നി­ലക്കാ­ത്ത നാ­ദവീ­ചി­കൾ


അമ്പിളിക്കുട്ടൻ 

ഒരു ദേശത്തിന് സംഗീതപരമായ നഷ്ടം ഉണ്ടാവുന്പോൾ അത് മനുഷ്യന്റെ ജീവിതത്തിൽ വരുത്തുന്ന മാനവികമായ ശോഷണം ഒരുപക്ഷെ പെട്ടെന്ന് അറിയപ്പെടണമെന്നില്ല. എന്നാൽ അത് അറിയപ്പെടുകതന്നെ ചെയ്യും. കാരണം നഷ്ടപ്പെടുന്ന ഭാവനാലോകവും പറന്നുവന്നു നമ്മുടെ മനസ്സുകളിൽ ചേക്കേറുമായിരുന്ന സംഗീതശലഭങ്ങളുടെ അഭാവവും വികാര സംവേദനങ്ങൾ ഉള്ളിൽ വഹിക്കുന്ന മനുഷ്യത്വത്തിന്‌ വലിയൊരു ഉടവ് തന്നെയായി അനുഭവപ്പെടും. ഓരോ മനുഷ്യനും അവന്റെ ഭാവനയും സവിശേഷമാണ്, ആരാലും അനനുകരണീയമാണ്. ഒരു വീണ നിശ്ശബ്ദമാവുന്പോൾ അതിൽ നിന്നും ഉതിർന്നുകൊണ്ടിരുന്ന അനർഗ്ഗളമായ സംഗീതനദിയാണ് ഒഴുക്ക് നിർത്തുന്നത്. അത് ജീവിതത്തെ അത്രകണ്ട് ഊഷരമാക്കും. അത് കാലങ്ങളായി ഗിരിശൃംഗങ്ങളിലെ മഞ്ഞുരുകിവരുന്ന നിർമലമായ ജലപ്രവാഹമായി ഒരുപാട് ജീവിതങ്ങൾക്ക് കുളിർമ്മ കൊടുക്കുന്ന മഹാനദിയാകുന്പോൾ അതിന്റെ അഭാവം ജീവിതത്തെ അസുന്ദരമാക്കുന്നു.

ഗുരുജി ഡോക്റ്റർ ബാലമുരളീകൃഷ്ണയുടെ വിയോഗം വരുത്തിവെച്ച നഷ്ടബോധം മാറാൻ കാലങ്ങളെടുക്കും. സംഗീതപരമായ ഒരു അനാഥത്വമാണ് അത് വരുത്തിെവച്ചത്. കാലങ്ങളായി മാറ്റമില്ലാതെ പിന്തുടരപ്പെട്ട ഒരു ശൈലിയിൽ നിന്നും വഴിമാറി ചിന്തിച്ച്‌, ഒരു പുതിയ സരണി വെട്ടിത്തെളിച്ച് അതിലൂടെ സ്വയം യാത്രചെയ്തു കാണിച്ചുകൊണ്ട് ആ വഴിയിലൂടെ വന്നാൽ ഇതുവരെ കാണാത്ത പല മോഹിപ്പിക്കുന്ന കാഴ്ചകളും കാണാനാവുമെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഒരു മഹാനുഭാവൻ നമ്മുടെകൂടെ ജീവിച്ചിരുപ്പുണ്ടെന്നുള്ള തോന്നൽ തന്നെ ഏറെ ആത്മവിശ്വാസം പകരുന്നതായിരുന്നു.ഏറെക്കാലം കർണ്ണാടക ശുദ്ധമല്ല എന്ന മുദ്ര ചാർത്തി അദ്ദേഹത്തിന്റെ സംഗീതത്തെ വിലകുറച്ചു കാണാൻ ശ്രമിച്ചവരെയൊക്കെ പിൽക്കാലത്ത് അദ്ദേഹത്തിന്റെ സംഗീതത്തിന്റെ മുക്തകണ്ഠമുള്ള ആസ്വാദകരാക്കിതീർത്തു ആ മഹത്തായ സംഗീതനദി. ആ പ്രവാഹം അതിന്റെ പൂർണ്ണശക്തിയോടെ ഒരു വൻ ജലപാതമായി ഒഴുകിവരുന്പോൾ അതിനെ തടുത്തുനിർത്താനാവില്ല. ആ നദി അനുസ്യൂതമായി ഒഴുകി, വിമർശിച്ചവർ അതിന്റെ സൗകുമാര്യം നുകർന്നും കുളിർമ്മ അനുഭവിച്ചും തൃപ്തിപ്പെട്ടു.

ത്യാഗരാജ നേർശിഷ്യ പരന്പരയിൽ അഞ്ചാമനായ അദ്ദേഹത്തെപ്പോലെ സ്വന്തം വ്യക്തിത്വത്തെ അടിമുടി സംഗീത സാന്ദ്രമാക്കിയ മറ്റൊരാളുണ്ടോ എന്ന് സംശയമാണ്. ആർദ്രവും സ്‌നേഹനിർഭരവുമായ ശബ്ദത്തിന്റെ മാർദ്ദവത്തിലും വാക്കിലും നോക്കിലും സംഗീതം നിറച്ചു അദ്ദേഹം. അനിതരസാധാരണമായ ആശയങ്ങളാലും ഹൃദയാവർജ്ജകങ്ങളായ സ്വരസംഗമങ്ങളുടെ ആധിക്യത്താലും അദ്ദേഹത്തിനുപോലും മുൻനിശ്ചയമില്ലാത്ത അതിശയ സഞ്ചാരപഥങ്ങളിലൂടെ അദ്ദേഹം സംഗീതമെന്ന പ്രതിഭാസത്തിന്റെ നിമ്നോന്നതങ്ങളിലൂടെ യഥേഷ്ടം സഞ്ചരിച്ചു. വിഭാഗീയതകളെ അറിയാത്ത ആ സംഗീതം കലുഷതകളിലും സാമഞ്ജസ്യമാണ് കണ്ടെത്തിയത്. അനുകൂലമല്ലാത്ത സാഹചര്യങ്ങളേ ഹൃദ്യവും സ്വതസിദ്ധവുമായ ഒരു പുഞ്ചിരികൊണ്ട് നേരിടുവാൻ അദ്ദേഹത്തിന് ആവുമായിരുന്നു. ആ പുഞ്ചിരി നിറയെ സംഗീതമായിരുന്നു. സംഗീതം ഒരുമയ്ക്കുള്ളതാണ്, മത്സരിക്കാനോ മേൽക്കോയ്മ കാണിക്കാനോ ഉള്ളതല്ലെന്നു അദ്ദേഹം  തന്റെ ജുഗൽ ബന്ദികളിലൂടെ തെളിയിച്ചു. അതാണ് ഭാരതീയസംഗീതത്തിന്റെ സമഗ്രതയെ ലോകത്തിനു കാഴ്ചവെച്ചത്.

രണ്ടു വ്യത്യസ്ത ശൈലികൾ ഒരേ വേദിയിൽ ആവിഷ്‌ക്കരിക്കപ്പെടുന്പോൾ അത് കഴിവുകൾ തമ്മിൽ പരസ്പ്പരം മാറ്റുരക്കാനുള്ള വേദിയായി മാറുകയായിരുന്നു പതിവ്. എന്നാൽ അദ്ദേഹം വേദിയിൽ ഒന്നിച്ചു പാടുവാനിരിക്കുന്ന ഗായകർ തമ്മിലുള്ള രസതന്ത്രത്തെയും സംഗീതമയമാക്കി. കേൾക്കുന്നവർക്ക് ഗായകർ തമ്മിലുള്ള ആ രസതന്ത്രം സംഗീതത്തിന്റെ ഉദാത്ത അനുഭവങ്ങൾ സമ്മാനിച്ചു. ഭാരതീയ സംഗീത ശൈലികളുടെ വ്യക്തിനിഷ്ടമായ ആവിഷ്‌ക്കാരത്തനിമയും പൊതുവായ  അടിത്തറയും ഒരേ സമയം അതിന്റെ സമഗ്രതയോടെ ആസ്വാദകരിലേക്കു പകരപ്പെട്ടു. ഓരോ രാഗങ്ങളും അദ്ദേഹത്തിന്റെ ഭാവനയിൽ പുനർജ്ജന്മം കൈവരിച്ചു. അവയുടെ സഞ്ചാരത്തിൽ കൈവരിച്ച അതുവരെ അനുഭവിക്കാത്ത നവീനത വേറിട്ടൊരനുഭവമായിരുന്നു ആസ്വാദകലോകത്തിന്. അതിനു ഒരു ചെറിയ ഉദാഹരണമാണ് സ്വാതിതിരുനാൾ ചിത്രത്തിന് വേണ്ടി ആലപിച്ച മോക്ഷമുഗലദ എന്ന സാരമതിരാഗ ത്യാഗരാജകൃതി. ആ ആലാപനത്തിൽ കീർത്തനം അതിന്റെ യോഗാത്മക ഭാവത്തിന്റെ പാരമ്യത്തിൽ എത്തിനിൽക്കുന്നു, രാഗം അവാച്യമായ തലങ്ങളിലേയ്ക്ക് ഉയരുന്നു. പത്തു മിനിറ്റുകൊണ്ട് അത് റിക്കോർഡ് ചെയ്തിട്ട് അദ്ദേഹം ശബ്ദമുറിയിൽ നിന്നും പുറത്തു വന്നപ്പോൾ സംഗീതസംവിധായകൻ യശ്ശശരീരനായ എം.ബി.ശ്രീനിവാസൻ സാർ കാൽ തൊട്ടു വന്ദിച്ചുകൊണ്ടു പറഞ്ഞു. മഹാഗായകാ, താങ്കൾ ബാലമുരളിയല്ല, മഹാമുരളിയാണ് എന്ന്.

അദ്ദേഹത്തെ ഈ കുറിപ്പിന്റെ പരിമിതിയിലൊതുക്കാനുള്ള വൈഭവം എനിക്കില്ല. അങ്ങിനെ ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ മഹാവ്യക്തിത്വം. സംഗീതം ചേർന്നാൽ എന്റെയും നിങ്ങളുടെയും വേറിട്ട ശബ്ദങ്ങൾ നമ്മുടെ സ്വരമായി ഒരുമിച്ചുചേർന്ന് സംഗീതമെന്ന മഹാസാഗരത്തിൽ വിലയിച്ച്‌ പിന്നീട് മേഘമായി ഉയർന്ന് മഴയായി വീണ്ടും വർഷിക്കപ്പെടും എന്നദ്ദേഹം പാടി. നമ്മുടെയൊക്കെ മനസ്സുകളെ ഉർവരമാക്കാൻ അദ്ദേഹം പാടിയതുപോലെ എക്കാലവും ആ മഹാസംഗീതം നിലക്കാതെ അനുസ്യൂതം പെയ്തിറങ്ങട്ടെ. ആ പ്രൗഢമായ ഓർമ്മകൾക്ക് മുന്നിൽ ഒരു വിനീത ശിഷ്യന്റെ അശ്രുപുഷ്പ്പാഞ്ജലി.

You might also like

Most Viewed