ശിശുസുരക്ഷാ പദ്ധതിയുമായി അബുദാബി പോലീസ്


അബുദാബി: കുട്ടികൾക്ക് സംഭവിച്ചേക്കാവുന്ന പലതരം അപകടങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയുള്ള ബോധവത്കരണ പരിപാടിയുമായി അബുദാബി പോലീസ്. കുട്ടികൾക്ക് സംഭവിക്കുന്ന പൊട്ടലുകൾ, പൊള്ളലുകൾ, ഗുരുതരമായ അപകടങ്ങൾ എന്നിവയെക്കുറിച്ച് രക്ഷിതാക്കളുമായി പോലീസ് സംസാരിക്കും. 
അപകടകാരണങ്ങൾ, അത് തടയാനുള്ള മുൻകരുതലുകൾ എന്നിവ പ്രത്യേക ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചാണ് വിശദമാക്കുക. ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉറുദു, ഫിലിപ്പിനോ, ഫ്രഞ്ച് എന്നീ ഭാഷളിൽ ക്ലാസുകൾ നടക്കും. അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് പൊതുസുരക്ഷാവിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സായിദ് മുഹമ്മദ് അൽ ഹാജിരിയാണ് ഇക്കാര്യം അറിയിച്ചത്.
കളികൾക്കിടയിൽ സംഭവിക്കുന്ന പരിക്കുകൾ, വാഹനത്തിൽ സംഭവിക്കുന്ന പരിക്ക്, വൈദ്യുതാഘാതം, തീപ്പൊള്ളൽ, വിഷാംശം ഉള്ളിൽച്ചെല്ലൽ, അലർജി എന്നിവയെക്കുറിച്ചെല്ലാം രക്ഷിതാക്കളുമായി ശിശുസുരക്ഷാ പദ്ധതിയുടെ സ്പെഷ്യൽ ടാസ്ക് വിഭാഗം ചെയർമാൻ മേജർ സൈഫ് ജുമ അൽ കാബി സംസാരിക്കും. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പോലീസിന്റെ 999 ടോൾ ഫ്രീ നമ്പറിൽ വിവരമറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

You might also like

Most Viewed