മാ­നവി­കതയും ശരീ­രശാ­സ്ത്രവും


അമ്പിളിക്കുട്ടൻ 

തൃശരീരത്തിൽ കേവലമൊരു കോശമായാണ് നമ്മുടെ ജീവാണു പിറവിയെടുക്കുന്നത്. കൂടെ പിന്നീടവതരിക്കുന്ന മറ്റു കോശങ്ങളുമായത് സൗഹാർദ്ദം കൂടി ഉണ്ടാകുന്ന കൂട്ടം മറ്റു കോശങ്ങളുടെ കൂട്ടവുമായി സൗഹാർദ്ദം കൂടി അങ്ങിനെയങ്ങനെ പരസ്പ്പരം കൂട്ടുകൂടി സഹകരിക്കുന്ന കോശങ്ങളുടെ ഒരു വലിയ കോളനിയായി മാറുന്നു.ക്രമേണ മാതൃശരീരത്തിനുള്ളിൽ നമ്മുടെ ശരീരമായി രൂപം പ്രാപിക്കുന്നു. യഥാർത്ഥത്തിൽ പരസ്പ്പരം സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന നൂറ്റിഇരുപത് ട്രില്യൺ കോശങ്ങളുടെ ഒരു മഹാകോളനിയാണ് നാമോരുത്തരും. ഇവ പരസ്പ്പരം വ്യത്യസ്തരായ വ്യക്തികളെപ്പോലെ തന്നെയാണ്. കാരണം തലച്ചോറിലുള്ള ഒരു സെല്ലിന്റെ അതേ ജീനോം ഘടനയുള്ള മറ്റൊരു സെൽ പിന്നീട് കാണപ്പെടുന്നത് ഒരുപക്ഷെ ഹൃദയത്തിലാവാം. അതുകൊണ്ടു വ്യത്യസ്തരെങ്കിലും സാമഞ്ജസ്യത്തോടെ കഴിയുന്ന ഒരു കോശസംഘാതമാണ് നാം. അതാണ് നമ്മുടെ ശരീരത്തിന്റെ യഥാർഥ ഘടനയും സ്വഭാവവും. ഇത് പറയുന്നത് ഞാനല്ല, ലോകം മുഴുവൻ ബഹുമാനിക്കുന്ന പ്രമുഖ ഹൃദയരോഗ ചികിത്സാ വിദഗ്ദ്ധനും വൈദ്യശാസ്ത്രജ്ഞനുമായ പദ്മഭൂഷൺ ഡോക്ടർ ബി.എം ഹെഗ്‌ഡയാണ്. അദ്ദേഹം ജനങ്ങളുടെ ഡോക്ടർ എന്ന പേരിലാണ് അറിയപ്പെടുന്നത്. വൈദ്യശാസ്ത്ര രംഗത്തെ അമിത കച്ചവടവൽക്കരണത്തെ തുറന്നു കാട്ടുകയും സാധാരണ ജീവിതങ്ങൾക്ക് ആരോഗ്യത്തോടെ തുടരാനുള്ള ചര്യകൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന ഈ മഹാമനുഷ്യൻ അദ്ദേഹത്തിന്റെ പാണ്ധിത്യമേറിയ വാക്കുകളിലൂടെ തുറന്നുകാട്ടുന്നത് ഇന്ന് ലോകം ഉണ്ടാക്കുന്ന രോഗപീഡകളിലൂടെ വൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കുടിലതകളെയാണ്.

ശരീരത്തിന്റെ അടിസ്ഥാന തത്വം കോശങ്ങൾ തമ്മിലുള്ള ലയം അല്ലെങ്കിൽ ഒത്തൊരുമ ആണെങ്കിലും മനുഷ്യൻ എന്ന പ്രതിഭാസം യഥാർത്ഥത്തിൽ ശരീരമല്ല മനസ്സാണ്. അവിടെയാണ് പ്രശ്നങ്ങൾ കിടക്കുന്നതും. ശരീരവും മനസ്സും ചേർന്ന ആകെത്തുകയാണ് മനുഷ്യൻ. ഇവ രണ്ടും പരസ്പ്പരം സ്വാധീനം ചെലുത്തുന്നു. അതാണ് മനോദേഹസംഘാതം (സൈക്കോ സൊമാറ്റിക് പാക്ക്). അതുകൊണ്ടാണ് ശരീരം നന്നാവുന്പോൾ മനസ്സും മനസ്സ് നന്നാവുന്പോൾ സ്വാഭാവികമായും ശരീരവും നന്നാവുന്നത്. ഇവിടെ ഏറ്റവും ശ്രദ്ധേയമായത് മനസ്സിന്റെ കാലുഷ്യം സ്വതവേ പരസ്പ്പരം സഹരിക്കുന്ന ശരീര കോശങ്ങളിൽ വരുത്തുന്ന ഘടനാപരമായ പ്രശ്നമാണ്. മനസ്സും ശരീരവും പരസ്പ്പരം  ചെലുത്തുന്ന സ്വാധീനം വ്യക്തിയെ സൃഷ്ടിക്കുകയോ ശോഷിപ്പിക്കുകയോ ചെയ്യുന്നു. മനസ്സിൽ കയറിക്കൂടുന്ന കാലുഷ്യങ്ങളും മാലിന്യങ്ങളും പരസ്പ്പരദ്വേഷവും ശരീരകോശങ്ങളുടെ സാമഞ്ജസ്യത്തിനു കാര്യമായ ക്ഷതമുണ്ടാക്കുന്നു. അവ പരസ്പ്പരം വെറുക്കാൻ ആരംഭിക്കുന്നു. അപ്പോൾ അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഭംഗമോ അപചയമോ വരികയും രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.നമ്മുടെ മനസ്സിലെ കോപവും അസൂയയും സ്പർദ്ധയും ശത്രുതയും ഒക്കെ നമ്മുടെതന്നെ ശരീരത്തിന്റെ രോഗപീഡകളായി പുറത്തുവരുന്നു.അത് ആരിലേക്കാണോ ചൊരിയപ്പെടുന്നത് അവരേക്കാളുപരി ബൂമറാങ് എന്നപോൽ  നമ്മിലേക്കുതന്നെ തിരികെ വരികയും നമ്മെത്തന്നെ ശോഷിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് പ്രകൃതിയുടെ നീതി. കർമ്മം, കർമഫലം എന്നൊക്കെ പറയുന്നതിന്റെ സാംഗത്യം ഇത് തന്നെയാണ്.

മേൽ പറഞ്ഞതൊന്നും കേവലം വിശ്വാസങ്ങളോ അടിത്തറയില്ലാത്ത ജൽപ്പനങ്ങളോ അല്ല. ശാസ്ത്ര നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ പരമമായ സത്യങ്ങളാണ്. ഡോക്ടർ ഹെഗ്‌ഡെ അവ തുറന്നു പറയുന്നു. ഞാനെന്ന അഹംബോധത്തിൽ അഹന്ത, സ്വാർത്ഥത, വിഭാഗീയത എന്നിങ്ങനെ പ്രതിലോമ വികാരങ്ങളും അതിന്റെ അതിപ്രസരം രോഗദായകവും ആവുന്പോൾ ഞങ്ങളെന്ന വികാരത്തിലെ ഒരുമയും സ്നേഹവും പരസ്പ്പര പരിഗണനയും ആരോഗ്യദായകവുമാകുന്നു.ഭാരതീയ ശാസ്ത്രങ്ങൾ പറയുന്നത് “ശരീര മധ്യം ഖലു ധർമ്മസാധനം” എന്നാണ്. അതായത് ശരീരം എന്നത് ശരിയായ രീതിയിൽ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ധർമ്മമാർഗത്തിൽ ചരിക്കുവാനുമുള്ള ഒരു ഉപകരണമാണ്. അപ്പോൾ അത് ആരോഗ്യത്തോടെ ജീവിക്കുവാനുള്ള ഒരു ഉപകരണമാകുന്നു. അപ്പോൾ ശരിയായ ചിന്തകൾ ശരിയായ ഒരു ജീവിതത്തെയും ആരോഗ്യമുള്ള മനുഷ്യനെയും സൃഷ്ടിക്കാനുള്ള രൂപരേഖയാണ് എന്ന പൂർണ സത്യമാണ് ഇവിടെ വെളിവാക്കപ്പെടുന്നത്. ജടയുടെ സംസ്കൃതി എന്നോ നമ്മോട് പറഞ്ഞ ആ സത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട് ഓഫ് മെഡിക്കൽ സയൻസ് അവരുടെ പ്രമാണ വാക്യമായി ഇത് തിരഞ്ഞെടുത്തിരിക്കുന്നതും.

വളരെ അവധാനതയോടെ മനസ്സിലാക്കേണ്ട ഒരു സത്യമാണിത്. ഏതെങ്കിലും ചില ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കാണിച്ച് ചിരന്തനമായ സത്യങ്ങളെ തമസ്ക്കരിക്കുന്നതു വ്യർഥവും ആത്മവഞ്ചനയുമാണ്. കാരണം പ്രപഞ്ചം നയിക്കപ്പെടുന്നതിൽ അതിനിഗൂഢമായ ഒരു സാമഞ്ജസ്യമുണ്ടെന്നത് ബഹിരാകാശഗവേഷകർ മനസ്സിലാക്കുന്ന സത്യമാണ്. ശരീരവും അതിനുള്ളിലെ ശരീരിയും ഇതേ സാമഞ്ജസ്യ തത്വത്തിലാണ് പ്രവർത്തിക്കുന്നത്. ജീവിതം അതേ തത്വത്തെ ഉൾക്കൊണ്ടു ചിട്ടപ്പെടുത്തിയാൽ അതിന്റെ സാധ്യതകളെ മുഴുവൻ ഉപയോഗിക്കാൻ കഴിവുള്ളതാകുന്നു. പക്ഷെ പുറത്ത് അപസ്വരങ്ങൾ സൃഷ്ടിക്കുന്ന ജീവിതം അകത്തും അതുതന്നെ സ്വാംശീകരിച്ച്‌ മഹാരോഗങ്ങൾക്ക് വിളഭൂമിയാകുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ അസുന്ദരമാക്കുന്ന ലോകത്ത് പുതിയ മരുന്നുകളും ചികിത്സകളും കണ്ടെത്തുന്നതനുസരിച്ചു സങ്കീർണമായി പുനരവതരിക്കുന്ന രോഗാണുക്കൾ ജീർണിക്കുന്ന മനുഷ്യത്വത്തിന്റെ ഉപോൽപ്പന്നം തന്നെയാണ്.

You might also like

Most Viewed