3500 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത് ദുബായ് പോലീസ്


ദുബായ്: ഏകദേശം 3500 കോടിയിലേറെ രൂപ വിലവരുന്ന (1.8 ബില്യൺ ദിർഹം) ലഹരിമരുന്ന് പിടികൂടി ദുബായ് പോലീസ്. വൈദ്യുതി കേബിളിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ ലഹരിമരുന്നാണ് ദുബായ് പോലീസ് പിടികൂടിയത്. സംഭവത്തിൽ നാലുപേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഷാർജയിലുള്ള ഒരു 70 വയസ്സുകാരനായിരുന്നു ലഹരിക്കടത്ത് സംഘത്തിന്റെ തലവൻ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ദുബായ് പോലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചു. 

പ്യൂലെ എന്ന പോലീസ് നായയുടെ സഹായത്തോടെയായിരുന്നു ദുബായ് പോലീസിന്റെ ലഹരിവേട്ട. അതിനാൽ ഓപ്പറേഷൻ പ്യൂലെ 2 എന്നായിരുന്നു ലഹരിവേട്ടയ്ക്ക് നൽകിയ പേര്. പത്തുദിവസത്തിനുള്ളിൽ ഏകദേശം ഇരുന്നൂറിലേറെ കണ്ടയ്നറുകളാണ് പ്യൂലെയുടെ സഹായത്തോടെ പരിശോധിച്ചത്. ഇതിനിടെ സിറിയയിൽ നിന്നെത്തിയ ചില കണ്ടയ്നറുകളിൽ ലഹരിമരുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനുള്ളിൽനിന്നാണ് ഒളിപ്പിച്ചനിലയിലായിരുന്ന 5.6 ടൺ ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തത്. അജ്മാനിലേക്കും ഷാർജയിലേക്കും കൊണ്ടുപോവുകയായിരുന്ന കണ്ടയ്നറുകൾ പോലീസ് സംഘം പിടിച്ചെടുക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് ദുബായ് പോലീസ് ലഹരിക്കടത്ത് സംഘത്തെ കുരുക്കിയത്.

You might also like

Most Viewed