വാഹനങ്ങളുടെ എഞ്ചിനുകൾ ഓഫ് ചെയ്യാതെ നിർത്തിയിട്ടാൽ 300 ദിർഹം വരെ പിഴ


ദുബായ്: വാഹനങ്ങളുടെ എഞ്ചിനുകൾ ഓഫാക്കാതെ റോഡരികിൽ നിർത്തിയിട്ടാൽ 300 ദിർഹം വരെ പിഴ കിട്ടുമെന്ന് ദുബായ് പോലീസ് ഓർമിപ്പിച്ചു. ഗ്രോസറികളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിനോ എ.ടി.എം മെഷീനിൽ പോകുമ്പോഴോ റസ്റ്റോറന്റുകളിൽ നിന്ന് പാഴ്സൽ വാങ്ങുന്നതിനോ ആളുകൾ വാഹനങ്ങൾ താത്കാലികമായി നിർത്തിയിട്ട് ഇറങ്ങിപ്പോവുക പതിവാണ്. വേനൽക്കാലത്ത് പ്രത്യേകിച്ചും, വാഹനം ചൂടാകുന്നത് ഒഴിവാക്കാൻ എഞ്ചിൻ ഓൺ ചെയ്തിടുക പതിവാണ്. ഇത്തരത്തിൽ കാർ ഓഫ്ചെയ്യാതെ പുറത്തിറങ്ങുമ്പോൾ മോഷണം നടത്താൻ എളുപ്പമാണ്.
പോലീസ് നടത്തിയ പഠനത്തിൽ എമിറേറ്റിൽ ഏറ്റവും അധികം വാഹനമോഷണങ്ങളും നടന്നത് എഞ്ചിൻ ഓൺ ചെയ്തിട്ടിരുന്ന സന്ദർഭങ്ങളിലാണ്. എഞ്ചിൻ ഓഫ് ചെയ്ത് വാഹനം ലോക്കുചെയ്തുവേണം വാഹനമോടിക്കുന്നവർ പുറത്തേക്കിറങ്ങാൻ. വൈകുന്നേരങ്ങളിൽ കൂടുതൽ ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിൽ വാഹനങ്ങൾ നിർത്തിയിടരുത്. ആളൊഴിഞ്ഞ ഉൾപ്രദേശങ്ങളിലോ മണൽ പ്രദേശങ്ങളിലോ ദീർഘനേരം വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കണം. സി.സി.ടി.വി ക്യാമറകളാൽ നിരീക്ഷണത്തിലുള്ള വെളിച്ചമുള്ള സുരക്ഷിതമായ പാർക്കിങ് സ്ഥലങ്ങളിൽ വേണം കാറുകൾ നിർത്തിയിടാൻ. മാത്രമല്ല, വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ മറ്റുള്ളവർക്ക് കാണുന്ന തരത്തിൽ പ്രദർശിപ്പിക്കരുതെന്നും ദുബായ് പോലീസ് നിർദ്ദേശിക്കുന്നു.

You might also like

Most Viewed