രക്ഷാനടപടി ഉണ്ടായില്ലെങ്കിൽ വ്യോമമേഖലയിലെ ലക്ഷങ്ങൾക്ക് ജോലി നഷ്ടപ്പെടും


ദുബായ്: മധ്യപൂർവദേശത്ത് വിമാനക്കമ്പനികൾക്ക് ഈ വർഷം 1900 കോടി ഡോളറിന്റെ വരുമാന നഷ്ടമുണ്ടാകുമെന്ന് അയാട്ട(ഇന്റർനാഷനൽ എയർ ട്രാൻസ്പോർട് ആസോസിയേഷൻ) റിപ്പോർട്ട്. കോവിഡ് -19 പ്രതിസന്ധി മൂലമാണിത്. യു.എ.ഇയിൽ മാത്രം 536 കോടി ഡോളറിന്റെ നഷ്ടമാണു കണക്കാക്കുന്നത്. 8 ലക്ഷം പേർക്ക് ജോലി നൽകുന്ന വ്യോമഗതാഗത മേഖല രാജ്യത്തെ ആഭ്യന്തര മൊത്ത വരുമാനത്തിന്റെ 13.3 ശതമാനവും സംഭാവന ചെയ്യുന്നു-4740 കോടി ഡോളർ. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം രണ്ടുകോടി 38 ലക്ഷം യാത്രക്കാരുടെ കുറവാണുണ്ടായത്.

രണ്ടേമുക്കാൽ ലക്ഷത്തിലധികം (287863) പേർക്ക് ജോലി നഷ്ട‌പ്പെട്ടേക്കാം. വരുമാന നഷ്ടം 1770 കോടി ഡോളറിന്റെയും. 2037 ൽ മേഖല  170 % വളർച്ച കൈവരിക്കുമെന്നാണ് അയാട്ട കണക്കാക്കിയിരുന്നത്. 140 ലക്ഷം പേർക്ക് ജോലിയും 12800 കോടി ഡോളറിന്റെ വരുമാനവും രാജ്യത്തിന് സംഭാവന ചെയ്യുമെന്നും വിലയിരുത്തിയിരുന്നു. ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ലൈദുബായ് എന്നിവ പുനരുജ്ജീവനത്തിന് ശക്തമായ നടപടികളാണ് ആലോചിക്കുന്നത്. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതുൾപ്പടെയുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.

മേഖലയെ തകർച്ചയിൽ നിന്നു കരകയറ്റാൻ സർക്കാരുകൾ അടയിന്തര നടപടികൾ കൈക്കൊള്ളണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ആഫ്രിക്കയും മധ്യപൂർവ്വദേശവും ഉൾപ്പെടുന്ന മെന പ്രദേശത്ത് 86 ലക്ഷം പേർക്ക് തൊഴിലും ആഭ്യന്തര മൊത്ത വരുമാനത്തിൽ 18600 കോടി ഡോളറിന്റെ സംഭാവനയും വ്യോമമേഖല നൽകുന്നതായി മേന മേഖല അയാട്ട വൈസ് പ്രസിഡന്റ് മുഹമ്മദ് അൽ ബക്റി ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ ഒരാളുടെ ജോലി മറ്റ് 24 പേർക്കാണു തൊഴിൽ അവസരം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദിയിൽ വ്യോമഗതാഗത രംഗത്ത് രണ്ടുകോടി അറുപത്തേഴ് ലക്ഷം യാത്രക്കാരുടെ കുറവും 561 കോടി ഡോളറിന്റെ വരുമാന നഷ്ടവുമാണ് കണക്കാക്കുന്നത്. രണ്ടുലക്ഷത്തിലധികം (217570) പേർക്ക് തൊഴിൽ നഷ്ടപ്പെടാം. ഖത്തറിൽ 36 ലക്ഷം യാത്രക്കാരുടെയും 132 കോടി ഡോളറിന്റെ വരുമാനവും കുറയാം. അരലക്ഷത്തിലധികം(53640) പേരുടെ ജോലി നഷ്ടപ്പെടാം.

You might also like

Most Viewed