ദുബായിൽ കേരള അസോസിയേഷൻ രൂപീകരിക്കാൻ തത്വത്തിൽ അംഗീകാരമായി


ദുബായ്‌: ദുബായിൽ കേരള അസോസിയേഷൻ രൂപീകരിക്കാൻ തത്വത്തിൽ അംഗീകാരം. ദുബായ് കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സിഡിഎ) ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൽ കരീം ജുൽഫാറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. സിഡിഎ ഓഫിസിൽ എത്തിയ മുഖ്യമന്ത്രിയെയും പ്രതിനിധി സംഘത്തെയും ഡയറക്ടർ ജനറലും ഉന്നത ഉദ്യോഗസ്ഥരും സ്വീകരിച്ചു.

ദുബായിലെ മലയാളി സമൂഹത്തിനായി ലൈസൻസുള്ള അസോസിയേഷന് അനുമതി നേടുകയെന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. തുടർ നടപടികൾക്ക് സർക്കാർ തലത്തിൽ ഉടൻ ചർച്ചകൾ നടക്കും. യുഎഇ സർക്കാരിന്റെ എല്ലാ സംരംഭങ്ങൾക്കും കേരള അസോസിയേഷന്റെ പിന്തുണയുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള സർക്കാർ രൂപീകരിക്കുന്ന സമിതിയുടെ മേൽനോട്ടത്തിലാകും  അസോസിയേഷന്റെ പ്രവർത്തനം. ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പ്രോത്സാഹനത്തിനും സൗഹാർദപരവും സമാധാനപരവുമായ സാഹചര്യങ്ങൾ നൽകിയതിനും ദുബായ് സർക്കാരിനും സിഡിഎയ്ക്കും നന്ദി പറഞ്ഞു. ജുൽഫാറിന് ഉപഹാരമായി മുഖ്യമന്ത്രി ആറന്മുള കണ്ണാടി സമ്മാനിച്ചു. സി‌ഡി‌എ റെഗുലേറ്ററി ആൻഡ് ലൈസൻസിങ് സി‌ഇ‌ഒ: ഡോ. ഉമർ അൽ മുത്തന്ന, കോൺസൽ ജനറൽ വിപുൽ, നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ എന്നിവരും പങ്കെടുത്തു.
 
ഉമ്മുൽഖുവൈൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി. മുഖ്യമന്ത്രിയെയും സംഘത്തെയും ഷെയ്ഖ് സൗദും കിരീടാവകാശി ഷെയ്ഖ് റാഷിദും ചേർന്നു സ്വീകരിച്ചു. ഷെയ്ഖ് സൗദിന് മുഖ്യമന്ത്രി ആറന്മുള കണ്ണാടി സമ്മാനിച്ചു മുഖ്യമന്ത്രിക്കും സംഘത്തിനും ഷെയ്ഖ് സൗദ് ഉച്ചവിരുന്നൊരുക്കി. കേരളം സന്ദർശിക്കാൻ ഉമ്മൽഖുവൈൻ ഭരണാധികാരിയെ മുഖ്യമന്ത്രി ക്ഷണിച്ചു. യുഎഇയിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായിരുന്നു മുഖ്യമന്ത്രിയുടെ ഉമ്മുൽ ഖുവൈൻ യാത്ര. ആദ്യ തവണ ഷാർജയിലും കഴിഞ്ഞതവണ ഫുജൈറയിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.സാമൂഹിക-മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും അസോസിയേഷനിൽ തുല്യ പ്രാതിനിധ്യം ഉണ്ടാകണം. മലയാളികൾ ചെയ്യുന്ന സാമൂഹിക സേവനങ്ങൾ വളരെ വലുതാണ്- അഹമ്മദ് അബ്ദുൾ കരീം ജുൽഫാർ സിഡിഎ ഡയറക്ടർ ജനറൽ.

You might also like

Most Viewed