കോറോണ; യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ച് ബഹ്റൈന്‍


ദുബായ്: കോറോണ വൈറസ് ആശങ്കയെതുടർന്ന് യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങൾ ബഹ്റൈൻ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഷാർജ വിമാനത്താവളത്തിൽ നിന്നുമുള്ള വിമാനങ്ങളാണ് ചൊവ്വാഴ്ച നിർത്തിവെച്ചത്. വൈറസ് പടരാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് (സി.എ.എ) ട്വിറ്ററിൽ കുറിച്ചു. കോറോണ വൈറസ് ലക്ഷണങ്ങളുള്ളവർ എത്രയും വേഗം ആവശ്യമായ ചികിത്സ തേടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

അതേസമയം, ഇറാനിൽ  ഭീതിവിതച്ച് കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ഗൾഫ് രാജ്യങ്ങൾ ശക്തമാക്കി. വിമാനത്താവളങ്ങളിലെ പരിശോധനാ നടപടികൾ കൂടുതൽ കർശനമാക്കും. ഇറാനുമായുള്ള അതിർത്തി അടച്ചിടാൻ പാകിസ്താനും തുർക്കിയും തീരുമാനിച്ചു. തങ്ങളുടെ പൗരൻമാരെ ഇറാനിൽ നിന്ന് തിരിച്ചെത്തിക്കാനുള്ള നടപടികളും ഊർജിതമാണ്. ഇറാനിൽ 50 പേർ വൈറസ് ബാധയേറ്റ് മരിച്ചെന്നാണ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറാനിലാണ്. എന്നാൽ 12 പേർ മാത്രമാണ് മരിച്ചതെന്ന് മന്ത്രാലയം ഇറാൻ ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. അതിനിടെ ഇറാനിലേക്കുള്ള വിമാനസർവീസുകൾ ഒമാൻ നിർത്തിവെച്ചു. തിങ്കളാഴ്ച ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഇറാഖ് എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

യു.എ.ഇയിൽ എത്തിയ ഇറാൻ ദമ്പതികൾക്കും കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇറാൻ സ്വദേശി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗികളുമായി അടുത്ത് സമ്പർക്കം പുലർത്തിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനകം യു.എ.ഇയിൽ 13 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. മൻകരുതലിന്റെ ഭാഗമായി രോഗികളുമായി ബന്ധപ്പെട്ട എല്ലാവരെയും പരിശോധനാ വിധേയമാക്കിവരികയാണ്.

You might also like

Most Viewed