viewed