വിദ്യാർഥിയെ ഉപദ്രവിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അന്വേഷണം ഊർജിതമാക്കി പൊലീസ്


ഷാർജ: സ്കൂൾ ബസിൽ വിദ്യാർഥിയെ ഉപദ്രവിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ ഷാർജ പൊലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടിയെ മർദിച്ച വിദ്യാർഥികളുടെ രക്ഷിതാക്കളെ പൊലീസ് വിളിപ്പിച്ചു. സ്കൂൾ ബസിൽ ഒരു കുട്ടിയെ ഒരു കൂട്ടം വിദ്യാർഥികൾ മർദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സ്കൂൾ, വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പൊലീസ് ഈ കേസ് അന്വേഷിക്കുന്നത്. ഇത്തരം പെരുമാറ്റങ്ങൾ പ്രതിരോധിക്കാൻ രക്ഷിതാക്കൾ അടക്കമുള്ളവരുടെ സഹകരണം പൊലീസ് തേടി. 

വ്യക്തികളുടെ ചിത്രവും മറ്റും അവരുടെ അനുമതി കൂടാതെ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന കാര്യം പൊലീസ്  ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രാലയവും ഇടപെട്ടു. സ്കൂൾ ബസിൽ സൂപ്പർവൈസർ ഇല്ലെന്ന് ദൃശ്യങ്ങളിൽ നിന്നു  വ്യക്തമാണ്. ബസ് ഡ്രൈവർ അക്രമം തടയാൻ ശ്രമിച്ചതുമില്ല. സ്കൂൾ ഗതാഗത ചുമതലയുള്ള എമിറേറ്റ്സ് ട്രാൻസ്പോർട്ടുമായി സഹകരിച്ച് ഇക്കാര്യങ്ങൾ അന്വേഷിക്കുമെന്നു വിദ്യാഭ്യാസ മന്ത്രാലയം പത്രകുറിപ്പിൽ അറിയിച്ചു.

You might also like

Most Viewed