പാക്കിസ്ഥാൻ വ്യോമപാത തുറന്നു ; ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം


ദുബായ് :  മാസങ്ങൾക്കുശേഷം പാക്കിസ്ഥാൻ വ്യോമപാത തുറന്നത് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി. വിമാനങ്ങളുടെ യാത്രാദൈർഘ്യം കുറയുമെന്നതാണ് പ്രധാന നേട്ടം. മുഖ്യമായും ഉത്തരേന്ത്യയിലേക്കുള്ള വിമാനങ്ങൾക്കാണ് ഗുണകരമാകുക. സാധാരണ നിലയ്ക്ക് അരമണിക്കൂറോളം കുറവുണ്ടാകും. കാലാവസ്ഥ, വ്യോമപാതയിലെ തിരക്ക് തുടങ്ങിയവയെ ആശ്രയിച്ച് ഇതിൽ മാറ്റമുണ്ടാകാം. ഫെബ്രുവരി 26ന് ബാലാക്കോട്ട് ആക്രമണത്തെ തുടർന്നാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ചത്. യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകളെയാണ് ഇതു കൂടുതലും ബാധിച്ചത്.

യൂറോപ്പിലേക്കുള്ള എയർഇന്ത്യ വിമാനങ്ങൾ ഷാർജയിലിറങ്ങി ഇന്ധനം നിറച്ചാണ് പുറപ്പെട്ടിരുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടത് യാത്രാ ദുരിതം ഇരട്ടിയാക്കി. അധികദൂരം പറക്കുന്നതു മൂലമുള്ള ഇന്ധനച്ചെലവ് വിമാനക്കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള വിമാനങ്ങൾക്ക് ഒന്നര മണിക്കൂർ കൂടുതൽ പറക്കേണ്ടിവന്നു. വിയന്നയിൽ ഇറങ്ങി ജീവനക്കാർ മാറുന്നതിനു വേണ്ടിവരുന്ന സമയം കൂടി കണക്കിലെടുക്കുമ്പോൾ 3 മണിക്കൂറിലേറെയാണു നഷ്ടം.

You might also like

Most Viewed