യുഎഇയിൽ പ്രവേശന വിലക്ക് രണ്ടാഴ്ച കൂടി


ദുബൈ: യുഎഇയിൽ താമസ വിസയുള്ളവർക്ക് രാജ്യത്തു പ്രവേശിക്കാൻ ഏർപ്പെടുത്തിയ വിലക്ക് 2 ആഴ്ചത്തേക്കു കൂടി നീട്ടി. സാഹചര്യങ്ങൾ വിലയിരുത്തിയാകും തുടർന്നുള്ള തീരുമാനം. വിവിധ ആവശ്യങ്ങൾക്ക് രാജ്യത്തിനു പുറത്തുള്ളവർ 'തവാജുദി' പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയം അറിയിച്ചു. സ്മാർട് ആപ്പിലും ഇതു ലഭ്യമാണ്.

അവധിക്കും മറ്റും നാട്ടിലേക്കു പോയ പലർക്കും മടങ്ങിവരാനാവാത്ത സാഹചര്യമാണ്. തവാജുദിയിൽ റജിസ്റ്റർ ചെയ്താൽ ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കും. അതതു രാജ്യങ്ങളിലെ യുഎഇ കാര്യാലയങ്ങളിൽ നിന്നും സഹായം ലഭിക്കും. തവാജുദിയിൽ ഇതിന്റെ പൂർണ വിവരങ്ങളുണ്ട്. ടോൾ ഫ്രീ നമ്പർ: 800-44444. വിമാന സർവീസുകൾ നിർത്തിയതിനാൽ അടിയന്തര സാഹചര്യങ്ങളിൽ പോലും നാട്ടിൽ പോകാനാകാത്തവർ ഏറെയാണ്.


കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രവാസികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കേന്ദ്രസർക്കാർ തുറന്നു. കുടുംബാംഗങ്ങളോ ബന്ധുക്കളോ രോഗബാധിതരായാൽ പ്രവാസികൾക്കു സഹായം തേടാം. സംശയങ്ങളും പരിഹരിക്കാം. ഇ മെയിൽ: covid19@mea.gov.in. ഗൾഫ് മേഖലയിൽ നിന്നുള്ള അന്വേഷണങ്ങൾക്കു മറുപടി നൽകാൻ ജോയിന്റ് സെക്രട്ടറി ഡോ. ടി.വി.നാഗേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രവർത്തിക്കുന്നത്.

You might also like

Most Viewed