യു.എ.ഇയിൽ വേനൽക്കാലത്തും മഴ: പരീക്ഷണം അവസാനഘട്ടത്തിൽ


ദുബായ്: യു.എ.ഇയിൽ വേനൽക്കാലത്തും മഴ പെയ്യിക്കാനുള്ള കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാനഘട്ടത്തിലെത്തി. കൂടുതൽ രാസ സംയുക്തങ്ങൾ മഴമേഘങ്ങളിൽ വിതറി കൂടുതൽ മഴ ലഭിക്കാനും, മേഘങ്ങളെ മഴമേഘങ്ങളാക്കി മഴ പെയ്യിക്കാനുമുള്ള ഗവേഷണങ്ങളാണ് ഇപ്പോൾ അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഗവേഷണം പൂർത്തിയാകുന്നതോടെ ഇനി വേനൽക്കാലത്തും യു.എ.ഇയിൽ നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. 

പരമ്പരാഗത രാസപദാർത്ഥങ്ങളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മഴ ലഭ്യത കൂട്ടാനാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്നീഷ്യം, മറ്റ് രാസപദാർത്ഥങ്ങൾ എന്നിവയുടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാണ് വിതറുക. നിലവിലുള്ള ക്ലൗഡ് സീഡിംഗ് രീതി പരിഷ്കരിക്കാനും പദ്ധതിയുണ്ട്. വിമാനത്തിലെ സംഭരണിയിൽ ഉന്നതമർദ്ദത്തിൽ സൂക്ഷിക്കുന്ന രാസ മിശ്രിതങ്ങൾ മേഘങ്ങളിൽ വിതറിയാൽ ഇത് പാഴാകാനുള്ള സാധ്യത കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്. 

ശാസ്ത്രസംഘം ഇതിനിടെ മഴമേഘങ്ങളെക്കുറിച്ച് പഠിക്കാനായി 12 വ്യോമദൗത്യം നടത്തിക്കഴിഞ്ഞു. ഗവേഷണങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ ആശാവഹമാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ റൊളോഫ് ബ്രൂൺജസ് പറഞ്ഞു. യു.എ.ഇയിൽ നവംബർ മുതൽ ഏപ്രിൽ വരെയാണ് മഴക്കാലം. മേയ് മുതൽ സെപ്റ്റംബർ വരെ ചില മേഖലകളിൽ നേരിയതോതിൽ മഴ ലഭിക്കാറുണ്ട്. ഈ സമയം പരമാവധി ഉപയോഗപ്പെടുത്തിയാണ് ഗവേഷണം പുരോഗമിക്കുന്നത്. സാധാരണ മഴമേഘങ്ങളിൽ നിന്നും 40 മുതൽ 50 ശതമാനം വരെ മഴ ലഭിക്കാറുണ്ട്. ക്ലൗഡ് സീഡിങ്ങിലൂടെ ഇത് 15 മുതൽ 30 ശതമാനം വരെ വർദ്ധിപ്പിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

You might also like

Most Viewed