അടുത്ത മാസം മുതൽ ദുബായ് വിമാനത്താവളത്തിൽ പ്ലാസ്റ്റിക് സ്ട്രോ ഇല്ല


ദുബായ്: അടുത്ത മാസം മുതൽ  ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിൽ പ്ലാസ്റ്റിക് സ്ട്രോ ഇല്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു ജനുവരി ഒന്നു മുതൽ പൂർണ നിരോധനം. പ്ലാസ്റ്റിക് കൊണ്ടു നിർമ്മിച്ച സ്പൂൺ, കത്തി, മുള്ള്, കുപ്പി, പാനീയങ്ങൾ കുടിക്കാനുള്ള സ്ട്രോ, കവറുകൾ, ഭക്ഷണം കൊണ്ടുപോകുന്ന ട്രേകൾ എന്നിവയ്ക്കും ഇതു ബാധകമാണ്. പകരം മറ്റ് സംവിധാനമൊരുക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിലും ജൂണിൽ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. പ്രതിവർഷം ഒന്പത് കോടി യാത്രക്കാർ ഇവിടെയെത്തുന്നതായാണു കണക്ക്. ആറ് മാസത്തിനിടെ വിമാനത്താവളത്തിൽ നിന്നു ശേഖരിച്ചത് 16 ടൺ പ്ളാസ്റ്റിക്കാണ്. വിമാനത്താവളത്തിൽ ഏറ്റവുമധികം പ്ളാസ്റ്റിക് മാലിന്യമുണ്ടാക്കുന്നത് സ്ട്രോകളാണ്. ഒരു ദിവസം ഒന്നരലക്ഷത്തോളെ സ്ട്രോകൾ ഉപേക്ഷിക്കുന്നതായാണ് കണക്ക്. പദ്ധതിയുമായി സഹകരിക്കാൻ മക്ഡൊണാൾഡ്സ്, കോസ്റ്റ കോഫി, സ്റ്റാർബക്സ് തുടങ്ങിയ ബ്രാൻഡുകൾ നേരത്തേതന്നെ സന്നദ്ധത അറിയിച്ചിരുന്നതായി എയർപോർട് വൃത്തങ്ങൾ അറിയിച്ചു. പകരം പുനരുപയോഗിക്കാവുന്ന സ്മാർട് കപ്പുകളും മറ്റും ഉപയോഗിക്കും.

You might also like

Most Viewed