Newsmill Media

ശി­ങ്കാ­ര ചെ­ന്നൈ­
13-Dec-2016


വി.ആർ.സത്യദേവ് 

ചിലയിടങ്ങളിൽ പ്രകൃതി പലപ്പോഴും താണ്ധവമാടുന്നു. ചിലയിടങ്ങളെ മാത്രം പ്രകൃതി ഇങ്ങനെ പരീക്ഷിക്കുന്നത് എന്തുകൊണ്ടെന്നതിനു പ്രത്യേക വിശദീകരണങ്ങളൊന്നും നമുക്കു നൽകാനാവില്ല. അത്തരം പ്രകൃതിദുരന്തങ്ങൾ അതാതിടങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. എന്നാൽ അത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ചില ഇടങ്ങളുടെ ശേഷി അത്ഭുതാവഹമാണ്. എല്ലാ പ്രതിസന്ധികളോടും എതിരിട്ടു വിജയം നേടാനുള്ള മനുഷ്യന്റെ ശേഷിയാണ് ഇവിടെ പ്രകടമാകുന്നത്. ഇത് മനുഷ്യകുലത്തിനെയാകെ ഉത്തേജിപ്പിക്കുന്നു. ചെന്നൈ അത്തരത്തിലൊരു ഇടമാണ്. പ്രകൃതിയുടെ പരീക്ഷണങ്ങളെയല്ലാം ചെന്നൈയും അവിടുത്തെ ബഹുസ്വര സമൂഹവും അതിജീവിക്കുന്നത് തികച്ചും അത്ഭുതകരമായാണ്. ചിലർക്കെങ്കിലും മദിരാശിപ്പട്ടണമെന്ന ചെന്നൈ വൃത്തിയില്ലായ്മയുടെയും വൃത്തികെട്ട തിരക്കിന്റെയും അസഹനീയമായ ചൂടിന്റെയും ജലദൗർലഭ്യത്തിന്റെയുമൊക്കെ ഇടമാണ്. എന്നാൽ ചെന്നൈക്ക് ഇനിയുമൊരുപാടു മുഖങ്ങളുണ്ട്. അതിലേറെയും നല്ല മുഖങ്ങളാണ്. മറ്റു പലയിടങ്ങളിലും പ്രതീക്ഷിക്കാനാവാത്ത നന്മയുടെയും പ്രതീക്ഷയുടെയും മുഖങ്ങളാണ്.

‘വന്നോരേ വാഴവയ്ക്കും തമിഴകം’ എന്നൊരു ചൊല്ലു തന്നെയുണ്ട്. വന്നവരെ കൊണ്ട് വാഴ കുഴിച്ചു വയ്പ്പിക്കുന്ന നാടെന്നല്ല ഇതിനർത്ഥം. മറിച്ച് തമിഴകത്തേക്ക് പലതരത്തിലെത്തുന്ന അന്യദേശക്കാരെ സ്വന്തം നായകന്മാരായും അതിസന്പന്നന്മാരായും ഭരണാധികാരികളായുമൊക്കെ വാഴിക്കാൻ പോലുമുള്ള തമിഴന്റെ വിശാല മനസ്കതയാണ് ഈ ചൊല്ലു വ്യക്തമാക്കുന്നത്. ഉടുതുണിക്കു മറുതുണിയില്ലാതെ ചെന്നൈ പട്ടണത്തിൽ അഭയാർത്ഥികളായ പലരും ജീവിത നിലവാരത്തിന്റെ ഔന്നിത്യങ്ങളിലെത്തിയത് അത്യദ്ധ്വാനവും സാമർത്ഥ്യവും കെണ്ടു തന്നെയാണ്. എന്നാൽ ആ വളർച്ചക്ക് വളമേകുന്ന സാഹചര്യങ്ങളും സമൂഹമനസും കൂടിയാണ് അതു സാദ്ധ്യമാക്കുന്നതെന്ന കാര്യം വിസ്മരിക്കാനാവില്ല. കഴിവും അദ്ധ്വാനിക്കാനുള്ള മനസുമുള്ളവനാണ് സമൂഹത്തിന്റെ വളർച്ചക്കു കാരണമെന്ന് തിരിച്ചറിയുന്ന സമൂഹമാണ് ചെന്നൈയിലുള്ളത്. കഷ്ടപ്പെടുന്നവനെ സഹായിക്കാനുള്ള ആ വിശാലമനസ്കത നേരിട്ടറിയാനുള്ള മഹാഭാഗ്യമുണ്ടായത് തൊണ്ണൂറുകളുടെ അന്ത്യത്തിലായിരുന്നു. 

സ്വന്തമായി നടത്തിപ്പോന്ന കൺസ്ട്രക്ഷൻ സ്ഥാപനം എട്ടു നിലയിൽ പൊട്ടി നാട്ടിൽ നിലനിൽപ്പ് അസാദ്ധ്യമായപ്പോഴായിരുന്നു നാട്ടുകാരനായ കറിയാച്ചൻ പുതുതായി തുടങ്ങുന്ന കൺസ്ട്രക്ഷൻ കന്പനിയിലെ ഏക സൂപ്പർവൈസറായി മദിരാശിയിലെത്തിയത്. നാലായിരം രൂപ ശന്പളത്തിന് ഒന്നിലധികം സൂപ്പർവൈസർമാരെ പരിപാലിച്ചിരുന്ന കോൺട്രാക്ടർ ബിസിനസ് പരാജയത്തിൽ വീണ്ടും സൂപ്പർവൈസറായപ്പോൾ ശന്പളം 2000 രൂപ. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തിന്റെ പിൻബലത്തിൽ ഒരു മാസത്തിനകം അന്നത്തെ ഇലസ്ട്രേറ്റഡ് വീക്കിലി ചെന്നൈ കറസ്പോണ്ടന്റ്് വി.സത്യമൂർത്തി വഴി സൗത്ത് ഈസ്റ്റ് എക്സ്പ്രസെന്ന പ്രസിദ്ധീകരണത്തിലെത്തുന്പോൾ ശന്പളം 3000 രൂപ. ജീവിക്കാൻ അത്രയും പണം പോരെന്ന തിരിച്ചറിവിൽ കൂടുതലവസരങ്ങൾ തേടിയപ്പോൾ തുറന്നത് തമിഴിലെ മുൻ നിര പ്രസിദ്ധീകരണങ്ങൾ. 

പ്രതിസന്ധികളെ തരണം ചെയ്യേണ്ടതെങ്ങനെയെന്ന് അനുഭവ സഹിതം കാട്ടിത്തന്ന ഗുരുതുല്യന്മാരായ പത്രാധിപന്മാർ. കെ.എൻ ആനന്ദ്, വി.സത്യമൂർത്തി, ചിന്നക്കുത്തൂസി, നക്കീരൻ ഗോപാലിയണ്ണാ, സി.എസ് ജയറാം, എസ്. വിശ്വനാഥൻ, ഡോക്ടർ വേണുഗോപാൽ, ചു.പ വീരപാണ്ധ്യൻ, എൻ.സുകുമാരൻ... ഇതിനിടയിലും രാമപുരത്തും നെസപ്പാക്കത്തും ഒക്കെ എണ്ണത്തിൽ കുറവില്ലാത്ത ഫ്ലാറ്റുകളുടെ ഡിസൈനുകൾക്ക് അവസരമൊരുക്കിയ സുകുമാരണ്ണാ. കമിറ്റ്മെന്റുകൾ കൃത്യസമയത്തു തീർത്തു കൊടുക്കാൻ നടുവിന് അയോഡക്സും തേച്ച് ഉറക്കമില്ലാതെ പണിതുടർന്ന രാപ്പകലുകൾ. 97ലെ രണ്ടായിരം രൂപാ ശന്പളം 99 ആയപ്പോഴേക്കും ചില മാസങ്ങളിലെങ്കിലും ഇരുപതിനായിരം താണ്ടി. നമ്മുടെ വളർച്ചയിൽ നമ്മെക്കാൾ സന്തോഷിക്കുന്ന ഒരു സമൂഹമായിരുന്നു വാസ്തവത്തിൽ ആ വളർച്ച എളുപ്പമാക്കിയത്. 

ഏഴകളെ ഏഴുനിലമാളിക മുകളിലേക്കുയർത്തുന്ന ഒരു മാന്ത്രികലോകമാണ് അദ്ധ്വാനിക്കാൻ മനസുള്ളവന് ചെന്നൈ. നമുക്കു ചുറ്റും അവിടെയുള്ളത് അങ്ങനെ വളർന്ന ഒരുപാടു പേരുടെ നേരനുഭവ കഥകളാണ്. ലങ്കയിൽ പിറന്ന ശുദ്ധമലയാളി, തമിഴകത്തിന്റെ മക്കൾ തിലകമായ സാക്ഷാൽ എം.ജി.ആർ, മെഡിക്കൽ റെപ്പാകാൻ സ്വന്തമായി നല്ല പാൻ്റും ഷ‌ർട്ടുമില്ലാത്തതിന് ചിട്ടി തുടങ്ങി ബിസിനസ് രാജാവായ ഗോകുലം ഗോപാലേട്ടൻ, തിയേറ്ററിൽ ടിക്കറ്റ് കീറിക്കൊടുത്തുകൊണ്ട് കർമ്മജീവിതമാരംഭിച്ച സൂപ്പർ നിർമ്മാതാവ് കുഞ്ഞുമോൻ എന്നിങ്ങനെ ചെന്നൈയിൽ വേരുറപ്പിച്ചു വളർന്ന മലയാളികൾ അവിടെയെത്തുന്ന പുതിയ തലമുറയ്ക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഗോപുരങ്ങളാണ്. എന്നും പ്രതീക്ഷയുടെയും പ്രത്യാശയുടെയും മണ്ണാണ് ചെന്നൈ. ശിങ്കാര ചെന്നൈ. വീശിയടിച്ച വർധ ചുഴലിക്കൊടുങ്കാറ്റ് ചെന്നൈയെ ഉലച്ചിരിക്കുന്നു. ബുദ്ധിമുട്ടിന്റെ നാളുകളിൽ പൊരിവെയിലിൽ ചോയുടെ തുഗ്ലക്കിലേക്കും ചിന്നമ്മാ ശശികലയുടെ കണവൻ നടരാജന്റെ തമിഴരശി മാസികയിലേക്കുമൊക്കെ അവസരങ്ങൾ തേടിയുള്ള അലച്ചിലിൽ എനിക്കും തണലേകിയ തണൽ മരങ്ങൾ പലതും കടപുഴകി നിലം പതിച്ചിരിക്കുന്നു. പലയിടത്തും വൈദ്യുതി ബന്ധം നഷ്ടമായിരിക്കുന്നു. പ്രിയസുഹൃത്തുക്കളെല്ലാം സുരക്ഷിതരാണ് എന്നത് ആശ്വാസം പകരുന്നു. സർക്കാരിന്റെയും അധികൃതരുടെയും മുൻകരുതലുകൾ തന്നെയാണ് അപകടനിരക്ക് കുറച്ചത്. ഇത്തരം പ്രകൃതിദുരന്തങ്ങൾ അനിവാര്യമാണ്. അതിൽ നിന്നുള്ള അതിജീവനമാണ് പ്രധാനം. അത് അത്രയും പെട്ടെന്നുണ്ടാകട്ടെ. ശിങ്കാര ചെന്നൈ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്കു തിരിച്ചെത്തട്ടെ.


Related Articles

വഴിമാറുന്ന ബന്ധങ്ങൾ
Dec 24

വഴിമാറുന്ന ബന്ധങ്ങൾ

ബന്ധങ്ങൾ എന്നും എല്ലായ്പ്പോഴും ഒരേപോലെയാവണമെന്നില്ല. പൊളിച്ചെഴുത്തുകൾ എല്ലാക്കാലത്തും...

Read More
മു­ത്താണ് ഈ ദ്വീ­പ്
Dec 17

മു­ത്താണ് ഈ ദ്വീ­പ്

നമ്മുടെ നാടിനെയും നാട്ടുകാരെയും സംബന്ധിച്ച് മോഹിപ്പിക്കുന്ന ഐശ്വര്യങ്ങളുടെ ഇടമായിരുന്നു പണ്ടു ഗൾഫ്. ഒരു ഗതിയും...

Read More
ഉണ്ണു­ന്നവനും വി­ളന്പു­ന്നവനും
Dec 10

ഉണ്ണു­ന്നവനും വി­ളന്പു­ന്നവനും

2001 ആഗസ്ത് എട്ടിനായിരുന്നു ഞാൻ വിശ്വചിത്രകാരനായ മഖ്ബുൾ ഫിദാ ഹുസൈനെ നേരിൽ കാണുന്നത്. ഇന്ത്യൻ ചിത്രകലക്ക് നട്ടെല്ലുള്ള...

Read More
പു­രട്ചി­ത്തലൈ­വി­...
Dec 06

പു­രട്ചി­ത്തലൈ­വി­...

തമിഴനെക്കുറിച്ച് പണ്ടേ നമ്മൾ മലയാളികൾക്ക് അത്ര മതിപ്പു പോര. നമ്മളെ പോലെ എന്നും കുളിക്കില്ല. വൃത്തി പോര. നമ്മുടെയത്ര...

Read More
മാ­ഗല്യം തന്ദു­നാ­നേ­ന.....
Dec 03

മാ­ഗല്യം തന്ദു­നാ­നേ­ന.....

മാഗല്യം തന്ദുനാനേന മമ ജീവന ഹേതുനാ കണ്ഠേ ബത്നാമി ശുഭകേ ത്വം ജീവ ശരതശ്ശതം താനണിയിക്കുന്ന താലിച്ചരടിനെക്കുറിച്ച്,...

Read More
സർ­വ്വമംഗളം ഭവന്തു­...
Nov 29

സർ­വ്വമംഗളം ഭവന്തു­...

“You can fool all the people some of the time, and some of the people all the time, but you cannot fool all the people all the time.” - Abraham Lincoln. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ലെന്ന്...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.