Newsmill Media

ആശാൻ ആശയഗംഭീരൻ; ശൈലീവല്ലഭ ശബ്ദാഢ്യൻ
23-Nov-2016


നിതിൻ നാങ്ങോത്ത്

യിലിനെയും കുയിലിനെയും മൈനയെയും അവഗണിച്ച് കാക്കയെപ്പറ്റി കവിത എഴുതിയത് വൈലോപ്പിള്ളി ശ്രീധരമേനോനാണ്. കൂരിരുട്ടിന്റെ കിടാത്തിയാണേലും ചീത്തകൾ കൊത്തി വലിക്കുമെങ്കിലും ടിയാൻ സൂര്യപ്രകാശത്തിന്റെ ഉറ്റതോഴിയാണെന്ന സർട്ടിഫിക്കറ്റ് കവി സമ്മാനിച്ചു. ഇന്ന് വൈകുന്നേരമാകുന്പോഴേക്കും പിണറായി സഖാവും മണിയാശാനെ മന്ത്രിയാക്കുക വഴി കവിരാജപ്പട്ടത്തിന് അർഹത നേടിയിരിക്കുന്നു. വജ്രജൂബിലി വർഷത്തിൽ തികച്ചും വജ്രശോഭയുള്ള ധീരമായ തീരുമാനം. കേരളാ ‘സ്ട്രൈക്കേഴ്സി’ന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ. 

ബ്ലാക്ക് മണി നിരോധിച്ച് കാവി സർക്കാർ ജനതയെ വരച്ച വരയിൽ നിർത്തി. ബ്ലേക്കായ മണിയെ മന്ത്രിയായി അവരോധിച്ച് റെഡ് സല്യൂട്ടുകാർ നൈസായി പകരം വീട്ടി. ഇനിയങ്ങോട്ട് കേരളം കറുത്ത പക്ഷിയുടെ ഭൈരവി കേട്ടുണരും ഉറങ്ങും. ചാനലുകാർക്ക് ചാകരയാണ് വരാൻ പോകുന്നത്. ഇന്നലെത്തന്നെ മണി മുഴങ്ങി. ‘ഓണം വരാൻ ഒരു മൂലം വേണം.’ ചാനൽക്കുട്ടിക്ക് കാര്യം മനസിലായില്ല. അയ്യേ, എന്താപ്പാ അത്? മണിയാശാൻ ക്ലോസപ്പ് ചിരിയാൽ വിശദീകരിച്ചു. മൂലം എന്നാൽ കാരണമെന്നർത്ഥം. മന്ത്രിക്കിരീടം വഴി എനിക്കിനി ഓണമാണല്ലോ. അതിന് കാരണമായത് ചിറ്റപ്പന്റെ പാന്പ് വഴിയുള്ള ഇറക്കമല്ലേ. ഈ മൂലമല്ലേ തന്റെ കോണി വഴിയുള്ള കേറ്റത്തിന് നിദാനമായത്. പിന്നെ വൺ ടൂ ത്രീ എന്ന എന്റെഒറ്റപ്രസംഗത്തെ നിങ്ങളെല്ലാം അങ്ങ് ട്രോളിയതിനാലാണല്ലോ എനിക്കീ സദ്ഗതി വന്നു ഭവിച്ചതെന്ന നന്ദിപ്പെടലും. ഇവിടെ എത്ര പേർ തൊണ്ട കീറുന്നു? വലിയ വായിൽ നിലവിളിക്കുന്നു? ആര് മൈൻഡ് ചെയ്യാൻ. ഫാഗ്യം വേണമെടോ, ഫാഗ്യം. അന്പതിൽ താഴെ ആളുകൾ കേൾക്കാനിരുന്ന ഒരു നാട്ടുമുക്ക് പ്രസംഗത്തെ ജനകോടികളുടെ വിശ്വസ്ഥത ഡൈനാമിക് ടോക്കാക്കിയതിൽ മണിയാശാൻ ആ ക്യാമറാമേനോട് കടം പറഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും മനസിലാക്കുക. വിമർശിക്കപ്പെടുന്പോൾ സത്യത്തിൽ നമ്മൾ ശ്രദ്ധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ ശ്രദ്ധ ചിലരെ മന്ത്രി പുംഗവരാക്കും. ചിലരുടെ തലയിലെഴുത്ത് തിരുത്തും.

വെളുപ്പിനെ പുരസ്കരിക്കുകയും കറുപ്പിനെ തിരസ്കരിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന ഒരു ‘അഗ്ലികൾച്ചർ’ നിലനിൽക്കുന്ന നാട്ടിലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. കറുത്തവന്റെ തൊണ്ടയിലെ വെളുത്ത സംഗീതത്തെ അംഗീകരിക്കാനും അറിഞ്ഞ് ക്ലാപ്പടിച്ച് കൊടുക്കാനും ഇവിടെ ആൾക്കാരുണ്ടെന്നറിയുക. ഇന്റ‍ർവ്യൂവിനവസാനം അഭിനവ മന്ത്രി ഒരു ആപ്പും ഇൻസ്റ്റാളാക്കി. വേറെയെന്തെങ്കിലും പാർട്ടിയിലാണേൽ എനിക്കീ പുതിയ ആകാശം ലഭിക്കുമോ. വെറുമൊരു ഹൈറേഞ്ച് വാർഡനായിരുന്ന പാർട്ടിയാണ് ഓക്സിജൻ എന്ന് ജീവിതം കൊണ്ട് കാട്ടിയ എന്നെ തൊഴിലാളിപ്പാർട്ടി അറിഞ്ഞാദരിച്ചിരിക്കുന്നു. സാധാരണക്കാരിൽ സാധാരണക്കാരുടേതാണ് ഇപ്പോഴും പാ‍‍ർട്ടി.

അസൂയസൂക്കേടുകാർ പലതും പറയുന്നുണ്ട്. അഞ്ചാം ക്ലാസ് മന്ത്രി, നാവിൽ വികടസരസ്വതി, ബ്രേക്ക് ഡാൻസ് കളിക്കുന്നയാൾ, ജിഹ്വവയുടെ അഗ്രത്ത് ഗുളികന്റെ കളിയാട്ടം ഉള്ളയാൾ, വേദിയുടെയോ സദസിന്റെയോ സ്റ്റാൻഡേർഡ് നോക്കാതെ ഒരേ ശൈലിയിൽ പൊറാട്ടു പാട്ടു പാടുന്നയാൾ. മീശമാധവനിൽ മാധവൻ മീശ പിരിച്ചാൽ അന്ന് എന്തോ സംഭവിക്കുമെന്ന് പോലെ പ്രസംഗം ക്ലച്ച് പിടിച്ചാൽ മണിയാശാന് കൈകൾ തമ്മിലൊരു കുട്ടിത്തിരുമ്മലുണ്ട്. ആവേശം ഹൈറേഞ്ച് കയറി എന്നതിന്റെ ശരീരഭാഷയാണത്. പിന്നീടു വരുന്ന പുഷ്പഭാഷകൾ കേൾവിക്കാരന്റെ ചെവിക്കല്ല് തകർക്കും. സദാചാര മാന്യശിരോമണികളുടെ ഹൃദയശംഖ് ഉടയ്ക്കും. കറന്റ് മന്ത്രിയെക്കുറിച്ചുള്ള പുതിയ ട്രോൾ ബില്ലടയ്ക്കാത്തവരെ ഇനി ഷോക്കടിപ്പിച്ചു കൊല്ലും എന്നാണ്.

വാക്കും വാക്കും തമ്മിൽ ഇനി കേരള രാഷ്ട്രീയത്തിൽ ഒരു ചുംബന സമരത്തിനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ട്. മണിയാശാൻ ഗ്രൗണ്ടിലിറങ്ങിയ സ്ഥിതിക്ക് ക്യാപ്റ്റൻ ഉഴവൂർ വിജയൻ സാറ് ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയുടെ പുതിയ പതിപ്പുമായി വീട്ടിലേയ്ക്ക് പോയിട്ടുണ്ട്. മലയാളം അക്ഷരാർത്ഥത്തിൽ ശ്രേഷ്ഠഭാഷയാകുമെന്ന കാര്യത്തിൽ ആർക്കുമിനി തർക്കം വേണ്ട. പത്തിരുനൂറു കൊല്ലം എഴുത്തച്ഛൻ മുതൽ ഏറ്റുമാനൂർ ശിവകുമാർ വരെ എടുത്തിട്ടലക്കിയിട്ടും വെറും മൂന്ന് വർഷങ്ങൾക്കപ്പുറം 2013ലാണ് നമുക്ക് ക്ലാസിക്കൽ ലാംഗ്വേജ് പദവി കൈവന്നത്. അതായത് ഭാഷാപോഷകരായ ചീരാമനിൽ നിന്ന് പി. രാമനിലേക്കുള്ള ദൂരം എത്ര ശൂന്യതകൾ കൊണ്ട് നിറയ്ക്കപ്പെട്ടെന്ന്. സാക്ഷാൽ ഉഴവൂരും ജി.സുധാകർജിയും പി.സി ജോർജിയും നമ്മുടെ സ്വന്തം ഉടുന്പൻചോലയാശാനുമെല്ലാം വാളെടുത്ത ഈയടുത്ത വർഷങ്ങളിലാണല്ലോ മലയാളം വെളിച്ചപ്പെട്ടത് എന്നതിനാൽ ഭാഷാസ്നേഹികൾക്ക് അഭിമാനിക്കാം. അങ്ങ് ഒഡീഷയിലും തമിഴ്നാട്ടിലും സംസ്കൃതപണ്ധിറ്റുകൾക്കിടയിലും തെലുങ്കാനയിലും കന്നടത്തിലും ഇതിലും വലിയ കൊന്പൻമാ‍ർ ഉണ്ടാവണം. അതാണവർക്കൊക്കെ നേരത്തെ സർട്ടിഫിക്കറ്റ് കൈവശപ്പെടുത്താനായത്.

ഉടുന്പൻ ചോലയിലെ ഋത്വിക് റോഷന്റെ ആട്ടവും പാട്ടും ഫൈറ്റും കാണാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കേരള രാഷ്ട്രീയത്തെ എന്നും ടോം ആന്റ് ജെറി സ്പിരിറ്റിൽ വായിക്കുന്ന ഫ്രീ തിങ്കേഴ്സായ വോട്ടുവിരൽ ഞെക്കികൾ. എം.എം മണിസാർ ഹ്യൂമൻ റിസോഴ്സസിന്റെ വലിയ ഒരു ചാപ്റ്റർ ആവുകയാണ് വൈദ്യുതി മന്ത്രിയാവുന്നതിലൂടെ. രാഷ്ട്രതന്ത്രത്തിലോ രാഷ്ട്രമീമാംസയിലോ ബിരുദമോ ഡെയിൽ കാർണിഷിന്റെ പബ്ലിക്ക് സ്പീക്കിംഗ് അക്കാദമിയിലെ പ്രഭാഷണ സർട്ടിഫിക്കറ്റോ പിറകിൽ മണിയും മദ്യവും മദിരാക്ഷിയുമെറിഞ്ഞ് മണിയടിച്ച് സ്ഥാനം കരസ്ഥമാക്കാനുള്ള തന്ത്രമോ ഒന്നും വേണ്ടിവന്നില്ല സാധാരണക്കാരായ ഈ അസാധാരണക്കാരന്. തനി നാടൻ മനുഷ്യർ നെഞ്ചിലേറ്റിയ വിശ്വാസം, അവരോടുള്ള ആത്മസമർപ്പണം, ആത്മാർത്ഥത, സഹാനുഭൂതി. അതുമതി വലിയ നേതാവാകാൻ. ചരിത്രത്തിൽ ഇങ്ങനെ മുന്നേ നടന്ന പച്ച മനുഷ്യർ ഏറെ. ഇ.കെ നായനാരും കെ.കരുണാകരനും എം.വി ആറും പി.ആർ കുറുപ്പും! ഇപ്പോൾ അച്യുതാനന്ദനും ശൈലീവല്ലഭരായ തങ്ങൾക്ക് മാത്രം പറ്റുന്ന ൈസ്റ്റലിൽ സർക്കാർ വളയം തിരിച്ച വിദഗ്ദ്ധ ഡ്രൈവർമാർ. അവരവരുടെ നിരയിലേക്ക് ഉയരുവാൻ നിയുക്ത മന്ത്രിക്ക് വിപ്ലവാശംസകൾ. മൗനമാണ് കോർപ്പറേറ്റ് കാലത്തെ മനോഹരമായ രാഷ്ട്രീയ പ്രവർത്തനമെന്ന് അദ്ദേഹം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകുമല്ലോ? ചൊല്ലലിനും ചെയ്തിക്കുമിടയിൽ വൈദ്യുതോർജ്ജത്തിന്റെ ആർജ്ജവം അദ്ദേഹത്തിനുണ്ടാവട്ടെ. ആരിടുന്ന ചൂണ്ടയിലും നിങ്ങൾ കേറിക്കൊത്താതിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇവന്റ് മാനേജ്മെന്റ് പാർട്ടിയെ ഏൽപ്പിച്ച് നമ്മുടെ നേതാക്കന്മാർ ആൾക്കൂട്ടം ക്രിയേറ്റ് ചെയ്യുന്ന കാലത്താണ് ഇത്തരം നന്മകൾ പൂക്കുന്നത്. ഇപ്പോഴുള്ളവരെയെല്ലാം കൂടെ നിർത്താനുള്ള അഹംബോധമില്ലായ്മയുടെ മനഃശാസ്ത്രയും നിഷ്കളങ്കതയുടെ വിവേകവും’ അദ്ദേഹത്തിനു മേൽ അനുഗ്രഹം ചൊരിയട്ടെ. വാക്കാണ് ശക്തിയെന്നും വാക്കു തന്നെയാണ് ശത്രുവെന്നും വാക്കിന്റെ ബ്രാന്റ് അംബാസഡറായ ഈ കുറിയ മനുഷ്യൻ തെളിയിക്കട്ടെ. ഒറ്റക്കെട്ടിന്റെ സുരക്ഷിതത്വത്തിലാണ് ഇനി കേരള ‘പൊളിട്രിക്സ്’ എന്ന ബോധ്യമാവുകയാണ്. പിണറായി സഖാവും ചെന്നിത്തല ജിയും കുഞ്ഞാലിക്കുട്ടി സാഹിബുമൊക്കെ ചുമലിൽ കൈയിട്ട് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നതിന്റെ ധന്യത. ഞാനും ഞാനുമെന്റാളും ആ നാൽപത് പേരും പൂമരമാവുന്നതിന്റെ സഫലത. അതിനാൽ മണിയാശാന് സഹപ്രവ‍ർത്തകരിൽ നിന്ന് കാര്യമായി കുത്തലോ കുത്തിത്തിരിപ്പോ ഉണ്ടാവാൻ വഴിയില്ല. ചാനൽപ്പേടിയെ മണ്ണാപ്പേടി പുലപ്പേടി പോലെ സൂക്ഷിക്കേണ്ടൂ. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നായിരുന്നല്ലോ! ഇന്ന് സൂക്ഷിച്ചവരൊക്കെ ദുഃഖിക്കുന്നു എന്ന് നോട്ട് പാഠം. നോട്ട് ദ പോയിന്റ്. പോയിന്റ് ബ്ലാങ്കിൽ നിന്നു കൊടുക്കാതെ മണിഭരണം പ്രകാശം പരത്തട്ടെ. ഇടുക്കി ഡാം ആഴത്തിൽ ആശംസകൾ. ലാലേട്ടനെപ്പോലെ സ്ഥാനത്തും അസ്ഥാനത്തും അഭിപ്രായം പറഞ്ഞ് കീബോർഡ് ഗറില്ലകളുടെ കൈയിൽ നിന്നും പൊങ്കാല ലഭിക്കാതിരിക്കട്ടെ. മുണ്ടാതിരിക്കാൻ വയ്യാച്ചാൽ ആരെക്കൊണ്ടെങ്കിലും ബ്ലോഗെഴുതിച്ച് വിപ്ലവപ്പെടുക...

 


Related Articles

അധർ‍­മ്മപു­രാ­ണവും അജീ­ർ‍­ണ്ണലി­സവും
Mar 29

അധർ‍­മ്മപു­രാ­ണവും അജീ­ർ‍­ണ്ണലി­സവും

നിതിൻ നങ്ങോത്ത്  “വേനിക്കാലത്ത് ചൂടുകൊണ്ട് മന്ത്രിമാർ‍ വരെ വാടി വീഴുന്നു. എന്നേരാ നിന്‍റെയൊരു...

Read More
തെ­റി­ച്ച വാ­ക്കു­കൾ‍, മു­റി­ച്ച മാ­റി­ടങ്ങൾ
Mar 15

തെ­റി­ച്ച വാ­ക്കു­കൾ‍, മു­റി­ച്ച മാ­റി­ടങ്ങൾ

നിതിൻ നാങ്ങോത്ത് വാക്കളി തീക്കളിയാവുന്നുണ്ട് ക്യാംപസിൽ‍. ഭാവനയിലെ  പല എഴുത്തുകളും എല്ലാ മാന്യതയെയും...

Read More
കൊ­ച്ചച്ഛൻ‍ അഥവാ­ കൊ­ച്ചി­ന്‍റെ­ ‘അച്ചൻ'
Mar 07

കൊ­ച്ചച്ഛൻ‍ അഥവാ­ കൊ­ച്ചി­ന്‍റെ­ ‘അച്ചൻ'

അ ഗ്നിമീതേ പുരോഹിതേ!! പുരോഹിതരിൽ‍ ചിലരുടെ നടത്തം അഗ്നിക്ക് മീതെയാകുന്നു. യത്തീംഖാനയിലെ കുട്ടിക്കൂട്ടം...

Read More
ആരെടാ ? ഞാനെടാ ! എന്തെടാ ? പോടെടോ !
Mar 01

ആരെടാ ? ഞാനെടാ ! എന്തെടാ ? പോടെടോ !

നിതിൻ നാങ്ങോത്ത് പറയുക എന്നതിന് നിറയൊഴിക്കുക എന്നു കൂടി അർ‍ത്ഥമുള്ളതായി തോന്നും നമ്മുടെ മാർ‍ട്ടിൻ‍ ലൂഥർ‍...

Read More
'ഒരു സെക്സിക്കൻ അപാരത’
Feb 22

'ഒരു സെക്സിക്കൻ അപാരത’

നിതിൻ നാങ്ങോത്ത്   കന്നിമാസ മാനിയ പിടിപെട്ട കാമപ്പിരാന്തന്‍മാർ‍ ഗതികിട്ടാതെ അലയുന്ന പ്രേതഭൂമിയായിരിക്കുന്നു...

Read More
‘ഹാപ്പി കൃഷ്ണന്‍റൈൻ‍സ് ഡെ’
Feb 15

‘ഹാപ്പി കൃഷ്ണന്‍റൈൻ‍സ് ഡെ’

നിതിൻ നാങ്ങോത്ത്  ലാ ലാ ലാൻ‍ഡിങ്... സമരവണ്ടി തിരുവനന്തപുരം വിട്ട് കുറച്ചാഴ്ച ഇനി തൃശ്ശൂരിൽ‍ ലാൻ‍ഡ് ചെയ്യും....

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.