Newsmill Media

വേ‍­‍ർ­പാ­ടി­ന്റെ­ വേ­ദനയിൽ കഴി­യു­ന്നവരോ­ട്...
11-Dec-2016


താൽക്കാലികമായ മനുഷ്യജീവിതം അവസാനിപ്പിച്ച് ഇഹലോകവാസം വെടിയുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കുറേ നാളത്തേക്കെങ്കിലും വേർപാടിന്റെ വേദനയിൽ കഴിയാറുണ്ട്. മരണം ഒഴിവാക്കാൻ സാധിക്കാത്ത ഒരു ജീവിതസത്യമാണെന്ന് അറിഞ്ഞിട്ടും പ്രിയപ്പെട്ടവരുടെ വേർപാട് ഹൃദയത്തെ കുത്തി മുറിക്കുന്ന അനുഭവങ്ങൾ എല്ലാവർക്കും ഉണ്ടാകാറുണ്ട്. തമിഴകത്തിനു മാത്രമല്ല ഭാരതത്തിന് മുഴുവൻ ഒരു ഉരുക്കു വനിതയായിരുന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണം ജനസഞ്ചയത്തെ ദുഃഖത്തിലാഴ്ത്തി. അവരോടുള്ള അദമ്യമായ സ്നേഹവും ബഹുമാനവും നെഞ്ചിലേന്തി ജീവൻ വെടിഞ്ഞവരും ചങ്ക് ഇടിച്ച തകർന്നവരും അനേകരാണ്. അണപൊട്ടി ഒഴുകിയ ദുഃഖക്കടലിലെ അലറുന്ന അലമാലകൾക്ക് സാക്ഷികളാണ് നാമെല്ലാം. ഇത്തരുണത്തിൽ വേർപാടിന്റെ വേദനയിൽ കഴിയുന്നവരോട് ഒരു ആശ്വാസ ഗാഥ ഉണർത്തിക്കുകയാണ് ഈ ലേഖനോദ്ദേശം.

മരണാസന്നരെ കൈയ്ക്ക് പിടിച്ച് അക്കരയ്ക്ക് കടത്തിവിട്ട് നാം തമ്മിൽ ഇനി പിന്നീട് കണ്ടുകൊള്ളാം എന്നു പറഞ്ഞു യാത്ര അയയ്ക്കുന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. ഒരുവന്റെ അറിവും ചിന്തയും യുക്തിയുമൊക്കെ പതറിപ്പോകുന്ന സന്ദർഭമാണ് വേ‍‍ർപാടിന്റെ സമയം. മനുഷ്യന്റെ ബുദ്ധിയിലടങ്ങിയ മനഃശാസ്ത്ര വിശകലനത്തിന് ഇവിടെ അത്ര പ്രസക്തിയൊന്നുമില്ല. പെട്ടെന്ന് മരണം സംഭവിക്കാതെ രോഗക്കിടക്കയിലായി പതുക്കെ ക്ഷയിച്ചു കൊണ്ടിരിക്കുന്നവരെ ആ സന്ദർഭങ്ങളിൽ മരണത്തെ നേരിടുന്നതിനായി ഒരുക്കാവുന്നതാണ്. എങ്കിലും ഇവിടെ ഒരു വലിയ ചോദ്യചിഹ്നമുണ്ട്. മരണം അടുത്തിരിക്കുന്ന വിവരം രോഗിയെ അറിയിക്കുന്നത് എങ്ങനെ; അത് ശരിയാണോ? അങ്ങനെയെങ്കിൽ അത് പെട്ടെന്ന് രോഗിയുടെ അവസ്ഥ കൂടുതൽ വഷളാകുന്നതിന് കാരണമാവുകയില്ലേ? എന്നാൽ മറിച്ചും ഒരു ചോദ്യമുണ്ട്. ഭേദമാകാത്ത രോഗമുള്ളവരും ഡോക്ടർമാർ മരണം ആസന്നമായിരിക്കുന്നു എന്ന് വിധിയെഴുതിയ രോഗികളുമായവരെ രോഗശാന്തിയെക്കുറിച്ച് തെറ്റായ പ്രതീക്ഷ നൽകി സാന്ത്വനപ്പെടുത്തുന്നതും ശരിയാണോ? ഒറ്റവാക്കിൽ ഇത്തരം കുഴഞ്ഞ ചോദ്യങ്ങൾക്ക് മറുപടി അസാധ്യമാണ്.

ഭേദമാകാത്ത അസുഖം ബാധിച്ച അച്ഛനിൽ നിന്ന് ആ കാര്യം സൗകര്യപൂർവ്വം ഒന്നരവർഷക്കാലം മറച്ചുവെച്ച ഒരു മകന്റെ അനുഭവം ശ്രദ്ധേയമാണ്. ഡോക്ടർ വിധിയെഴുതി; അച്ഛൻ ഇനി അധികനാൾ ജീവിച്ചിരിക്കുകയില്ല, അദ്ദേഹത്തിന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുത്തുകൊള്ളൂ. എന്നാൽ ആ മകൻ പിതാവ് മരിക്കുമെന്ന് പ്രത്യക്ഷമായി അദ്ദേഹത്തോട് പറഞ്ഞില്ല. സത്യം പൊതിഞ്ഞ് വെളിപ്പെടുത്തിയത് ഇങ്ങനെ: “നാം ഈ ഭൂമിയിൽ എത്ര നാൾ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് തലയ്ക്ക് മുകളിലുള്ള ഒരു ശക്തിയല്ലേ? ഒരു രോഗിയായി വളരെ നാൾ ജീവിച്ച് കഷ്ടപ്പെടണമെന്നാണ് ആ ശക്തിയുടെ താൽപര്യമെങ്കിൽ ജീവിതം അത്രനാൾ നീണ്ടുപോകും. ഏതായാലും വൈദ്യശാസ്ത്രത്തിന് പരിമിതികളുണ്ട്. ഈ രോഗത്തിന് പൂ‍‍ണ്ണസൗഖ്യം നൽകുന്ന മരുന്ന് വൈദ്യശാസ്ത്ര ദൃഷ്ടിയിലില്ല. എന്നാൽ ഇന്നുള്ള മരുന്നുകൊണ്ട് ആയുസ് കുറച്ചുകൂടെ നീട്ടിക്കൊണ്ട് പോകാൻ സാധിക്കും. ബാക്കിയൊക്കെ ഈശ്വരേച്ഛ പോലെ!” ഈ പ്രസ്താവനയ്ക്കു ശേഷം അച്ഛൻ ഒന്നരവർഷം കൂടെ ജീവിച്ചിരുന്നു. ഈ ഒന്നരവർഷം കൊണ്ട് തന്റെ അച്ഛൻ മരണഭയത്തെ സ്വയം ഇല്ലാതാക്കി. മരണമെന്ന നിത്യയാഥാർത്ഥ്യത്തെ നേരിടുവാനുള്ള ധൈര്യവും ശക്തിയും ക്രമേണ ആ പിതാവ് സംഭരിച്ചു. ഒടുവിൽ കാലയവനികയ്ക്കുള്ളിൽ പുഞ്ചിരിച്ചു കൊണ്ട് മറഞ്ഞു. 

ഇവിടെ തത്ത്വചിന്തകനായ പോൾ ടേർണിയറുടെ വാക്കുകൾ ഞാൻ കടമെടുക്കുന്നു. ‘Our mission is to help people live and die.’ മനുഷ്യർ ജീവിക്കാനും മരിക്കാനും അവരെ സഹായിക്കുക എന്നത് നമ്മുടെ ദൗത്യമാണ്. ബലഹീന മനസ്കർക്ക് മരണം എത്രമാത്രം ഭയാനകമായിരുന്നാലും അതിനെ നേരിടുവാനുള്ള ശക്തി സാഹചര്യങ്ങൾ അവർക്ക് നൽകുമെങ്കിൽ മരണത്തിന്റെ താഴ്വരയിലൂടെ സഞ്ചരിക്കുന്പോഴും ഭയചകിതരാകേണ്ടി വരില്ല.

കേരളത്തിലെ മുൻ യു.ഡി.എഫ് മന്ത്രിസഭയിലെ ഒരംഗമായിരുന്ന ശ്രീ. കെ.സി ജോസഫിന്റെ ഇളയസഹോദരൻ കെ.സി. വറുഗീസ് എന്റെ ആത്മസുഹൃത്തായിരുന്നു. കാൽ നൂറ്റാണ്ടു കാലം കൈകോർത്ത് സാമൂഹ്യപ്രവർത്തനങ്ങളിലേർപ്പെടുവാൻ ഞങ്ങൾക്ക് സാധിച്ചു. അത് സമീപരാജ്യമായ ഖത്തറിലായിരുന്നു. ഞാനന്ന് ഖത്തർ എയർവേസിന്റെ ട്രെയിനിംഗ് മാനേജരായി ജോലി ചെയ്യുന്ന കാലഘട്ടം. പൊടുന്നനവെ എന്റെ സ്നേഹിതനായ ഒരു ഡോക്ടർ എന്നെ വിളിച്ചു പറയുന്നു. ‘ജോൺ, കെ.സി വർഗീസിന് ക്യാൻസറാണ്. കൂടിയാൽ ആറു മാസം.’ എനിക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഞാൻ ഓഫീസിൽ നിന്നും ഓടിയിറങ്ങി വറുഗീസിന്റെ വീട്ടിലെത്തി. വിതുന്പുന്ന അധരങ്ങളോടെ, വിറയ്ക്കുന്ന കരങ്ങളോടെ വറുഗീസിനെ ഞാൻ പുണർന്നു. എന്റെ നനഞ്ഞ നയനങ്ങളിൽ ഉറ്റുനോക്കി പുഞ്ചിരിയോടെ വറുഗീസ് പറഞ്ഞു. ‘പ്രിയപ്പെട്ട പനയ്ക്കൽ, ഇപ്പോൾ നടന്നതിരിക്കട്ടെ, ഇനിയും എന്നെ ഇങ്ങനെ കാണാൻ വരരുത്. എന്നെ സന്ദർശിക്കാൻ വരുന്നുവെങ്കിൽ പഴയ പൊട്ടിച്ചിരിയോടെ, ഹാസ്യശകലങ്ങളോടെ, ഒരുമിച്ചിരുന്ന് സല്ലപിക്കാനായി മാത്രം വരിക.’ നോക്കൂ, വറുഗീസ് മരണമെന്ന് യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് കഴിഞ്ഞിരിക്കുന്നു. അതിനുശേഷമുള്ള നാളുകളിൽ അദ്ദേഹം ശേഷിച്ച ജീവിതം തന്നെ സമൂഹനന്മയ്ക്കു വേണ്ടി ഉഴിഞ്ഞുവച്ചു. എത്രയെത്ര ആവശ്യക്കാർക്ക് അത്താണിയായി തീർന്നു വറുഗീസ്. ബന്ധുക്കളില്ലാതെ ഖത്തറിൽ വച്ച് മരണപ്പെട്ട എത്ര മൃതദേഹങ്ങൾ നാട്ടിലേക്ക് ബന്ധുക്കൾക്ക് എത്തിച്ചുകൊടുക്കുന്നതിൽ അദ്ദേഹം വ്യാപൃതനായി. എളിയവനായ എനിക്കു ശേഷം അദ്ദേഹം ഒരു ഇന്ത്യക്കാരന് വിദേശത്ത് എത്തിപ്പെടാനായ ഏറ്റവും വലിയ സാമൂഹ്യപദവിയിൽ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്ററിൽ പ്രസിഡണ്ടായി എതിരില്ലാതെ എത്തപ്പെട്ടു. ശരീരത്തെ കാർന്നു തിന്നിരുന്ന ക്യാൻസറിനെ മനസിന്റെ പുഞ്ചിരി കൊണ്ട് നേരിട്ട വറുഗീസ് ആറു മാസമല്ല, പിന്നീട് ആറുവർഷക്കാലം മുടിചൂടാമന്നനായി ജീവിച്ച് കാലയവനികയ്ക്കുള്ളിൽ ഒരു പ്രാവിനെപ്പോലെ മറഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ പേരിൽ സാമൂഹ്യപ്രവർത്തനത്തിനായി ‘കെ.സി വറുഗീസ് ഫൗണ്ടേഷൻ’ എന്ന ഒരു പ്രസ്ഥാനം തന്നെ പ്രവർത്തിക്കുന്നുണ്ട്. വറുഗീസിന് ഈ വിപതിധൈര്യം പകർന്നു കൊടുത്തത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാമൂഹ്യപ്രവർത്തകരുമാണ്.

മരണപാതയിൽ സഞ്ചരിക്കുന്പോൾ രോഗിക്ക് വിവിധ ചിന്തകളുണ്ടാകാം. മരണാസന്നരായ ഏകദേശം 400 പേരെ സന്ദർശിച്ച് സംഭാഷണം നടത്തിയതിന്റെ വെളിച്ചത്തിൽ ഇ. കെ റോസ് എന്ന ചിന്തകൻ മരണത്തെ നേരിടുന്നവർ സാധാരണയായി കടന്നുപോകുന്ന ചില ഘട്ടങ്ങളെക്കുറിച്ച് തന്റെ ‘On Death and dying’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കാം.

1. നിഷേധം: മരിക്കാൻ പോകുന്നു എന്ന യാഥാർത്ഥ്യം പെട്ടെന്ന് ആരും അംഗീകരിക്കുകയില്ല. നിഷേധാത്മകമായ നിലപാടായിരിക്കും രോഗി ആദ്യം സ്വീകരിക്കുക. ആ നിലപാടിനോട് മറ്റുള്ളവർ പ്രതികരിക്കരുത്.

2. എല്ലാവരോടും വിദ്വേഷം: ചിലപ്പോൾ ബന്ധുക്കളോടും സുഹൃത്തുക്കളോടും ചികിത്സിക്കുന്നവരോടും ഈശ്വരനോടും വരെ കടുത്ത വിദ്വേഷം പ്രകടിപ്പിച്ചു എന്ന് വരാം. ഒന്നാമത്തെ നിഷേധാത്മക നിലപാടിനു ശേഷമുള്ള അവസ്ഥയാണിത്. അത് ഉൽക്കടമായ മാനസിക സംഘ‍ർഷത്തിൽ നിന്നും വേദനയിൽ നിന്നും ഉടലെടുത്തതാണെന്ന് കൂടെയുള്ളവർ മനസിലാക്കണം. ഒരു കാരണവശാലും അവരെ പഴിക്കാനോ, തള്ളിപ്പറയാനോ മുതിരരുത്.

3. വിലപേശൽ: വിദ്വേഷത്തിന് ശേഷമുള്ള അവസ്ഥയാണ് ഈ മൂന്നാമത്തെ അവസ്ഥ. ജീവനു വേണ്ടി വിലപേശാൻ തുടങ്ങിയെന്നിരിക്കും. മറ്റൊരു ഭേദപ്പെട്ട ഇടത്ത് ചികിത്സ ലഭിച്ചാൽ രക്ഷപ്പെടുമെന്നും വാദിക്കും. വീണ്ടുമൊരു ജീവിതം കിട്ടിയാൽ ഞാൻ ഇന്നവിധത്തിൽ ജീവിച്ചു കൊള്ളാം എന്ന് ജല്പനം ചെയ്തുകൊണ്ടുമിരിക്കും. ശ്രമിക്കാമെന്ന മറുപടിയോടെ സംയമനം പാലിക്കുകയാണ് കൂടെയുള്ളവർ ചെയ്യേണ്ടത്. കഴിയുമെങ്കിൽ അതിനായി ശ്രമിക്കാനും മറക്കരുത്.

4. നിരാശ: വിലപേശൽ കൊണ്ട് ഫലമില്ല എന്ന് ബോധ്യമായാൽ രോഗി കടുത്ത നിരാശയിലേക്ക് വഴുതിവീഴും, രോഗി മൗനിയായിത്തീരാനും സാധ്യതയുണ്ട്. ആ മൗനഭ‍ഞ്ജനത്തിനായി അതിക്രമിച്ച് കടക്കാതെ പ്രത്യാശയുടെ സന്ദേശം നൽകുന്ന പ്രാർത്ഥനാ മന്ത്രങ്ങൾ മറ്റ് ആത്മീയ ശുശ്രൂഷകൾ ഒക്കെയായിരിക്കും അപ്പോൾ നല്ലത്.

5. കണക്കു തീർക്കലും അവസാനത്തെ ആഗ്രഹപ്രകടനങ്ങളും: നിരാശയിൽ അധികനാൾ രോഗി കഴിഞ്ഞു എന്ന് വരികയില്ല. യാഥാർത്ഥ്യത്തെ പതുക്കെ അംഗീകരിക്കുവാൻ രോഗി തയ്യാറാകും. സ്വത്തു ഭാഗം വയ്ക്കൽ തുടങ്ങി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർക്കാനും അവസാന ആഗ്രഹങ്ങൾ പ്രകടിപ്പിക്കാനും അപ്പോൾ രോഗി ഒരുന്പെടും. ഈ സന്ദർഭത്തിലാണ് ബന്ധുമിത്രാദികൾ സന്ദർശനത്തിലൂടെ അവരുടെ സ്നേഹബഹുമാന പ്രകടനങ്ങൾ നടത്തേണ്ടത്.

6. യാഥാർത്ഥ്യം അംഗീകരിക്കൽ: ഈ അവസരത്തിൽ മാനസിക പശ്ചാത്തലം പ്രക്ഷുബ്ധതയിൽ നിന്ന് പ്രശാന്തതയിലേക്ക് നീങ്ങും. ജീമൂകവാഹകരെപ്പോലെ മരണത്തിന്റെ കുളന്പടി ശബ്ദം കേട്ടുകൊണ്ട് കിടക്കും. ചിലർ എപ്പോൾ മരിക്കുമെന്നുവരെ രോഗശയ്യയിൽ കിടന്ന് പ്രവചിക്കും.

ഒടുവിൽ മരണം ഒരു യാഥാർത്ഥ്യമായിത്തീരും. ശരീരത്തെ ഉപേക്ഷിച്ച് ആത്മാവും മനസും ലക്ഷ്യത്തിലെത്തി. ബന്ധുക്കൾ ശരീരം ദഹിപ്പിക്കുകയോ മറവു ചെയ്യുകയോ ചെയ്യും. മരണ വേർപാടിലുള്ള നീറ്റൽ ബന്ധുക്കളും മിത്രങ്ങളും അനുഭവിക്കുന്നത് അപ്പോഴാണ്.

മരണ വേർപാടിൽ ദുഃഖിക്കുന്നവ‍ർ മനഃശാസ്ത്രപരമായി രണ്ടു കാര്യങ്ങൾ ഗ്രഹിച്ചിരിക്കണം. ആവർത്തിച്ച് ദുഃഖം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ പാഴാക്കരുത് എന്നതാണ് ആദ്യത്തേത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും  കൂടെക്കൂടെ സമ്മേളിച്ച് വേർപാടിന്റെ ദുഃഖം പങ്കിടുന്ന അനുഭവമുണ്ടാകണം. മരിച്ച ആളിന്റെ ജീവിതമൂല്യങ്ങളെക്കുറിച്ചും അന്ത്യനാളിലെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ അങ്ങനെയുള്ള കൂടി വരവിൽ സംസാരിക്കുന്നതു കൊണ്ട് ദുഃഖം വർദ്ധിക്കുകയല്ല, കുറയുകയാണ് ചെയ്യുന്നത്. രണ്ടാമത്തേത് കൂട്ടായ്മയിലുള്ള ശക്തിയാണ്. മരിച്ച ആളിന്റെ അഭാവത്തിലുള്ള വിടവ് നികത്തുന്നത് അത്ര എളുപ്പമല്ലെങ്കിലും ജീവിച്ചിരിക്കുന്നവർ തമ്മിൽ പരസ്പരം സ്നേഹവും കൂട്ടായ്മയും പങ്കിടുന്നത് ആശ്വാസപ്രദമാണ്. മരിച്ച ആത്മാവിനു വരെ ഇത്തരം കൂട്ടായ്മ സ്വസ്ഥത നൽകുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതുവരെ ഇടഞ്ഞു കഴിഞ്ഞവർ വേർപാടിന്റെ ദുഃഖച്ഛായയിൽ ഒരുമിക്കുന്നത് കുടുംബ, സാമൂഹ്യ ഭദ്രതയ്ക്കും താങ്ങായിരിക്കും.

മരണ ദുഃഖത്തിന് ഏറ്റക്കുറച്ചിൽ ഉണ്ട്. തൊണ്ണൂറ് കഴിഞ്ഞ ഒരു അപ്പൂപ്പന്റെ മരണത്തിലുണ്ടാകുന്ന വേദനയുടെ ആഴം ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും താങ്ങും തണലുമായിരുന്ന നാല്പതുകളിലെ ഗൃഹനാഥന്റെ മരണത്തിലുണ്ടാകുന്ന വേദനയെക്കാൾ കുറവായിരിക്കും. വേ‍‍ർപെട്ട ആളിന്റെ സഹായവും സാന്നിദ്ധ്യവും സ്നേഹവും കരുതലും പ്രിയപ്പെട്ടവർക്ക് എത്രമാത്രം ആവശ്യമായിരുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വേർപാടിന്റെ ദുഃഖത്തിന്റെ ആഴം. ‘സാരമില്ല’ എന്ന അഭിപ്രായ പ്രകടനത്തിന് വേർപാടിൽ പ്രസക്തിയില്ല. തത്തുല്യമായ മറ്റ് വേർപാടുകളെക്കുറിച്ച് സംസാരിക്കുന്നതിലും വലിയ കഴന്പില്ല. സ്വന്തം മകന്റെ മരണദുഃഖം നീക്കാൻ മറ്റ് അനേകം പേരുടെ മരണ വാർത്തകൾക്ക് കഴിയുകയില്ല. മരണദുഃഖത്തിലിരിക്കുന്നവരുടെ ദുഃഖം അവർ അനുഭവിക്കുന്ന അളവിൽ തന്നെ മനസിലാക്കി അതിൽ പങ്കുചേരുവാൻ നമുക്ക് സാധിക്കണം. ദുഃഖപ്രകടനങ്ങളേയും കരച്ചിലിനേയും നിരുത്സാഹപ്പെടുത്തരുത്. തളംകെട്ടി നിൽക്കുന്ന വേദന അപകടകാരിയാണ്. വേർപാടിന്റെ ദുഃഖം അനുഭവിക്കുന്നവർ താഴെപ്പറയുന്ന പല ഘട്ടങ്ങളെ തരണം ചെയ്യുന്നവരാണ്.

1. ആഘാതം: പെട്ടെന്നുണ്ടാകുന്ന ആഘാതത്തിൽ തുറിച്ചു നോക്കുകയല്ലാതെ വൈകാരിക അനുഭവമൊന്നും ഉണ്ടാവുകയില്ല പ്രഥമദൃഷ്ട്യാ.

2. നിഷേധം: ‘എന്റെ പപ്പാ മരിച്ചിട്ടില്ല, വെറുതെ ഓരോരുത്തർ പറയുകയാണ്’ ഉപബോധമനസ് ആ സത്യത്തെ നിഷേധിക്കുന്നു. 

3. വൈകാരിക പ്രതികരണങ്ങൾ: യാഥാർത്ഥ്യത്തെ നിഷേധിച്ചു കഴിഞ്ഞാൽ പിന്നീട് വേദനയുടെ പാരമ്യതയാണ്. അപ്പോൾ വാവിട്ടുള്ള നിലവിളി, ദേഷ്യം, മറ്റുള്ള വൈകാരികമായ പ്രക്ഷുബ്ധാവസ്ഥകൾ ഇവകൾ സ്വാഭാവികമായി ഉണ്ടാകാം.

4. പിൻവാങ്ങൽ: ചിലർ സാധാരണ പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറി ഏകാന്തതയിലേക്കും നിരാശയിലേക്കും വഴുതി വീഴും. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കത്തക്കവണ്ണം അത്തരക്കാരെ ചലിപ്പിക്കാൻ മറ്റുള്ളവർ ശ്രദ്ധിക്കണം.

5. കതാറിസിസ്: മനസു തുറക്കലാണിത്. ഉള്ളിലെ ദുഃഖം മുഴുവൻ പുറത്തേക്ക് ഒഴുകുന്ന പ്രക്രിയ. ആശ്വാസത്തിന്റെ കരങ്ങൾ അവരിലേക്ക് നീട്ടുവാനും ദുഃഖം അണപൊട്ടി, ഒഴുക്കുവാനും അവരെ അനുവദിക്കണം.

6. ഓ‍ർമ്മ പുതുക്കൽ: വേർപെട്ട ആൾ ഉപയോഗിച്ച മുറി, കിടക്ക, മറ്റു സാധനങ്ങൾ ഇവ കാണുന്പോൾ പഴയ നിരവധി കാര്യങ്ങൾ ഓർമ്മയിൽ വരാം. അവ എടുത്തു പറഞ്ഞ് കരയാൻ അവരെ അനുവദിക്കണം.

7. യാഥാർത്ഥ്യവും പുതിയ ക്രമീകരണങ്ങളും: ക്രമേണ വേർപാടെന്ന യാഥാർത്ഥ്യം മനുഷ്യമനസ് അംഗീകരിക്കും വിടവ് നികത്തുന്നതിനുള്ള ക്രമീകരണങ്ങൾ അപ്പോഴാണ് നടത്തേണ്ടത്.

ജനിക്കുന്ന നിമിഷം മുതൽ മരണം സംഭവിക്കുന്നു. ജീവിത ചക്ര പൂർത്തീകരണത്തിലാണ് മരണവും പൂർണ്ണമാകുന്നത്.


Related Articles

സൗ­ഹൃദ­ത്തി­ന്റെ മാ­റ്റു­ര­യ്ക്കാൻ
Mar 25

സൗ­ഹൃദ­ത്തി­ന്റെ മാ­റ്റു­ര­യ്ക്കാൻ

ഡോ. ജോൺ പനയ്ക്കൽ നമ്മുക്കൊക്കെ ധാരാളം സുഹൃത്തുക്കളുണ്ടല്ലോ? ആവശ്യത്തിനുതകുന്നവനാണ് യഥാർത്ഥ സുഹൃത്ത് എന്ന് ഒരു...

Read More
മനസി­ലൊ­തു­ക്കേ­ണ്ട സത്യങ്ങൾ...
Mar 18

മനസി­ലൊ­തു­ക്കേ­ണ്ട സത്യങ്ങൾ...

ഡോ. ജോൺ പനയ്ക്കൽ സത്യത്തിന് രണ്ട് ലേബലുകളുണ്ട്. ഒന്ന് വെളിപ്പെടുത്തേണ്ട സത്യങ്ങൾ, മറ്റേത് മനസിലൊതുക്കേണ്ട സത്യങ്ങൾ,...

Read More
സന്തോ­ഷത്തി­നു­ വേ­ണ്ടി­ ഇരക്കു­ന്നവർ
Mar 11

സന്തോ­ഷത്തി­നു­ വേ­ണ്ടി­ ഇരക്കു­ന്നവർ

ഡോ. ജോൺ പനയ്ക്കൽ  സന്തോഷിക്കാൻ വകയുണ്ടെങ്കിലും സന്തോഷത്തിനുവേണ്ടി യാചിക്കുന്ന മനുഷ്യമനസ്സുകളുണ്ട്. എല്ലാ...

Read More
‘മതി­യാ­യി­, ഈ ജീ­വി­തം മടു­ത്തു­...’
Mar 04

‘മതി­യാ­യി­, ഈ ജീ­വി­തം മടു­ത്തു­...’

ഡോ. ജോൺ പനയ്ക്കൽ  ജീവിതത്തിലെ തിക്തമായ അനുഭവങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ മനുഷ്യമനസ് മന്ത്രിക്കാറുണ്ട്. ‘മതിയായി, ഈ...

Read More
പരീ­ക്ഷാ­പ്പേ­ടി­: കാ­രണങ്ങളും പരി­ഹാ­ര മാ­ർ­ഗ്ഗങ്ങളും
Feb 25

പരീ­ക്ഷാ­പ്പേ­ടി­: കാ­രണങ്ങളും പരി­ഹാ­ര മാ­ർ­ഗ്ഗങ്ങളും

മനുഷ്യജീവൻ വിലമതിക്കാനാവാത്തതാണ്. പ്രതികൂലതകളിൽ കടപുഴകേണ്ടതാണോ ഈ വടവൃക്ഷം? അതും പടർന്ന് പന്തലിച്ച് അനേകർക്ക്...

Read More
സ്നേ­ഹം ഒരു­ ഊർ­ജ്ജമാ­ണ്
Feb 18

സ്നേ­ഹം ഒരു­ ഊർ­ജ്ജമാ­ണ്

ലോകാരംഭം മുതൽ മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അനിശ്ചിതത്വം. കാലം കഴിയുന്തോറും മനുഷ്യൻ പുതിയ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.