കൊറോണ വൈറസ്ബാധ കണ്ടെത്താൻ യു.എ.ഇ.യിലെ വിമാനത്താവളങ്ങളിൽ തെർമൽ സ്‌ക്രീനിങ്


ദുബായ്: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യു.എ.ഇ.യിലെ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കും. വിമാനത്താവളം അധികൃതർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിൽനിന്ന് നേരിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരെ കൊറോണ വൈറസ് സ്‌ക്രീനിങ് നടത്തുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. 

ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് എയർപോർട്ടിൽ തെർമൽ സ്‌ക്രീനിങ് കർശനമാക്കുന്നത്. യു.എ.ഇ. സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച നിർദേശം പൂർണമായും പാലിക്കുന്നതായും വിമാനത്താവള അധികൃതർ അറിയിച്ചു. ചൈനയിൽ നിന്നെത്തുന്ന യാത്രക്കാരെ ദുബായ് ഹെൽത്ത് അതോറിറ്റിയും എയർപോർട്ട് മെഡിക്കൽ സെന്റർ സംഘവും ചേർന്ന് പ്രത്യേകമായി തയ്യാറാക്കിയ ഗേറ്റുകളിലായിരിക്കും സ്‌ക്രീനിങ് നടത്തുക. തെർമൽ സ്‌ക്രീനിങ്ങിന് ശേഷം ബോധവത്കരണത്തിന് ആവശ്യമായ ലഘുലേഖകൾ നൽകും.  

ചൈനയിലേക്ക് യാത്രയ്ക്ക തായ്യാറെടുത്തവർ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും അധികൃതർ പുറത്തുവിട്ടു. ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങളിൽനിന്ന് ഈ വൈറസ് പകരാം. പൂർണമായും പാകം ചെയ്യാത്ത ഇറച്ചികളിൽ നിന്നും വൈറസ് ബാധയുണ്ടാവാനുള്ള സാധ്യതയുണ്ട്.

ശ്വസനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കാണിക്കുന്നവരുമായി അടുത്ത ബന്ധം പുലർത്താതിരിക്കണം. സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം. വെള്ളമോ സോപ്പോ ലഭ്യമല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കണം. ജലദോഷം, തുമ്മൽ എന്നിവയുള്ളപ്പോൾ ടവ്വൽ ഉപയോഗിക്കണം. ഏതെങ്കിലും തരത്തിലുള്ള അസുഖലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • KIMS Bahrain Medical Center

Most Viewed