ദുബായില്‍ വാഹനാപകടം; എട്ട് പ്രവാസികൾ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്


ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ എട്ട്  പ്രവാസികൾ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ പുലര്‍ച്ചെ 4.54നായിരുന്നു അപകടം. ദുബായ് - ഷാര്‍ജ റോഡില്‍ മിര്‍ദിഫ് സിറ്റി സെന്റര്‍ എക്സിറ്റിന് സമീപത്തുവെച്ച് മിനിബസ്, ഹെവി ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്നും ഇതിലേക്കാണ് 14 സീറ്റുകളുള്ള മിനിബസ് ഇടിച്ചുകയറിയതെന്നും ദുബായ് പോലീസ് അറിയിച്ചു. മിനി ബസ് ഡ്രൈവറും ഏഴ് യാത്രക്കാരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രണ്ട് യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റു. നാല് പേരുടെ പരിക്ക് സാരമുള്ളതല്ല.  മരിച്ചവരെല്ലാം പ്രവാസികളാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വാഹനം ഓടിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

You might also like

Most Viewed