Newsmill Media

പണം വെ­ളു­പ്പി­ക്കൽ പ്രത്യയശാ­സ്ത്രം
27-Dec-2016


ജെ. ബിന്ദുരാജ്

 

തിനായിരം രൂപയും നൂറു പേരുടെ സഹായവുമുണ്ടെങ്കിൽ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം നിസ്സാരമായി വെളിപ്പിച്ചെടുക്കാവുന്ന സമത്വസുന്ദരമായ നാട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കള്ളപ്പണത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ചുകൊണ്ട് 500ന്റേയും 1000ത്തിന്റേയും നോട്ടുകൾ അസാധുവാക്കി കോടിക്കണക്കിനു പേർക്ക് നാളുകൾ നീളുന്ന ദുരിതവും രാജ്യത്തിന് സാന്പത്തിക തകർച്ചയും ഉണ്ടാക്കിവെച്ചത്. എന്താണ് ഈ പതിനായിരം രൂപയുടെ കണക്ക് എന്നല്ലേ? ഒരു രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ അപേക്ഷ നൽകുന്പോൾ ന്യൂഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അണ്ടർ സെക്രട്ടറിക്ക് അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ട ഡിമാന്റ് ഡ്രാഫ്റ്റാണ് 10,000 രൂപ. അപേക്ഷ നൽകുന്ന ലെറ്റർ ഹെഡ് അച്ചടിക്കുന്നതിനുള്ള തുകയും പാർട്ടിയിൽ സ്ഥാനമാനങ്ങൾ വഹിക്കുന്നവരടക്കം കുറഞ്ഞത് നൂറു പേരെങ്കിലും ഉണ്ടെന്ന് സത്യവാങ്മൂലവും നൽകുകയാണെങ്കിൽ പിന്നെ രാഷ്ട്രീയ പാർട്ടിക്ക് ഇന്ത്യയിൽ പ്രവർത്തനാനുമതി ലഭിക്കും. ഈ രാഷ്ട്രീയ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും ഇല്ലെങ്കിലും അവർക്ക് 20,000 രൂപയിൽ താഴെ സംഭാവന കണക്കുബോധിപ്പിക്കാതെ ആരിൽ നിന്നും സ്വീകരിക്കാം. നയാപൈസ പോലും നികുതി നൽകാതെ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടുമിരിക്കാം. നോട്ട് അസാധുവാക്കൽ പ്രക്രിയക്കുശേഷം രാഷ്ട്രീയ പാർട്ടികൾക്ക് അസാധു നോട്ടുകൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാമെന്നും 20,000 രൂപയ്ക്കു താഴെയുള്ള ഏതൊരു നിക്ഷേപവും ഇതിനർഹമായിരിക്കുമെന്നും ധനകാര്യ സെക്രട്ടറി അശോക് ലാവാസ പ്രഖ്യാപിച്ചത് കഴിഞ്ഞ 35 വർഷമായി ഇന്ത്യാ മഹാരാജ്യത്ത് രാഷ്ട്രീയ പാർട്ടികൾ കള്ളപ്പണം എങ്ങനെയാണ് വെളുപ്പിച്ചുകൊണ്ടിരിക്കുന്നതെന്നതിലേക്കാണ് വെളിച്ചം വീശുന്നത്. 

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഈ പണം വെളുപ്പിക്കൽ മഹാമഹത്തിന്റെ വൈപുല്യം മനസ്സിലാക്കണമെങ്കിൽ ഇന്ത്യയിൽ ഇന്ന് നിലവിലുള്ള രാഷ്ട്രീയ പാർട്ടികളെക്കുറിച്ചും അവയുടെ പ്രവർത്തനത്തെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇന്ന് 1900ത്തിലധികം രാഷ്ട്രീയ പാർട്ടികളാണുള്ളതെങ്കിലും അവയിൽ കേവലം 400ൽ താഴെ പാർട്ടികൾ മാത്രമേ 2005നും 2015നുമിടയിലുള്ള പത്തു വർഷക്കാലയളവിൽ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഭാഗഭാക്കായിട്ടുള്ളു. 2016 ഡിസംബർ 13ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിന് (സിബിഡിടി) അയച്ച കത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ രാഷ്ട്രീയ പാർട്ടികളെന്ന പേരിൽ നിലകൊള്ളുന്ന ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ പാർട്ടികൾക്ക് 1961ലെ ആദായനികുതി വകുപ്പ് ചട്ടത്തിനു കീഴിൽ നികുതിയിളവ് നൽകേണ്ടതില്ലെന്ന് അഭ്യർത്ഥിച്ചത് രാഷ്ട്രീയ പാർട്ടികളിലൂടെ എത്ര നിസ്സാരമായി ഏതൊരാൾക്കും പണം വെളുപ്പിച്ചെടുക്കാവുന്ന സംവിധാനത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ്. 1961ലെ ആദായ നികുതി വകുപ്പിന്റെ 13 എ ചട്ടം അനുസരിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് വസ്തുവകകളിൽ നിന്നോ സംഭാവനകളിൽ നിന്നോ മൂലധനനേട്ടത്തിൽ നിന്നോ മറ്റു സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന ആദായത്തിന് നികുതി ഈടാക്കേണ്ടതില്ലെന്നാണ് പറയുന്നത്. എന്നാൽ ഈ നിയമം കാലാനുസൃതമായി ഇപ്പോൾ പരിഷ്‌കരിക്കേണ്ടതുണ്ടെന്നാണ് സമീപകാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തിന് അയച്ച കത്തിലും ആവർത്തിച്ചു പറയുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പാർലമെന്റിലോ നിയമസഭയിലോ സീറ്റുകൾ നേടുകയോ ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളെ മാത്രമേ ആദായനികുതിയിൽ നിന്നും ഒഴിവാക്കേണ്ടതുള്ളുവെന്ന മട്ടിൽ നിയമം പരിഷ്‌കരിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. 

കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളായി മാറിയിട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ കൂട്ടത്തിൽ ഇക്കാലമത്രയും തെരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ചെയ്യുന്നില്ലെങ്കിലും ധനഇടപാടുകൾ നടത്തുന്ന 255 രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഇവയെപ്പറ്റി അന്വേഷണം നടത്താൻ അവയുടെ വിവരങ്ങൾ ആദായനികുതി വകുപ്പിന് അവർ കൈമാറുകയും ചെയ്തു കഴിഞ്ഞു. ഈ പാർട്ടികളിൽ 52 എണ്ണം ഡൽഹിയിലും 41 എണ്ണം ഉത്തർപ്രദേശിലും 40 എണ്ണം തമിഴ്‌നാട്ടിലും 27 എണ്ണം മഹാരാഷ്ട്രയിലും ഹരിയാനയിലും രാജസ്ഥാനിലും ആന്ധ്രാ പ്രദേശിലും 12 എണ്ണം വീതവുമാണെന്നാണ് അറിയുന്നത്. ഇത്തരം പാർട്ടികളിൽ ഒട്ടുമിക്കവയും രാജ്യത്തെ രാഷ്ട്രീയ പ്രമുഖരുമായി ബന്ധം പുലർത്തുന്നവയുമാണത്രേ. ഉദാഹരണത്തിന് ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വസിക്കുന്ന 17, അക്ബർ റോഡാണ് പ്രവർത്തനക്ഷമമല്ലാത്ത ആൾ ഇന്ത്യാ പ്രോഗ്രസീവ് ജനതാദൾ എന്ന പാർട്ടിയുടെ ഓഫീസ് മേൽവിലാസം. ജനതാദൾ (എസ്) നേതാവ് എസ് ആർ ബൊമ്മയുടെ താമസസ്ഥലമായിരുന്നു പാർട്ടി രിജസ്റ്റർ ചെയ്യുന്ന സമയത്ത് ഇത്. റാബ്രിദേവിയെ ലാലു പ്രസാദ് ബീഹാർ മുഖ്യമന്ത്രിയായി അവരോധിച്ച കാലത്ത് അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ് രഞ്ജൻ പ്രസാദ് യാദവ് ആരംഭിച്ച സന്പൂർണ്ണ വികാസ് ദൾ, ബിജെപി നേതാവ് രാംജേട്ട് മലാനി ആരംഭിച്ച പവിത്ര ഹിന്ദുസ്ഥാൻ കഴകം, സിസ് റാം ഓലയുടെ ഓൾ ഇന്ത്യാ ഇന്ദിര കോൺഗ്രസ് (സെക്യുലർ), ടിഎംകെയുമായി പിരിഞ്ഞുണ്ടായ തമിഴ് മാനില കാമരാജ് കോൺഗ്രസ്, വികാസ് വാദി കമ്യൂണിസം പാർട്ടി, ആൾ ഇന്ത്യ സദഗുണ പാർട്ടി തുടങ്ങി പല പാർട്ടികളും ഇപ്പോൾ ആദായനികുതി വകുപ്പിന്റെ പരിശോധനയിലാണ്.

പക്ഷേ മത്സരിക്കാത്ത ഇത്തരം വ്യാജ രാഷ്ട്രീയ പാർട്ടികൾ മാത്രമാണ് പണം വെളുപ്പിക്കൽ നടത്തുന്നതെന്ന് ധരിക്കേണ്ട. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ 20,000 രൂപയ്ക്കു താഴെയുള്ള സംഭാവനകളുടെ കണക്കിൽ കോടിക്കണക്കിനു രൂപയാണ് കാലങ്ങളായി വെളുപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്തിനധികം പറയുന്നു, മോഡിയുടെ നോട്ട് അസാധുവാക്കൽ നടപടിക്കുശേഷം തന്നെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പാർട്ടി ഓഫീസുകളിലിരുന്ന് കള്ളപ്പണക്കാരെന്ന മട്ടിലെത്തിയ അണ്ടർകവർ ടെലിവിഷൻ റിപ്പോർട്ടർമാർക്ക് പണം വെളുപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകുന്ന കാഴ്ചയും നാം കണ്ടു. എൻസിപിയുടെ ദൽഹി ബ്രാഞ്ച് ജനറൽ സെക്രട്ടറിയായ രവികുമാർ ഒരു കോടി രൂപയുടെ കള്ളപ്പണം 30 ശതമാനം കമ്മീഷൻ നിരക്കിൽ എങ്ങനെയാണ് വെളുപ്പിച്ചു നൽകുന്നതെന്ന് വെളിപ്പെടുത്തുന്നതും ക്യാമറയിൽ പതിഞ്ഞു. കള്ളപ്പണക്കാരെന്ന നാട്യത്തിലെത്തിയ റിപ്പോർട്ടർമാരോട് ഒരു പബ്ലിക് റിലേഷൻസ് സ്ഥാപനം തുടങ്ങാനും എൻസിപിയുടെ ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിന്റെ പിആർ വർക്ക് ആ സ്ഥാപനത്തെ ഏൽപ്പിച്ചു നൽകിക്കൊണ്ടുള്ള കത്ത് അവർക്ക് നൽകാമെന്നും 70 ലക്ഷം രൂപ പല ചെക്കുകളിലായി ഗഡുക്കളായി നൽകി പണം വെളുപ്പിച്ചു നൽകാമെന്നുമാണ് രവികുമാർ അവർക്ക് വാഗ്ദാനം നൽകിയത്. രാഷ്ട്രീയ പാർട്ടികൾക്ക് 20,000 രൂപയിൽ താഴെ ഏതു തുകയും കണക്കുകാണിക്കാതെ വാങ്ങാനാകുമെന്ന നിയമം ഉപയോഗിച്ചാണ് ഈ വെളുപ്പിക്കൽ പ്രക്രിയ സാധ്യമാക്കാൻ പാർട്ടികൾക്ക് കഴിയുന്നത്.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രവർത്തനമൂലധനമായി ലഭിക്കുന്ന പണത്തിൽ വലിയൊരു പങ്കും കള്ളപ്പണമാണെന്ന കാര്യത്തിൽ ആർക്കും തന്നെ സംശയമുണ്ടാകിനിടയില്ല. രാഷ്ട്രീയ പാർട്ടികളിൽ ആഭ്യന്തര ജനാധിപത്യവും സാന്പത്തിക സുതാര്യതയും ഉത്തരവാദിത്തവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ടായിരുന്നു ലോ കമ്മീഷണൻ ഓഫ് ഇന്ത്യ 1999 മേയിൽ അവരുടെ 170−ാമത് റിപ്പോർട്ട് സമർപ്പിച്ചതെന്ന് ഓർക്കണം. തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ പരിഷ്‌കരണത്തെപ്പറ്റിയായിരുന്നു കമ്മീഷന്റെ റിപ്പോർട്ട്. രാഷ്ട്രീയ പാർട്ടികളുടെ രൂപീകരണവും പ്രവർത്തനവും നിയമം മൂലം നിയന്ത്രിക്കപ്പെടേണ്ടതിന്റെ ആവശ്യകത കമ്മീഷൻ വെളിപ്പെടുത്തിയിരുന്നു. 2006ൽ അസോസിയേഷൻ ഓഫ് ഡമോക്രാറ്റിക് റിഫോംസ് എന്ന സംഘടന സെൻട്രൽ ബ്യൂറോ ഓഫ് ഡയറക്ട് ടാക്‌സസിന് 22 രാഷ്ട്രീയ പാർട്ടികളുടെ ആദായനികുതി റിട്ടേൺസിന്റെ (ഐടിആർ) കോപ്പി ആവശ്യപ്പെട്ടുകൊണ്ട് അവർക്ക് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ഈ ഐടിആറുകളുടെ പകർപ്പുകളുടെ പരിശോധനയിൽ കോടിക്കണക്കിനു രൂപയുടെ വരുമാനം രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്ന് കണ്ടെത്തിയെങ്കിലും അവരിൽ ഭൂരിപക്ഷം പാർട്ടികളും തന്നെ 13 എ വകുപ്പു പ്രകാരം 20,000 രൂപയിൽ കൂടുതൽ സംഭാവന ചെയ്തവരുടെ പേരു വിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കുന്നില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. മൊത്തം വെളിപ്പെടുത്തിയ വരുമാനത്തിന്റെ 25,30 ശതമാനം മാത്രമേ രാഷ്ട്രീയ പാർട്ടികൾ ആ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയവരുടെ പട്ടികയിലുണ്ടായിരുന്നുള്ളു. ബാക്കിയുള്ളവർ മുഴുവനും തന്നെ 20,000 രൂപയിൽ താഴെ മാത്രമേ സംഭാവന നൽകിയിട്ടുള്ളുവെന്നായിരുന്നു അവരുടെ വാദം. അതിൽ നിന്നും വിവരാവകാശ അപേക്ഷ നൽകിയ സംഘടനയ്ക്ക് ഒരു കാര്യം വ്യക്തമായി. രാഷ്ട്രീയ പാർട്ടികളുടെ മൊത്തം വരുമാനത്തിന്റെ 80 ശതമാനത്തോളം വരുന്നത് അജ്ഞാതരായി നിലകൊള്ളുന്നവരിൽ നിന്നോ കള്ളപ്പണക്കാരിൽ നിന്നോ ആണെന്ന കാര്യം! ഈ 80 ശതമാനം വരുന്ന വരുമാനത്തിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്നാശ്യപ്പെട്ട് എഡിആർ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വിവരാവകാശ അപേക്ഷ നൽകിയെങ്കിലും തങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നവരല്ലെന്നു പറഞ്ഞ് 2010ൽ രാഷ്ട്രീയ പാർട്ടികൾ അപേക്ഷകൾക്ക് മറുപടി നൽകിയില്ല. 2013 ജൂൺ മൂന്നിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനേയും ബിജെപിയേയും സിപിഐഎമ്മിനേയും സിപിഐയേയും എൻസിപിയേയും ബിഎസ്പിയേയും പബ്ലിക് അതോറിട്ടികളായി വിവരാവകാശ നിയമത്തിന്റെ 2(എച്ച്) പ്രകാരം കമ്മീഷൻ പ്രഖ്യാപിച്ചു. എന്നാൽ രാഷ്ട്രീയ പാർട്ടികൾ അവരുെട സ്വത്തുവിവരം വെളിപ്പെടുത്താൻ അപ്പോഴും തയ്യാറാകാതിരുന്നതിനെ തുടർന്ന് വിവരാവകാശ കമ്മീഷൻ അവരെ ഹിയറിങ്ങിന് പലവട്ടം വിളിച്ചെങ്കിലും അവർ ഹാജരായതുമില്ല. 

രാഷ്ട്രീയ പാർട്ടികൾ കള്ളപ്പണ ഇടപാടുകാരായി മാറുന്നുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കുന്നതിൽ പുതിയ ചട്ടങ്ങൾ കൊണ്ടു വരുന്നതിനായി ഡിസംബർ 18ന് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. 2000 രൂപയ്ക്കു മേൽ അജ്ഞാതരായവരിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കുന്നത് നിരോധിക്കണമെന്നായിരുന്നു കമ്മീഷന്റെ നിർദ്ദേശം. 20,000 രൂപയിൽ നിന്നും 2000 രൂപയിലേയ്ക്ക് സംഭാവനകളെ ചുരുക്കുന്നത് സംഭാവന നൽകുന്നതാരെന്ന് വെളിപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികളെ നിർബന്ധിതരാക്കിയേക്കും. അതിനു പുറമേ, മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ നസീം സെയ്ദി ചെറുതോ വലുതോ ആയ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ സംഭാവനക്കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്നും ഈ ഓഡിറ്റഡ് കണക്കുകൾ എല്ലാ വർഷവും കമ്മീഷന് സമർപ്പിക്കുകയും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകൾ ഭേദഗതി ചെയ്യുകവഴി ഈ മാറ്റങ്ങൾ ഉടനടി കൊണ്ടുവരണമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുള്ളത്. ഈ നിർദ്ദേശങ്ങളൊക്കെ തന്നെയും ലോ കമ്മീഷന്റെ മുന്നിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വെച്ചിട്ടുള്ളതുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും മറ്റു പാർട്ടികളുമെല്ലാം രാഷ്ട്രീയ പാർട്ടികളുടെ സംഭാവനകളിലെ സുതാര്യത സംബന്ധിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശത്തെ ഇപ്പോൾ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് രാഷ്ട്രീയപാർട്ടികളുമായി കൂടിക്കാഴ്ചകൾ നടത്താൻ അവർക്കുമേൽ സമ്മർദ്ദം ചെലുത്തേണ്ട ദൗത്യം തെരഞ്ഞെടുപ്പു കമ്മീഷനു മേൽ തന്നെ പതിക്കുമെന്നുറപ്പാണ്. 

തെരഞ്ഞെടുപ്പിന് വിവിധ രാഷ്ട്രീയ പാർട്ടികൾ ചെലവാക്കുന്ന തുകയുടെ കാര്യത്തിൽപ്പോലും ഇപ്പോഴും നിയന്ത്രണം ഏർപ്പെടുന്നതിൽപോലും പരാജയപ്പെട്ടിരിക്കുന്ന ഒരു കമ്മീഷനെ സംബന്ധിച്ചിടത്തോളം എങ്ങനെയാണ് സംഭാവനകളുടെ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാനാകുകയെന്നത് ചിന്തിക്കുന്നത് രസകരമായിരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ സംസ്ഥാനത്തുള്ള ഒരു സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിൽ 70 ലക്ഷം രൂപയും ചെറിയ സംസ്ഥാനത്ത് ഒരു സ്ഥാനാർത്ഥിക്ക് 54 ലക്ഷം രൂപയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വച്ചിരിക്കുന്ന ചെലവഴിക്കൽ പരിധി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 28 ലക്ഷം രൂപയാണ്. തെരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥിയും ചെലവാക്കുന്ന തുക അവർ അവർക്ക് ചെലവാക്കാനാകുന്ന തുകയുടെ 20, 30 ശതമാനം വരെ കൂടുതലാണെന്ന് എൻസിആർഡബ്ല്യുസി (ഭരണഘടനയുടെ പ്രവർത്തനം പുനപ്പരിശോധിക്കാനുള്ള ദേശീയ കമ്മീഷൻ) തെരഞ്ഞെടുപ്പു പരിഷ്‌കരണങ്ങളെപ്പറ്റി പറയുന്ന റിപ്പോർട്ടിലുണ്ടെന്ന് 2005ൽ ലോ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നതുമാണ്. 

ജനപ്രാതിനിധ്യ നിയമത്തിലും ആദായനികുതി ചട്ടങ്ങളിലും ഭേദഗതികൾ അടിയന്തരമായി നടത്താത്തപക്ഷം രാഷ്ട്രീയ പാർട്ടികളുടേയും രാഷ്ട്രീയ നേതാക്കളുടേയും മേൽനോട്ടത്തിൽ തന്നെ കള്ളപ്പണം വെളുപ്പിക്കൽ ഇവിടെ തുടരുമെന്ന കാര്യത്തിൽ സംശയമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതിനായുള്ള അഭ്യർത്ഥന പക്ഷേ രാഷ്ട്രീയ പാർട്ടികളാൽ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടം സ്വീകരിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് അറിയേണ്ടത്.


Related Articles

പു­റത്താ­കു­മോ­ ക്രി­മി­നലു­കൾ ?
Jan 17

പു­റത്താ­കു­മോ­ ക്രി­മി­നലു­കൾ ?

ജെ. ബിന്ദുരാജ് ഒരു കുറ്റകൃത്യത്തിന് രണ്ടു വർഷത്തിലധികം നീളുന്ന തടവുശിക്ഷയ്ക്ക് ഒരു ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാൽ...

Read More
അയോ­ഗ്യതയു­ടെ­ അപാ­രതീ­രങ്ങൾ!
Jan 10

അയോ­ഗ്യതയു­ടെ­ അപാ­രതീ­രങ്ങൾ!

ജെ. ബിന്ദുരാജ് ഇംഗ്ലീഷിൽ സാഡ് എന്നുവെച്ചാൽ ദുഃഖം എന്നാണ് അർത്ഥം. ചുരുക്കെഴുത്തായി അതേ പേരുള്ള ഒരു...

Read More
നീ­തി­നി­ഷേ­ധവും നി­യമലംഘനങ്ങളും
Jan 03

നീ­തി­നി­ഷേ­ധവും നി­യമലംഘനങ്ങളും

ജെ. ബിന്ദുരാജ്  കേരളത്തിലെ 11 ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളിലാരെങ്കിലും ഒരു ചെറിയ വാസകേന്ദ്രം കടൽത്തീരത്ത്...

Read More
അഴി­ക്കു­ള്ളി­ലാ­കട്ടെ­ വി­വാ­ഹ കു­റ്റവാ­ളി­കൾ!
Dec 20

അഴി­ക്കു­ള്ളി­ലാ­കട്ടെ­ വി­വാ­ഹ കു­റ്റവാ­ളി­കൾ!

ജെ. ബിന്ദുരാജ്  വിവാഹം ഏത് സ്വർഗത്തിൽ വെച്ച് നടന്നാലും ദന്പതികൾ ജീവിക്കേണ്ടത് ഈ ഭൂമിയിലാണെന്ന കാര്യത്തിൽ ഒരു...

Read More
ശശി­കലയും കു­റെ­ ശശി­മാ­രും!
Dec 13

ശശി­കലയും കു­റെ­ ശശി­മാ­രും!

ജെ. ബിന്ദുരാജ്   മരണം ഏകാധിപതികളുടെ ഭരണങ്ങളെപ്പോലും പാടിപ്പുകഴ്ത്താനുള്ള അവസരങ്ങളായി മാധ്യമങ്ങളും സ്തുതിപാഠകരും...

Read More
സൂ­പ്പർ ബൈ­ക്കു­കൾ വി­ല്ലന്മാ­രാ­കരു­ത്!
Dec 06

സൂ­പ്പർ ബൈ­ക്കു­കൾ വി­ല്ലന്മാ­രാ­കരു­ത്!

ജെ. ബിന്ദുരാജ് സൂപ്പർ ബൈക്കുകളുടേയും ക്രൂസർ ബൈക്കുകളുടേയും പ്രളയകാലമാണിന്ന് കേരളത്തിൽ. ട്രയംഫ്, ബെനേലി, ഹാർലി...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.