അമ്പി­ളി­ക്കല - അമ്പിളിക്കുട്ടൻ


വിശ്വാസത്തിൽ നിന്നും വിധേയത്വത്തിലേക്കോ? പ്ര്രഞ്ചത്തിൽ ഇല്ലാത്ത ഒന്നിനെ കണ്ടു പിടിക്കുന്പോൾ അത് കണ്ടു പിടുത്തം, അതായത് ഇൻ­വെൻഷൻ ആവുന്നു, നിലനിൽക്കുന്ന ഒന്നിനെ മനസ്സിലാക്കുന്പോൾ അത് കണ്ടെത്തൽ അതായത് ഡിസ്കവറി ആവുന്നു. എന്നാൽ ഇതുരണ്ടുമല്ലാതെ ജീവിതത്തിലേക്ക് സ്വാഭാവികമായി വന്നെത്തുന്ന ചിലപ്രതിഭാസങ്ങളുണ്ട്. അവ കണ്ടെത്തലിന് കാത്തുനിൽക്കാതെ ജീവിതത്തിലേക്ക് കടന്നുവന്ന് അതിന്റെ ഭാഗമാവുന്നു. പ്രപഞ്ചിക നിയമത്തിന്റെ അനുസ്യൂതമായ പാലനത്തിന്റെ ഭാഗമായി മനുഷ്യനെ തേടി സംസ്ക്കാരമെത്തിയതാണ് ഇതിനുള്ള വലിയ ഉദാഹരണം.അതേ സംസ്ക്കാരത്തിന്റെ ഭാഗമായി മനുഷ്യന് കൈവന്ന വെളിച്ചമാണ് സംഗീതവും. പ്രാകൃതശിലായുഗ മനുഷ്യന് സംസ്ക്കാരം എന്തെന്ന് ബോധമുണ്ടായിരുന്നില്ല. അടുക്കും ചിട്ടയുമില്ലാതെ, നിയമങ്ങളില്ലാതെ നയിച്ചിരുന്ന ജീവിതങ്ങളെ തേടി സംസ്ക്കാരത്തിന്റെ വെ­ളിച്ചം കടന്നുവന്നു. മനുഷ്യനുണ്ടായ ബുദ്ധിപരമായ വികാസത്തിന്റെ ഭാഗമാ­യി വന്ന അവബോധമായിരുന്നത്. ഇതിനൊക്കെ നിദാനമായി അസാധാരണമായ ചില വ്യക്തിത്വങ്ങൾ ചരിത്രത്തിന്റെ ദശാസന്ധികളിൽ പ്രത്യക്ഷപ്പെട്ടു. അവർക്കു ജീവന്റെ ഉറവുകളിലേക്ക് തങ്ങളുടെ വിജ്ഞാനത്തിന്റെയും അന്തർദർശനത്തിന്റെയും സ്ഫുലിംഗങ്ങൾ പടർത്തുവാൻ സാ­ധിച്ചു. അതുണ്ടാക്കിയ ചിന്തയുടെ, വിജ്ഞാനത്തിന്റെ അഗ്നി കടന്നുപോരു­ന്ന കാലഘട്ടങ്ങൾക്കു അണക്കാനാവുന്നതല്ലായിരുന്നു. അവർ കൊളുത്തിക്കൊടുത്ത ഭാവനയുടെയും ചിന്തയുടെയും സംസ്കാരത്തിന്റെയും ദർ­ശനത്തിന്റെയും അഗ്നി തലമുറകൾ തലമുറകളിലേക്ക് ഒരു ദീപശിഖയെ­ന്നോണം കൈമാറിക്കൊണ്ടിരുന്നു.

തണലുകളൊഴിഞ്ഞ ജീവിതത്തിന് വിമുക്തി കൊടുത്ത് അതിന് അർത്ഥ വ്യാപ്തിയും ആസ്വാദനീയതയും കൈവരാനുള്ള ഉദ്യമം മനോപരിമിതികളിൽ നിന്നും മാനവികതയിലേക്കുള്ള യാത്രയായി പരിണമിച്ചു. ആ യാത്ര മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കുള്ള ദൂരം കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ അതേ വഴിയിലൂടെ അതേ കുപ്പായമിട്ട് ഇന്ന് നടത്തുന്ന യാത്രകൾ അധമമായ ലക്ഷ്യത്തെയാണ് മുന്നിൽക്കാണുന്നത് പലപ്പോഴും. ലക്ഷ്യം അധമമാണ്, ദിശ മാറ്റണം എന്ന് പറയേണ്ടവർ അതെ ലക്ഷ്യത്തിന്റെ മോഹവലയത്തിൽ മതിമറന്നവരായതിനാൽ ആ ശുദ്ധീകരണ പ്രകിയക്കും ഇപ്പോൾ സ്ഥാനം ഇല്ലാതായി. ജീവന് ഗുരുത്വം നൽകുന്നത് സംസ്ക്കാരവും അതിനു ലഘുത്വം നൽകുന്നത് സംഗീതാദി കലകളുമാണ്. ജീവിതത്തെ സംബന്ധിച്ചിടത്തോളം ഗൗരവകരവും അതേ­ സമയം ലാഘവത്വമാർന്നതുമായ വശങ്ങളുണ്ട്.ഇവയുടെ ആനുപാതികമായ സമ്മിശ്രണം തന്നെയാണ് ആരോഗ്യകരമായ ജീവിതം. എന്നാൽ ഇതെ­ല്ലാം മതധാർമികതക്ക് അനുസൃതമായി സംരക്ഷിക്കുവാൻ നിയമിതരായവർ ആരോഗ്യകരമായ ജീവിതമല്ല, ആസ്വാദനീയവും, മോഹിപ്പിക്കുന്നതും ലഹരി പകരുന്നതുമായ ജീവിതമാണ് മുന്നിൽ കാണുന്നത്. അപ്പോഴും തങ്ങൾ കാണുന്നത് ആത്മീയതയുടെ ഉദാത്ത ശ്രുംഗങ്ങളാണെന്ന് അനുയായികളെ ബോധ്യപ്പെടുത്തി അവരുടെ വിധേയത്വം കൈപ്പറ്റുന്നതിൽ ഇവർ ഏതാണ്ട് വിജയിക്കുകയും ചെയ്തിരുന്നു ഇതുവരെ. ഇത്തരക്കാർ ചരിത്ര­പുരുഷന്മാരെ മുന്നിൽ നിർത്തി കാണിക്കുന്ന വിക്രിയകൾ സമൂഹത്തെയാകെ ജീർണവൽക്കരിക്കുവാൻ ശക്തിയാർജിച്ചു. സാമൂഹികവും സാന്പത്തികവും രാഷ്ട്രീയവും നേതൃത്വപരവുമായ ശക്തി മേൽപ്പറഞ്ഞവരിൽ നി­ക്ഷിപ്തമായിപ്പോയതിനാൽ തങ്ങൾ എന്തുചെയ്താലും ആർക്കുമൊന്നും പ്രതികരിക്കാനാവില്ലെന്ന ദുഷ്ടലാക്കാർന്ന ആത്മവിശ്വാസം അവരിലും അവരുടെ അനുയായികളിലും രൂഢമൂലമായിത്തീർന്നു. ആരെങ്കിലും പ്രതികരിച്ചാൽ അവർക്കുമുന്നിലും ചരിപത്രുരുഷന്മാരെ കവചമാക്കി നിർത്തുന്നു അവർ. ഇങ്ങനെ കവചമാക്കാൻ മാത്രമാണ് യുഗപുരുഷന്മാരെ അവർക്കു ആവശ്യം.

അവരോട് നീതിപുലർത്താൻ പ്രതിജ്ഞാബദ്ധരായവർക്കും തങ്ങളിലൊരാൾ ചെയ്ത തെറ്റിനെ ഒറ്റപ്പെടുത്തുക എന്ന തത്വം പാലി­ക്കാനുള്ള ആർജ്ജവമില്ലാതെയായി.അതിലും വലിയ വലിയ തെറ്റുകൾ അവരുടെ പക്ഷത്തു ഉള്ളതുകൊണ്ടാവാം തെറ്റുകാരായി സമൂഹം മുഴു­വൻ വിലയിരുത്തുന്നവര പരിണതഫലങ്ങളെ ഭയക്കാതെതന്നെ സംരക്ഷി­ക്കാൻ ഇവരൊക്കെ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നത്.

എന്നാൽ ജീവിതത്തെ അപചയപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾക്ക് പുരോഗമനപരമായ സാമൂഹികവീക്ഷണങ്ങളിലേക്ക് മനുഷ്യന്റെ മനവും മിഴിയും തുറപ്പിക്കാൻ ഒരു പ്രേരകശക്തിയാവാൻ കഴിയും. അതാ­ണ് ഇന്ന് നമ്മുടെ സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. തെറ്റു­കൾ ശരിയിലേക്കുള്ള പാത തെളിക്കുന്ന ഒരു സുന്ദരമായ കാഴ്ചയാണിത്. സത്യത്തിന്റെ നേർക്ക് കണ്ണുകൾ തുറക്കപ്പെടട്ടെ,അന്ധമായ നേതൃത്വങ്ങൾ ആത്മീയതയിലും രാഷ്ടീയത്തിലും അംഗീകരിക്കുവാനുള്ള ദൗർബല്യം ആർക്കും ഉണ്ടാകാതെയിരിക്കട്ടെ. ആത്യന്തികമായി മനുഷ്യസംസ്ക്കാ­രം രൂപപ്പെടുത്തുന്നതിൽ മതത്തിന് ഒരു പങ്കുമില്ല. അത് ജന്മസിദ്ധമായി കി­ട്ടുന്നതാണ്. നരവംശശാസ്ത്രവുമായേ അതിനു അൽപ്പമെങ്കിലും ബന്ധമു­ള്ളൂ. ഒരു നല്ല കാൻവാസ് എപ്രകാരം ചായങ്ങൾ ആഗിരണം ചെയ്യുകയും നിറങ്ങളുടെ തനിമ മങ്ങാതെ നിലനിർത്തുകയും ചെയ്യുന്നോ അതുപോല ജന്മാർജ്ജിതമായ സംസ്ക്കാരം ഉള്ള വ്യക്തി ധാർമികതയുടെ പാഠങ്ങൾ സ്വാഭാവികമായിത്തന്നെ തങ്ങളുടെ മനോഭൂമികയിൽ ഉൾക്കൊള്ളുന്നു.അതി­നു മതപരമോ ജാതീയമോ ആയ യാതൊരു കാരണങ്ങളുമില്ല എന്നതിന് നിദർശനമാണ് ഒരു മതപ്രമാണങ്ങളിൽ അധിഷ്ഠിതമായി ജീവിതം നയിക്കു­ന്നവരിൽ ചിലർ അസാന്മാർഗികളും ചിലർ ഉദ്ദാത്തമാനവികതയുടെ വക്താക്കളുമാകുന്നത്. നന്മയോ തിന്മയോ ഒരു മതത്തിന്റെയും കുത്തകയല്ല. നല്ല വ്യക്തികൾക്കായാണ് നാംതിരയേണ്ടത്. നല്ല മതം തിരയാൻ പോകുന്നത് മൗഢ്യമാണ്. എല്ലാ മതങ്ങളും നന്മക്കായി സൃഷ്തമായവയാണ്. ജന്മാർജ്ജി­തമായ വ്യക്തിസ്വഭാവം അനുസരിച്ചു അവയിൽ നിന്ന് ന ന്മയോ തിന്മയോ ആഗിരണം ചെയ്യുന്നു. നമുക്കാവശ്യം വിശ്വാസവും യുക്തിയുമായുള്ള സമ്മിശ്രണമാണ്, അല്ലാതെ വിശ്വാസവും വിധേയത്വവുമായുള്ള ബാന്ധവമല്ല. ആദ്യത്തത് ജൈവമനുഷ്യനെ സൃഷ്ടിക്കുന്പോൾ രണ്ടാമത്തത് അടിമകളെ സൃഷ്ടിക്കുന്നു.

You might also like

Most Viewed