ഗൾഫ് മേഖലയിൽ 110 പേർക്ക് കൊറോണാ: ഇറാനില്‍ മരണം 16 ആയി; ഇറ്റലി 11 പേർ‍ മരിച്ചു, രോഗബാധിതര്‍ 300 പേര്‍


ദുബായ്: ചൈനയ്ക്ക് പിന്നാലെ ലോകത്തുടനീളമായി കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഗൾഫ് മേഖലയിലുടനീളം 110 പേർക്ക് നിലവിൽ കോവിഡ്−19 ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗൾ‍ഫിൽ രോഗം പിടിപെടുന്ന സാഹചര്യത്തിന്റെ പ്രഭവകേന്ദ്രം ഇറാനാണെന്നും ഇവിടെ 50 പേരോളം മരണമടഞ്ഞതായുമാണ് അനൗദ്യോഗിക കണക്കുകള്‍. ഇറാനില്‍ രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇവിടേയ്ക്കുള്ള വിമാന സർവ്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഗൾഫ് മേഖലയിലുള്ള രാജ്യങ്ങളും.

ഇറാനില്‍ ഇന്നലെ രണ്ടു പേര്‍ കൂടി മരണമടഞ്ഞു. ഇതുവരെ രോഗബാധിതര്‍ 96 ആണ്. ഇറാന്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 16 പേര്‍ ഇതുവരെ ഇവിടെ മരണമടഞ്ഞു. എന്നാല്‍ മരണനിരക്ക് ഇറാന്‍ കുറച്ചു കാണിക്കുന്നതാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബഹ്‌റൈനിൽ 17, യു.എ.ഇ.യിൽ 13, കുവൈത്തിൽ എട്ട്, ഒമാനിൽ നാല്, ഇറാഖിൽ നാല്, ഈജിപ്ത്, ലെബനൻ എന്നിവിടങ്ങളിൽ ഓരോരുത്തർവീതവുമാണ് വൈറസ് ബാധിതര്‍. വുഹാനില്‍ നിന്ന്‌ പ്രത്യേക വിമാനത്തിലെത്തിച്ച വിദ്യാര്‍ഥികളടക്കം സൗദിയില്‍ ആര്‍ക്കും കോവിഡ്‌ സ്‌ഥിരീകരിച്ചിട്ടില്ല.

പല ഗള്‍ഫ് രാജ്യങ്ങളും കരുതല്‍ നടപടികള്‍ എടുക്കുകയാണ്. ചൈനകഴിഞ്ഞാൽ കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ ജീവപായം സംഭവിച്ച രാജ്യമാണ് ഇറാൻ. ഇറാനിലേക്കുള്ള എല്ലാ വിമാനസർവീസും ചൊവ്വാഴ്ചമുതൽ ഒരാഴ്ചത്തേക്ക് യു.എ.ഇ. നിർത്തിവെച്ചു. ദുബായിൽനിന്നും ഷാർജയിൽ നിന്നുമുള്ള വിമാനങ്ങൾ ചൊവ്വാഴ്ച മുതൽ 48 മണിക്കൂർനേരത്തേക്ക് ബഹ്‌റൈൻ നിർത്തിവെച്ചിരുന്നു. കോവിഡ്‌−19 ലോക സമ്പദ്‌വ്യവസ്‌ഥയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കു തടയിടുന്ന നയങ്ങള്‍ കൈക്കൊള്ളാന്‍ സൗദിയിലെ റിയാദില്‍ ജി−20 രാജ്യങ്ങുടെ സമ്മേളനം തീരുമാനിച്ചു.

വൈറസ്‌ വ്യാപനം സൃഷ്‌ടിക്കുന്ന ഭീഷണികള്‍ നിരീക്ഷിക്കാനും പ്രത്യാഘാതങ്ങള്‍ക്കു തടയിടാനും അനുയോജ്യമായ നയങ്ങള്‍ സ്വീകരിക്കുന്നതിന്‌ ജി−20 ധനമന്ത്രിമാര്‍ ധാരണയിലെത്തിയതായി സൗദി ധനമന്ത്രി മുഹമ്മദ്‌ അല്‍ജദ്‌ആന്‍ പറഞ്ഞു.

അനേകം യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറ്റലിയാണ് യൂറോപ്പില്‍ കൊറോണയുടെ പ്രഭവകേന്ദ്രം. നിലവില്‍ സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലെല്ലാം രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ നിന്നും മടങ്ങിയവരിലാണ് ഇവിടെയെല്ലാം വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രസീലിലാണ് ലാറ്റിനമേരിക്കയില്‍ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നും എത്തിയ ആളാണ് ഈ ബ്രസീലുകാരന്‍.

ഇറ്റലിയില്‍ ഇതുവരെ 11 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഇവിടെ രോഗം സ്ഥിരീകരിച്ച കേസുകള്‍ 300 ന് മുകളിലായി. രോഗം പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയുമായുള്ള അതിര്‍ത്തി അടയ്ക്കാനും ആലോചനയുണ്ട്.

അയല്‍രാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. ഓസ്ട്രിയയില്‍ ഇറ്റലിയില്‍ നിന്നും എത്തിയ ഒരു യുവ ദമ്പതികള്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ ജോലി ചെയ്തിരുന്ന ഹോട്ടലും ഇപ്പോള്‍ അടച്ചിരിക്കുകയാണ്. ഇറ്റലിയുമായി അതിര്‍ത്തി പങ്കിടുന്ന ടിസിനോയില്‍ താമസിക്കുന്ന ഒരു കൗമാരക്കാരനാണ് സ്വിറ്റ്‌സര്‍ലന്റില്‍ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിലെ മിലാനില്‍ നിന്നുമാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നത് ഇപ്പോള്‍ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

ഇറ്റലിയില്‍ നിന്നും ബാല്‍ക്കണിലേക്ക് മടങ്ങിവന്നയാള്‍ക്കാണ് ക്രൊയേഷ്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ഇറ്റാലിയന്‍ ഡോക്ടര്‍ക്കും അയാളുടെ ഭാര്യയ്ക്കും രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌പെയിനിലെ ടെനെരിഫില്‍ ഇവര്‍ താമസിച്ച ഹോട്ടലിലെ 1000 പേരെയാണ് നിരീക്ഷണത്തില്‍ വെച്ചിരിക്കുന്നത്. വടക്കന്‍ ഇറ്റലിയില്‍ നിന്നും ബാഴ്‌സിലോണയിലേക്ക് വന്ന യുവതിയിലാണ് സപെയിനില്‍ ആദ്യം വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. വടക്കന്‍ ഇറ്റലിയില്‍ നിന്നും മടങ്ങിയവരിലാണ് ഫ്രാന്‍സിലും ജര്‍മ്മനിയിലും രോഗബാധിതര്‍.

You might also like

Most Viewed