ട്രാഫിക് ഫൈനുകളില്‍ ഇളവ്


ദുബായ്: ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ദുബായ് പൊലീസ്. പൊലീസിന്‍റെ നിബന്ധന പാലിക്കുന്നവര്‍ക്ക് 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഇളവ് ലഭിക്കും. 

സഹിഷ്ണുതാ വര്‍ഷാചരണത്തിന്‍റെ ഭാഗമായി ഈ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ ട്രാഫിക് പിഴയിലെ ഇളവിനെക്കുറിച്ച് പൊലീസ് അറിയിച്ചിരുന്നു. മൂന്ന് മാസത്തിനിടെ ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെടാത്തവര്‍ക്ക് മുമ്പുള്ള പിഴയില്‍ 25 ശതമാനം ഇളവ് ലഭിക്കും. ആറുമാസത്തെ കാലയളവിനുള്ളില്‍ നിയമലംഘനം നടത്താത്തവര്‍ക്ക് 50 ശതമാനവും ഒന്‍പത് മാസം നിയമം പാലിച്ച് വാഹനമോടിച്ചാല്‍ 75 ശതമാനം ഇളവും ഒരു വര്‍ഷം നിയമമൊന്നും ലംഘിക്കാതിരുന്നാല്‍ ഫൈനുകള്‍ പൂര്‍ണമായും ഒഴിവാക്കി നല്‍കുകയും ചെയ്യും. 

ഫെബ്രുവരി ആറ് മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുന്നത്. അതായത് മേയ് ആറാം തീയ്യതി വരെ നിയമലംഘനങ്ങള്‍ നടത്താത്തവര്‍ക്കാണ് 25 ശതമാനം ഇളവ് ലഭിക്കുക. ഓഗസ്റ്റ് ആറ് വരെ നിയമം പാലിച്ച് വാഹനം ഓടിച്ചാല്‍ 50 ശതമാനം ഇളവ് കിട്ടും. നവംബര്‍ ആറ് വരെ ഇത് സാധിക്കുമെങ്കില്‍ പിഴകളില്‍ 75 ശതമാനവും ഒഴിവാക്കും. അടുത്ത വര്‍ഷം ഫെബ്രുവരി ആറ് വരെ നിയമലംഘനങ്ങളൊന്നും നടത്താത്തവര്‍ക്ക് പിഴകള്‍ പൂര്‍ണമായി ഒഴിവാക്കി നല്‍കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ട്രാഫിക്, സാലിക് ഫൈനുകള്‍ക്ക് ഇത് ബാധകമല്ല.

You might also like

Most Viewed