സന്ദർശകരുടെ എണ്ണത്തിൽ റെക്കോഡിട്ട് അബുദാബി


അബുദാബി: സന്ദർശകരുടെ എണ്ണത്തിൽ റെക്കോഡിട്ട് അബുദാബി. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള 11.35 ദശലക്ഷം ആളുകളാണ് അബുദാബിയിൽ കഴിഞ്ഞ വർഷമെത്തിയത്. മുൻവർഷത്തേക്കാൾ 10.5 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നുള്ളവരാണ് ഇവരിൽ ഏറിയ പങ്കും. ചൈന, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇന്ത്യക്കാർക്ക് തൊട്ടുപിറകിൽ. അബുദാബിയിൽ ഒരു ദിവസത്തേക്ക് എത്തിയവരടക്കമുള്ളവരുടെ പട്ടികയാണിത്. അബുദാബി വിനോദസഞ്ചാര സാംസ്കാരിക വകുപ്പിന്റെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളാണ് കൂടുതൽപ്പേരെ ഇവിടേക്ക് ആകർഷിച്ചതെന്ന് ആക്ടിംഗ് അണ്ടർസെക്രട്ടറി സൗദ് അൽ ഹൊസാനി പറഞ്ഞു. സാദിയാത്, യാസ് എന്നിവിടങ്ങളിലെ മിക്ക ഹോട്ടലുകളിലും സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കലാസാംസ്കാരിക പരിപാടികൾ, ഫോർമുല വൺ അടക്കമുള്ള വലിയ വിനോദപരിപാടികളും സന്ദർശകരെ ആകർഷിക്കുന്നവയായിരുന്നു. എണ്ണയിതര വരുമാന മേഖലകളിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി വിനോദസഞ്ചാരരംഗത്ത് അബുദാബി നടത്തിയ പരീക്ഷണങ്ങൾ വലിയ വിജയമാണെന്ന് അടയാളപ്പെടുത്തുന്നതാണ് സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർദ്ധന.

You might also like

Most Viewed