നീതുവിനെ അബുദാബിയിൽ നിന്ന് സർക്കാർ നാട്ടിലെത്തിക്കും, തുടർചികിത്സ ഉറപ്പാക്കും


അബുദാബി: അപൂർ‍വരോഗം പിടിപ്പെട്ട് ആറുമാസത്തിലേറെയായി അബുദാബിയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ‍ ചികിത്സയിൽ‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി നീതുവിനെ സർ‍ക്കാർ‍ നാട്ടിലെത്തിക്കും. സർ‍ക്കാർ‍ സഹായത്തിൽ‍ തുടർ‍ചികിത്സ നൽ‍കുമെന്നും മന്ത്രി ഇ.പി ജയരാജൻ ഉറപ്പ് നൽ‍കി.

അപൂർവ്വരോഗം പിടിപ്പെട്ട മകളെ നാട്ടിലെത്തിക്കാൻ സഹായം തേടുന്ന ശുചീകരണ തൊഴിലാളിയായ ബിന്ദുവിന്‍റെ ദുരവസ്ഥ അറിഞ്ഞ് ഗൾ‍ഫ് സന്ദർ‍ശനത്തിനെത്തിയ സ്പീക്കർ‍ പി. ശ്രീരാമകൃഷ്ണനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ആശുപത്രിയിലെത്തി നീതുവിനെ സന്ദർശിച്ചു. നോർ‍ക്കയുടെ സഹായത്തോടെ അടുത്ത ദിവസം തന്നെ നീതുവിനെ നാട്ടിലെത്തിക്കുമെന്ന് സ്പീക്കർ‍ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സർ‍ക്കാർ‍ സഹായത്തോടെ തിരുവനന്തപുരം ശ്രീചിത്രയിൽ‍ തുടർ‍ ചികിത്സ നൽ‍കുമെന്ന് മന്ത്രി ഇ.പി ജയരാജനും നീതുവിന്‍റെ കുടുംബത്തിന് ഉറപ്പ് നൽ‍കിയിട്ടുണ്ട്. ഭർ‍ത്താവ് ഉപേക്ഷിച്ച ബിന്ദു 12 വർ‍ഷമായി യു.എ.ഇയിൽ‍ തൂപ്പ് ജോലിയെടുത്താണ് മക്കളെ പഠിപ്പിച്ചത്. ഇളയമകളെ വിവാഹം കഴിപ്പിച്ച് രണ്ടുമാസം തികയും മുന്പാണ് നീതുവിന് അപൂർ‍വരോഗം ബാധിച്ചത്.

സന്ദർ‍ശകവിസയിൽ‍ ഭർ‍ത്താവിനൊപ്പം അമ്മയെ കാണാൻ അബുദാബിയിലെത്തിയതായിരുന്നു നീതു. ഇവിടെവച്ചാണ് നീതുവിന് ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസ് എന്ന അപൂർ‍വ്വരോഗം പിടിപ്പെട്ടത്. പനിയുടെയും ഛർദ്ദിയുടെയും രൂപത്തിലായിരുന്നു തുടക്കം. പിന്നീടത് നിർ‍ത്താതെയുള്ള അപസ്മാരമായി. തുടർ‍ന്ന് നീതുവിനെ ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ‍ പ്രവേശിപ്പിച്ചു. ആറുമാസത്തോളമായി ആശുപത്രി കിടക്കയിലാണ് നീതു. അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ അവസ്ഥയിലാണ് ഇപ്പോൾ‍. ചിലപ്പോഴെങ്കിലും നേരിയ ബോധം തിരിച്ചുകിട്ടുമെങ്കിലും ആൾ‍ക്കാരെ മനസ്സിലാവില്ല. സന്ദർ‍ശക വിസയിലെത്തിയ നീതുവിന് ഈ മാസം 26വരെയേ യു.എ.ഇയിൽ ചികിത്സയിൽ തുടരാൻ അനുമതിയുള്ളൂ. മകളുടെ തുടർ‍ചികിത്സയ്ക്ക് തുക കണ്ടെത്താനാവതെ വിഷമിച്ച ബിന്ദുവിന് വലിയ ആശ്വാസമാണിപ്പോൾ. 

You might also like

Most Viewed