പ്രകാ­ശം പരത്തേ­ണ്ട ജീ­വി­തങ്ങൾ


അന്പിളിക്കുട്ടൻ

ശ്രീരാമകൃഷ്ണ പരമഹംസൻ പറഞ്ഞ ഒരു കഥയാണ്. ഒരിക്കൽ ഒരു സന്യാസിവര്യൻ അദ്ദേഹത്തിന്റെ ശിഷ്യന് കാണായ സർവ്വത്തിലും കുടികൊള്ളുന്നത് സാക്ഷാൽ നാരായണനാണ് എന്ന് പറഞ്ഞുകൊടുത്തു. കല്ലിലും മണ്ണിലും പുല്ലിലും പൂവിലും വിണ്ണിലുമെല്ലാം ആ പരമാത്മതത്വൻ തന്നെ പ്രകാശിക്കുന്നു. ശിഷ്യൻ ഗുരുവിന്റെ ഉപദേശം മനസാ പൂർണമായി ഉൾക്കൊണ്ടു ജീവിച്ചുവന്നു. ഒരിക്കൽ ശിഷ്യൻ വഴിയിൽക്കൂടി നടന്നു പോകുന്പോൾ ഒരു ആന മദമിളകി ഓടിവരുന്നതുകണ്ടു.ആനക്കാരൻ പിറകെ ആനക്ക് മദമിളകിയതാണ്, എല്ലാവരും മാറിക്കോ എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഓടിവരുന്നുണ്ടായിരുന്നു. ആനയിലും നാരായണൻ ആണ് കുടികൊള്ളുന്നതെന്ന് ഗുരു പറഞ്ഞല്ലോ അതിനാൽ ഞാൻ ഓടിപ്പോകേണ്ട കാര്യം ഇല്ല എന്ന് നിശ്ചയിച്ച ശിഷ്യൻ അവിടെത്തന്നെ നിന്നു. ആന അയാളെ തുന്പിക്കയ്യിൽ തൂക്കി ദൂരെയെറിഞ്ഞു. എല്ലുകളെല്ലാം നുറുങ്ങിപ്പോയ ശിഷ്യൻ ആറുമാസത്തെ ചികിത്സ കഴിഞ്ഞു തിരികെ ഗുരുവിന്റെ അടുക്കലെത്തി പരാതിപ്പെട്ടു. അങ്ങ് പറഞ്ഞിട്ടല്ലേ ഞാൻ ആനയിലെ നാരായണനെ കണ്ടു അവിടെത്തന്നെ നിന്നത്, എനിക്കെന്താണ് ഇങ്ങനെ സംഭവിച്ചത് ഗുരോ? ഗുരു പറഞ്ഞു നീ ആനയിൽ മാത്രമേ നാരായണനെ കണ്ടുള്ളു. ആനക്കാരൻ നാരായണനെ എന്തുകൊണ്ട് കണ്ടില്ല, അയാൾ വഴിയിൽനിന്നും ഓടിമാറിക്കോ എന്ന് ഉറക്കെ ഉപദേശിച്ചത് നീ ചെവിക്കൊണ്ടില്ല. വിശ്വാസത്തിൽ ആവശ്യം പുലർത്തേണ്ട യുക്തിയെയാണ് നീ അതിലൂടെ കൈവിട്ടത്, അതിനാൽ നിനക്കിതു അനുഭവിക്കേണ്ടി വന്നു എന്ന് മറുപടി കൊടുത്തു.

പുതുവർഷം പിറന്ന ഈ വേളയിൽ നാം അനുവർത്തിക്കേണ്ടതും ജീവിതത്തിലെ ഈ യുക്തിബദ്ധതയാണ്. അവനവന്റെ യുക്തിക്കും ചിന്തക്കും ജീവിതത്തിൽ സ്ഥാനം കൊടുക്കുക. നമുക്ക് വേണ്ടി ചിന്തിക്കാനും നമ്മുടെ അഭിപ്രായങ്ങൾ രൂപീകരിക്കുവാനും അന്യനെ ചുമതലപ്പടുത്താതെ ഇരിക്കുക. അറിയാത്ത വിഷയങ്ങളിൽ പരമാവധി തുറന്ന മനോഭാവം അനുവർത്തിക്കുക. മുൻവിധിയിൽ സത്യങ്ങളെ കൈവിട്ടുകളയാതിരിക്കുക. രാഷ്ട്രീയം രാഷ്ട്രീയക്കാർക്ക് വിട്ടുകൊടുക്കുക. നമുക്ക് ആശയങ്ങളെ കാണാം. അവയുടെ പ്രായോഗികതയെ നമ്മുടെ സ്വന്തം നിരീക്ഷണത്തിന്റെ വെളിച്ചത്തിൽ വിലയിരുത്താം.ഇക്കാര്യത്തിൽ പ്രലോഭിപ്പിക്കാനും വഴിതെറ്റിക്കാനും പല ശക്തികളും കൂടിചേർന്നേക്കാം. എന്നാൽ നാളത്തെ ലോകസൃഷ്ടിക്കായി വേണം ചിന്തകൾ ഉരുത്തിരിയാൻ, അത് വഴിതിരിഞ്ഞു രാഷ്ട്രീയത്തിനോ മറ്റെന്തിനെങ്കിലുമോ വേണ്ടിയാവുന്നതു ലോകത്തെ അത്രയും അസുന്ദരമാക്കും. തലമുറകളോടുള്ള അനീതിയാവും അത്.

ഇന്നത്തെ ലോകം നേരിടുന്ന ഏറ്റവും ഗൗരവതരമായ പ്രശ്നം ചോദ്യം ചെയ്യപ്പെടാത്ത അന്ധമായ അംഗീകാരങ്ങളാണ്. രാഷ്ട്രീയത്തിലും മതത്തിലും ഏറെ ശക്തമായ ഈ പ്രവണത നിലവിലുള്ള യാഥാർഥ്യത്തെ പലപ്പോഴും വളച്ചൊടിക്കുകയോ പൂർണമായും മറ്റൊന്നായി ചിത്രീകരിക്കുകയോ ചെയ്യാറുണ്ട്. തങ്ങൾക്കു വേണ്ടി ചിന്തിക്കാൻ മറ്റുള്ളവരെ അധികാരപ്പെടുത്തിയിട്ടു സ്വന്തം യുക്തിയെ വിശ്രമത്തിനു വിടുന്നവർ രാഷ്ട്രീയ സംവിധാനത്തിന്റെ എല്ലാ വശങ്ങളിലും കാണപ്പെടുന്നു. ഇങ്ങനെ സംഭവിക്കുന്നത് കൊണ്ട് തങ്ങൾക്കും, തങ്ങളുടെ ജീവിതത്തിന്റെ വളർച്ചക്കും ഹിതകരമായതെന്ത് എന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ പലർക്കും സാധിക്കാതെ വരും. അപ്പോൾ ആഗ്രഹിക്കുന്ന അവസ്ഥയിലേക്കുള്ള പുരോഗതി കൈവരിക്കാൻ കഴിയാതെ വരുന്നു.രാഷ്ട്രനിർമിതിയിൽ ഭാഗഭാക്കാകാൻ അവർക്കു സാധിക്കുന്നില്ല. സ്വന്തം ചിന്തയിൽ മൗലികത കണ്ടെടുക്കുവാനുള്ള യുക്തിയാണ് ആവശ്യം. നേതാവ് പറയുന്നതിന് മുകളിൽ മറ്റൊരു ചിന്തയില്ലാതെ വിധേയത്വം പ്രകടിപ്പിക്കുന്നവരുടെ ഹാനികരവും അതേസമയം ദയനീയവുമായ രൂപമാണ് ഭീകരവാദികളിൽ കാണുന്നത്. ഇത്തരം ഗ്രൂപ്പുകളിൽ അവരുടെ സ്വതന്ത്ര ചിന്തയെയാണ് ആദ്യമായി ഇല്ലായ്മ ചെയ്യുന്നത്. യുക്തിയുടെ വിളക്കുകൾ പൂർണമായി അണച്ചുകളയുന്നു. എങ്കിൽ മാത്രമേ ജീവനുള്ള യന്ത്രങ്ങളായി അവർ പണിയെടുക്കൂ, സ്വയം പൊട്ടിച്ചിതറൂ. യഥാർഥത്തിൽ നേതാവന്നു കരുതുന്ന വ്യക്തിക്ക് സ്വന്തം യുക്തിയെ അടിയറവച്ച് അവർ പറയുന്നത് അന്ധമായി നടപ്പിലാക്കുന്നവരുടെ വ്യക്തിത്വത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന ആ ഒരു വിധേയ മനോഭാവത്തിൽ നിന്നാണ് ഭീകരപ്രസ്ഥാനങ്ങൾ തീവ്രവാദികളെയും ചാവേർ ബോംബുകളെയും സൃഷ്ടിക്കുന്നത്. നമുക്ക് വേണ്ടത് ഒന്നിലുമുള്ള ഈ ചാവേർ മനോഭാവമല്ല, വ്യക്തിജീവിതം സുന്ദരമാക്കുന്ന ഉത്തരവാദിത്തങ്ങളും കടമകളും ഒരു തട്ടിലും സമൂഹജീവിതത്തിൽ ഭാഗഭാക്കാകാനുള്ള പൗരബോധവും പ്രതിബദ്ധതയും മറുതട്ടിലും തുലനം ചെയ്യുന്ന സന്തുലിത ജീവിതബോധമാണ്. ജന്മമെടുത്തവർ ജീവിതത്തെ പുൽകണം, അല്ലാതെ നാശത്തെയല്ല.

തുല്യനീതിയിലാണ് പ്രകൃതി വിശ്വസിക്കുന്നത്. ഒരോ ജനതതിയുടെയും സാഹചര്യത്തിനും ജീവിതക്രമങ്ങൾക്കും അനുസൃതമായ യുക്തിബോധം പ്രകൃതി നൽകിയിട്ടുണ്ട്. അത് പണയം വെക്കുന്പോൾ ലോകത്തിന്റെ വെളിച്ചം മങ്ങിപ്പോകുന്നെങ്കിൽ അതിൽ പ്രകൃതിക്കോ ഈശ്വരനോ പങ്കില്ല. ഏറ്റവും ഉറച്ച വിശ്വാസങ്ങളിൽപ്പോലും യുക്തിക്കുള്ള സ്ഥാനം ഉറപ്പിക്കുന്നതാണ് ആദ്യം പറഞ്ഞ കഥ. മണ്ണിനെയും മനുഷ്യനെയും ഹൃദയങ്ങളെയും വെട്ടിമുറിക്കുന്ന ആയുധങ്ങളുടെ സൃഷ്ടിയിലേക്ക് നയിക്കുന്നത് അവിശുദ്ധമായ മതരാഷ്ട്രീയ ചേരുവകൾ ചേർത്ത വിഷമയഭക്ഷണം സമൂഹത്തിന്റെ ദഹനവ്യവസ്ഥക്ക് അമ്ലാംശം കൂട്ടി ദഹനേന്ദ്രിയത്തെത്തന്നെ ദ്രവിപ്പിക്കുന്പോൾ മനുഷ്യന് ഭ്രാന്തിളകുന്നത് കൊണ്ടാണ്. ആ ഭ്രാന്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ യുക്തിചിന്തയുടെ അന്തരിന്ദ്രിയത്തെ ഉണർത്തുക എന്നത് മാത്രമാണ്. ആ ഉണർവിലൂടെ നാളത്തെ ലോകമെങ്കിലും പ്രകാശിക്കട്ടെ.

You might also like

Most Viewed