ഇടി­യു­ന്ന മൂ­ല്യങ്ങളും പി­ടയു­ന്ന ബാ­ല്യങ്ങളും


അന്പിളിക്കുട്ടൻ

മനുഷ്യനെന്നപോലെ ചില പ്രദേശങ്ങൾക്കും നല്ലകാലവും ചീത്തക്കാലവുമുണ്ട്. നല്ല വ്യക്തികളാലും, സംഭവങ്ങളാലും, നല്ല ചരിത്ര പശ്ചാത്തലങ്ങളാലും അതുപോലെ മോശമായതും അറപ്പുളവാക്കുന്നതും വെറുക്കപ്പെടുന്നതുമായ കാര്യങ്ങളാലും അറിയപ്പെടാൻ അവയ്ക്കാവുന്നു. എന്നാൽ സുപ്രസിദ്ധമായിരുന്ന ഇടങ്ങൾ കുപ്രസിദ്ധമാകുന്പോൾ അതുണ്ടാക്കുന്ന നാണക്കേട് നമ്മുടെ കാലത്തിന്റെ സംഭാവനയാണ്. അത് ഏറിയും കുറഞ്ഞും നമ്മിലേക്കൊക്കെ ചെളി തെറിപ്പിക്കുന്നുണ്ട്. ദക്ഷയാഗം നടന്ന ഇടം എന്ന പേരിൽ ഐതിഹാസികമായി എക്കാലവും അറിയപ്പെട്ടിരുന്ന കൊട്ടിയൂർ ഇപ്പോൾ ഒരു സ്ത്രീപീഡനത്തിന്റെ പേരിൽ അറിയപ്പെടുന്നു. വാളയാർ കേരള തമിഴ്നാട് അതിർത്തിപ്രദേശം എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോളത് സഹോദരികളായ രണ്ടു കുരുന്നു പെൺകുട്ടികളുടെ ജീവനെടുത്ത മനുഷ്യവിരുദ്ധമായ ഒരു പീഡനത്തിന്റെ പേരിൽ അറിയപ്പെടുന്നു. വേലുത്തന്പി ദളവയുടെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തിന്റെ ചരിത്ര പശ്ചാത്തലത്തിൽ അറിയപ്പെടുന്ന പ്രദേശം ഇന്ന് പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛന്റെ പേരിൽ അറിയപ്പെടുന്നു. ഇങ്ങനെ ഓരോരോ പ്രദേശങ്ങൾ മനുഷ്യ വിരുദ്ധതയുടെ പേരിൽ പത്രത്താളുകളിലും രാത്രി ചർച്ചകളിലും നിറയുന്പോൾ അവിടങ്ങളിലെ മാനം മര്യാദയോടെ ജീവിക്കുന്ന വ്യക്തികൾക്കും അവർ ജീവിക്കുന്ന പ്രദേശത്തു നിന്നും അറപ്പുളവാക്കുന്ന വാർത്തകൾ വരുന്പോൾ ആ അഴുക്കു തെറിച്ച് അറിയാതെ ഒരു ദുർഗന്ധം വഹിക്കേണ്ടി വരുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിന്റെ ദുർഗന്ധം നാമും അനുഭവിക്കേണ്ടി വരുന്ന ഗതികേട് ആലോചിക്കൂ. മക്കളോടൊപ്പം ഒരുമിച്ചിരുന്ന് വാർത്തകൾ കാണാനാവാതെ വിഷമിക്കുന്ന മാതാപിതാക്കൾ അത് അനുഭവിക്കുന്നവരാണ്. മാതൃ പിതൃ ആചാര്യ പിതാമഹ ഭേദമില്ലാതെ എല്ലാ രംഗങ്ങളെയും ദുഷിച്ചു നാറ്റിക്കുന്ന അധമപ്രവൃത്തികൾ വാർത്തയല്ലാതാവുന്പോൾ അതിന് നിർദേശിക്കപ്പെടുന്ന പ്രതിവിധികൾ പലപ്പോഴും സമൂഹത്തെ രോഗശയ്യയിലാക്കുന്നവയാണ്.

കുട്ടികളെ ആപത്തിൽ നിന്നും രക്ഷിക്കാനായി അമ്മമാർക്കുള്ള ഉപദേശ രൂപേണയുള്ള ഒരു വീഡിയോ കാണുവാനിടയായി. ഒരു സ്ത്രീ തന്നെ ആധികാരിക പരിവേഷത്തിൽ കൊടുക്കുന്ന അത്തരം ഉപദേശങ്ങൾ ശരിയായ മാർഗനിർദേശമല്ല സമൂഹത്തിന് കാഴ്ചവെക്കുന്നത്. എഴുതാത്ത വെള്ളക്കടലാസ് പോലെ ശുദ്ധമായ കുഞ്ഞുങ്ങളുടെ കുരുന്നു മനസിലേക്ക് ഏതൊക്കെയാണ് അവരുടെ സ്വകാര്യ അവയവങ്ങൾ, എങ്ങനെയൊക്കെയാണ് ആളുകളുടെ സ്വഭാവത്തെ വ്യാഖ്യാനിക്കേണ്ടത് എന്നൊക്കെ പറഞ്ഞുകൊടുത്ത് കുരുന്നു പ്രായത്തിൽ അവരുടെ ശൈശവത്തെ കൊല ചെയ്യാതെ ആ കാലഘട്ടത്തിൽ അവരെ എങ്ങിനെയാണ് ഉത്തരവാദിത്തത്തോടെ വളർത്തേണ്ടതെന്ന് രക്ഷിതാക്കളെ ഉദ്ബോധിപ്പിക്കുകയാണ് വേണ്ടത്. ശാരീരിക ബോധം കൗമാരത്തിലേക്ക് കടക്കുന്പോൾ സ്വാഭാവികമായി അവർക്കു കൈവന്നു കൊള്ളും. അപ്പോഴാണ് മാതാപിതാക്കളുടെ പാഠങ്ങൾ അവർക്കു ആവശ്യമാവുന്നതും. അതിലൂടെ സ്വയം രക്ഷിക്കാൻ അവർ പ്രാപ്തരാവുന്നതും. പ്രാഥമികമായ അറിവുകളെങ്കിലും കുട്ടികൾക്ക് അവരുടെ വളർച്ചയിലൂടെ സ്വാഭാവികമായി ഉണ്ടാകുന്നവയായി തുടരാൻ അനുവദിക്കുക. പ്രകൃതിക്കു ജീവിതങ്ങളിൽ അവശേഷിച്ചിരിക്കുന്ന പരിമിതമായ സ്വാധീനമെങ്കിലും നിലനിൽക്കട്ടെ. ശൈശവ വിശുദ്ധി അത്രയെങ്കിലും പരിരക്ഷിക്കപ്പെടട്ടെ. കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി തുടരാൻ അനുവദിക്കാത്ത പ്രതിവിധികളും ഈ പീഡനകാലത്ത് ജീവിതത്തിന്റെ സൗന്ദര്യം കുറയ്ക്കുന്നവയാണ്.

വർഷം തോറും മാറിമാറി വരുന്ന പ്രതികൂല കാലാവസ്ഥയെ മറികടക്കാനും ഭക്ഷണവും വെള്ളവും യഥേഷ്ടം ലഭിക്കാനുമായി ജന്തു ജീവജാലങ്ങൾ ആയിരക്കണക്കിന് മൈലുകൾ താണ്ടി വിദൂരസ്ഥലങ്ങളിൽ എത്തുന്നത് അങ്ങിനെയൊക്കെ ചെയ്യണമെന്ന് അവയുടെ അച്ഛനമ്മമാർ പറഞ്ഞു പഠിപ്പിച്ചിട്ടല്ല. അത് പ്രകൃതി പറഞ്ഞു കൊടുക്കുന്നതാണ്. അവ പൂർണമായും പ്രകൃതിയെ ആസ്പദമാക്കി ജീവിക്കുന്പോൾ മനുഷ്യൻ പ്രകൃതിയെയും പ്രകൃതി തന്ന യുക്തിചിന്തയെയും ആസ്പദമാക്കി ജീവിക്കുന്നു. എന്നാൽ ഇപ്പോൾ ചില വായിൽക്കൊള്ളാത്ത വാക്കുകൾ കൊണ്ട് തണൽ സൃഷ്ടിച്ചു അതിന്റെ മറവിൽ വികാരങ്ങൾ തെരുവിന്റെ ഓരത്തു തന്നെ തീർക്കാൻ ശ്രമിക്കുന്നവരും പുതുതലമുറയുടെ വളർച്ചയിൽ നിന്നും പ്രകൃതിയെ അന്യവത്ക്കരിക്കാൻ ശ്രമിക്കുന്നവരും ഒരേസമയം യുക്തിചിന്തയെയും പ്രകൃതിയെയും കൈവിട്ടു ജീവിതത്തിനു അസ്വാഭാവികതയുടെ ഏടുകൾ ചമയ്ക്കുന്നു.

സത്യത്തിൽ പഴയകാലത്തെ തികഞ്ഞ നിഷ്കളങ്കതയുടെ പ്രതീകമായിരുന്ന ബാല്യങ്ങളെ ഇനിയും കണ്ടുമുട്ടാൻ ഉള്ളു തുടിക്കുന്നു. ജീവിതം ആനുപാതികതയുടെ ഒരു കേളീരംഗമാണ്. പഴയ ബാല്യങ്ങൾ കണ്ടുമുട്ടിയത് അവർക്കായി കത്തിയെരിഞ്ഞ അവരുടെ നന്മക്കുവേണ്ടി ബലിയർപ്പിക്കപ്പെട്ട ജന്മങ്ങളെയാണ്. ഇന്ന് വളരെ കുട്ടിക്കാലത്തുതന്നെ ആ ശൈശവ നൈർമ്മല്യത അവരോട് വിട പറയുന്നെങ്കിൽ അത് വിവരസാങ്കേതിക യുഗത്തിന്റെ പെരുക്കപ്പട്ടിക കുട്ടിക്കാലത്തുതന്നെ സ്വായത്തമാക്കുന്പോൾ സ്വാഭാവികമായി അവരുടെ മനസിൽ നിന്നു അവ അന്യവൽക്കരിക്കപ്പെടുന്നതിനാലാണ്. അത് സാഹചര്യങ്ങൾക്കനുസരിച്ചു കാലം അവരിൽ വരുത്തുന്ന മാറ്റമാണ്. പുറത്തും അകത്തും അവരെ കാത്തിരിക്കുന്നത് ക്രൂരസർപ്പങ്ങളും കരാള ദംഷ്ട്രങ്ങളുമാവുന്പോൾ ആ അഭിശപ്ത ശൈശവം നഷ്ടപ്പെട്ട ശിശുക്കളുടെയും നൈർമല്യത നഷ്ടപ്പെട്ട ബാല്യത്തിന്റെയും നഷ്ടവസന്തമാണ്. എന്നും വാത്സല്യത്തിൽ ഉരുകി, ആർദ്രതയുടെ പുഴയൊഴുക്കി, സ്നേഹത്തിന്റെ ബലിയർപ്പിക്കുന്ന രക്തബന്ധത്തിന്റെ ആകുലത നിറഞ്ഞതാണ് കേരളീയ പൈതൃകം. മകളാണ് മറക്കരുത് എന്ന് ഓർമപ്പെടുത്തേണ്ട ഗതികേട് അതിനില്ല. എന്നാൽ മകളാണ് എന്നത് മറക്കുന്നവന് പ്രതിവിധി അവന്റെ തലച്ചോർ അല്ലെങ്കിൽ ആത്മാവ് മാറ്റിവെക്കുക എന്നത് മാത്രമേയുള്ളു, സംശയമില്ല.

You might also like

Most Viewed