അബുദാബി വിമാനത്താവളത്തിൽ ഇനി പിസിആർ ഫലം 30 മിനുട്ടിനകം

അബുദാബി: 30 മിനുട്ടിനകം കോവിഡ് ഫലം ലഭിക്കുന്ന പിസിആർ ടെസ്റ്റ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നാളെ തുടങ്ങും. യാത്രക്കാരുടെ സ്രവമെടുത്ത് ടെർമിനൽ 3 യുടെ പുറത്തു സജ്ജമാക്കിയ അത്യാധുനിക ലാബിൽ എത്തിച്ചാണു പരിശോധന. കോവിഡ് പോസിറ്റീവ് ആകുന്നവരെ ഐസലേഷനിലേക്കോ ക്വാറന്റീനിലേക്കോ മാറ്റും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്കു മാത്രമാണു സൗകര്യം. സ്രവം എടുക്കുന്ന സമയത്തു യാത്രക്കാരനു നൽകുന്ന ബാർകോഡ് അനുസരിച്ച് ഫലം അറിയിക്കും. നടപടിക്രങ്ങൾക്ക് പരമാവധി 75–90 മിനുട്ട് മാത്രമേ എടുക്കൂവെന്നു എയർപോർട്ട് അധികൃതർ അറിയിച്ചു. നേരത്തെ യാത്രക്കാരന്റെ സ്രവം എടുത്ത് പുറത്തുള്ള ആശുപത്രികളിൽ എത്തിച്ചാണു പരിശോധിച്ചിരുന്നത്.
ഇതിനു 6 മണിക്കൂറിലേറെ എടുക്കുമായിരുന്നു. എന്നാൽ പുതിയ സംവിധാനം വരുന്നതോടെ കാത്തിരിപ്പു സമയം അര മണിക്കൂറായി കുറയും. 2 സ്വകാര്യ ലാബുകളുടെ സഹകരണത്തോടെയാണ് 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നത്.