അർഥം തിരയുന്ന വാക്കുകൾ...


യടുത്ത ഏതാനും നാളുകളായി സ്ഥാനത്തും അസ്ഥാനത്തും അർത്ഥമറിയുന്നവരും അറിയാത്തവരും രാഷ്ട്രീയക്കാരും പൊതുജനങ്ങളും എടുത്തുപയോഗിക്കാൻ തുടങ്ങിയ വാക്കുകളാണ് ജൻഡർ ജസ്റ്റീസ് അഥവാ ലിംഗനീതി എന്നതും ജെൻഡർ ഈക്വാലിറ്റി എന്ന ലിംഗസമത്വവും. ഈ വാക്കുകൾ ഉപയോഗിക്കുന്നവരിൽ എത്രപേർക്ക് ഇവയേപ്പറ്റി ഒരു ആരോഗ്യകരമായ ധാരണയുണ്ടെന്ന് സംശയമുണ്ട്.ഇന്ന് വാക്കുകളും ആശയങ്ങളും അർത്ഥമോ ആഴമോ മനസ്സിലാക്കാതെ സ്വന്തം വാദഗതികൾ ജയിക്കാനായി മാത്രം ആളുകൾ ഉപയോഗിക്കുന്നു. ഇത് ആനയാണോ കുതിരയാണോ അതോ എലിയാണോ എന്നൊന്നും പലർക്കുമറിയില്ല. ഏകദേശ ധാരണയുണ്ട്, എന്നാൽ അതിന്റെ സാമൂഹികവും പ്രയോഗപരവുമായ അർഥതലങ്ങളും സാംഗത്യവുമൊന്നും കാര്യമായ ചിന്തക്ക് വിധേയമാകുന്നില്ല.

അവധാനതയോടെ സമീപിച്ചാൽ വലിയ സാമൂഹിക കലാപമുണ്ടാക്കാത്തതായ പല പ്രശ്നങ്ങളും വെട്ടൊന്ന്, മുറി രണ്ട് എന്നപോലെയുള്ള അപക്വമായ സമീപനങ്ങളാൽ വലിയ മനഃപ്രയാസവും സ്പർദ്ധയും വളർത്തുന്ന വിധത്തിൽ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതാണ് ഇക്കാലത്തെ അഹംബോധം. സാമൂഹിക മനഃശാസ്ത്രം എന്തെന്ന് മനസ്സിലാക്കാത്തതുകൊണ്ടും ദുരുപദേശം കൊണ്ടുമാണ് ഇതൊക്കെ സംഭവിക്കുന്നത്.

ലിംഗനീതി, ലിംഗസമത്വം എന്നിവ ആഴത്തിൽ മനസ്സിലാക്കേണ്ട വാക്കുകളാണ്. ലിംഗസമത്വം എന്നത് പ്രകൃതിതന്നെ കൊടുത്തിട്ടുള്ളതാണ്. എന്നാലത് പുരുഷൻ ചെയ്യുന്നതൊക്കെ സ്ത്രീയും തിരിച്ചും ചെയ്യണം എന്ന അർത്ഥത്തിലല്ല.പുരുഷനും സ്ത്രീക്കും തുല്യപ്രാധാന്യമുള്ള എന്നാൽ വ്യത്യസ്ത സ്വഭാവമുള്ള ജോലികൾ പ്രകൃതി നിശ്ചയിച്ചിരിക്കുന്നു. രണ്ടുഭാഗത്തുനിന്നും ഇത് അവനവന്റെ ഇടങ്ങളെ തിരിച്ചറിഞ്ഞു നിർവഹിക്കപ്പെടുന്പോഴാണ് ഒരു വൃത്തം പൂർണമാകുന്നത്. ആ വൃത്തം വ്യക്തിജീവിതവും അതിന്റെ പരിപൂർത്തിയായ കുടുംബജീവിതവും കൂടിച്ചേർന്നതാണ്. ജീവിതത്തിന്റെ പൂർണതക്കായി പുരുഷൻ അവന്റെ പങ്കും സ്ത്രീ അവളുടെ പങ്കും തിരിച്ചറിഞ്ഞു ചെയ്യേണ്ടതുണ്ടെന്നു നിശ്ചയിച്ചത് പ്രകൃതി തന്നെയാണ്.

പുരുഷന് പുരുഷത്വവും സ്ത്രീക്ക് സ്ത്രീത്വവുമാണുള്ളത്.രണ്ടുമൊന്നല്ല, രണ്ടിനും രണ്ടു ധർമമാണുള്ളത്. സ്ത്രീയെപ്പോലെ ആകാൻ പുരുഷനും പുരുഷനെപ്പോലെയാകാൻ സ്ത്രീയും ശ്രമിക്കുന്നത് പ്രകൃതിക്കു നിരക്കുന്നതല്ല. എന്നാൽ ഭിന്നലിംഗ സ്ഥിതിയിലും ദ്വിലിംഗ സ്ഥിതിയിലുമുള്ളവർ ഇപ്പറഞ്ഞതിൽ പെടുന്നില്ല. പ്രകൃതി അത്തരം ശാരീരിക മാനസിക അവസ്ഥയോടെയാണ്. സൃഷ്ടിച്ചവരെ ഇത്തരം അളവുതൂക്കങ്ങൾക്കു വിധേയരാക്കാതെ വെറുതെ വിടുക. എന്നാൽ അല്ലാത്തവരിൽ സ്ത്രീയെപ്പോലെ പെരുമാറുന്ന പുരുഷനും പുരുഷനെപ്പോലെ പെരുമാറുന്ന സ്ത്രീയും അസുന്ദരമായ കാഴ്ചയാണ്. അതേസമയം വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും പുരുഷന്റെയും സ്ത്രീയുടെയും പങ്ക് തൂക്കിനോക്കിയാൽ രണ്ടിനും ഒരേ തൂക്കമായിരിക്കും. ഇവിടെ ഇരുകൂട്ടർക്കും പരസ്പ്പരം കൂട്ടിയോ കുറച്ചോ കാണാനാവില്ല. കണ്ടാൽ അത് യാഥാർഥ്യവുമല്ല. ഈയൊരു അർഥത്തിൽ മാത്രമാണ് ലിംഗസമത്വം എന്ന ആശയ ത്തിന് പ്രസക്തിയുള്ളത്.

സ്ത്രീയിൽ പ്രകൃതി ഉൾച്ചേർത്തിട്ടുള്ള പ്രത്യേകതകൾ പലരും ധരിച്ചു വച്ചിരിക്കുന്നത് പോലെ കുട്ടികളെ ഗർഭം ധരിച്ചു പ്രസവിക്കുക എന്നതിൽ ഒതുങ്ങുന്നതല്ല.ശാരീരികമായ അവസ്ഥകൾ മാനസികമായും അവളെ വ്യത്യസ്തയാക്കുന്നുണ്ട്.സ്ത്രൈണത എന്നത് ഒരു ദൗർബല്യമോ കുറവോ അല്ലെന്നു മാത്രമല്ല പലപ്പോഴും അത് പുരുഷനില്ലാത്ത സഹനശക്തിയുടെയും സ്ഥൈര്യത്തിന്റെയും സമചിത്തതയുടെയുമൊക്കെ പ്രതീകമാവാറുമുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീപുരുഷ ബന്ധങ്ങളിൽ തുല്യതാബോധം ഉൾച്ചേർന്നിട്ടുള്ള പരസ്പര അംഗീകാരമാണ് ലിംഗനീതി എന്ന് വിവക്ഷിക്കപ്പെടുന്നത്. എന്നാൽ പുരുഷനെപ്പോലെ പെരുമാറുന്ന സ്ത്രീ ലോകത്തെ ഏറ്റവും അസുന്ദരമായ കാഴ്ചകളിലൊന്നാണ്. പുരുഷൻ ചെയ്യുന്നതൊക്കെയും ചെയ്യാനാവും എന്നതാണ് ഫെമിനിസം എന്നാണു വിവക്ഷയെങ്കിൽ അത് തികഞ്ഞ അജ്ഞതയാണ്.

സ്ത്രൈണതയുടെ വ്യത്യസ്തത കാത്തുസൂക്ഷിക്കുന്പോൾ മാത്രമാണ് സ്ത്രീ ആദരണീയയാകുന്നത്. പക്ഷെ ഇവിടെ എന്താണ് സ്ത്രൈണത എന്നതിനെ സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. നീതിബോധമില്ലാത്ത ഏതെങ്കിലും പുരുഷൻ ചെയ്യുന്ന അതിക്രമങ്ങളെ മിണ്ടാതെ സഹിക്കുന്ന സഹിഷ്ണുതയുടെ പ്രതീകമല്ല സ്ത്രൈണത. അത് നൈര്മല്യത്തിൽ ഉൾച്ചേർന്ന സ്ഥൈര്യമാണ്, സഹനശക്തിയിൽ ഉൾച്ചേർന്ന ഉത്തരവാദിത്തബോധമാണ്, ആഴമേറിയ സ്നേഹത്തിലും സമർപ്പണത്തിലും ഉൾച്ചേർന്ന കരുതലാണ്, സൂക്ഷ്മമായ ദീര്ഘവീക്ഷണത്തിൽ ഉൾച്ചേർന്ന ബുദ്ധിശക്തിയാണ്. ഇതൊക്കെയായിരിക്കുന്പോഴും തന്റേതായ ആത്മസത്ത വിട്ടുവീഴ്ചയില്ലാതെ വെച്ചുപുലർത്തുന്നവളുമാണ് സ്ത്രീ.

ഇപ്പറഞ്ഞതൊക്കെ അതിന്റേതായ തലങ്ങളിൽ മനസ്സിലാക്കുന്ന വ്യക്തിക്ക് പുരുഷനും സ്ത്രീയും വ്യത്യസ്തങ്ങളായ രണ്ടു അസ്തിത്വങ്ങളാണ്, പരസ്പ്പരപൂരകങ്ങളാവുന്ന ജൈവസാന്നിധ്യങ്ങളാണ് എന്നുള്ള തിരിച്ചറിവാണ് വേണ്ടത്. ദൗർഭാഗ്യവശാൽ ആ വകതിരിവാണ് ലിംഗനീതി, തുല്യത, ഫെമിനിസം എന്നൊക്കെപ്പറഞ്ഞു ആർത്തട്ടഹസിക്കുന്ന പലർക്കും ഇല്ലാതെ പോകുന്നത്.

ശാരീരികമായി പ്രകൃതി കൊടുത്ത പ്രത്യേകതകളെ വെല്ലുവിളിച്ചുകൊണ്ട് പുരുഷനോടൊപ്പം എത്തുക എന്ന അനാരോഗ്യകരവും അപ്രായോഗികവുമായ ലക്ഷ്യത്തോടെ അവനവന്റെ ഈഗോ ശമിപ്പിക്കാനായി ഗോഷ്ഠി കാട്ടുന്നത് ഫെമിനിസം എന്ന് ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന ഇക്കാലത്ത് അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വ്യക്തികൾ സമൂഹത്തിനായി കൊടുക്കുന്നത് ച്ഛിദ്രവാസനകൾ മാത്രമാണ്. പുരുഷൻ തെങ്ങിന്മേലിരിക്കുന്നു അതുകൊണ്ട് ഞങ്ങൾക്കും തെങ്ങിൽ കയറണം എന്നൊരു സ്ത്രീ പറഞ്ഞാൽ അവൾക്കു ചേർന്നത് മാനസിക ചികിത്സാലയമാണ്.

അത്തരത്തിലുള്ള തുല്യതാവാദം നിരർത്ഥകവും പരിഹാസ്യവുമാണ്. പരസ്പ്പരം ഇടങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്പോൾ മാത്രമാണ് ആരോഗൃമുള്ള വ്യക്തി, സമൂഹജീവിതങ്ങൾ രൂപീകൃതമാകുന്നത്. ഞാൻ ഒരിക്കൽക്കൂടി പറയുന്നു സ്ത്രീസുരക്ഷക്കും അവരുടെ ശാരീരികമായ അവസ്ഥകൾക്കും ഉതകുന്ന നിയമങ്ങളെയോ ആചാരാനുഷ്ടാനങ്ങളെയോ വകവെക്കാതെയും ഭക്തിയില്ലാതെയും ആരാധനാലയങ്ങളിൽ കയ്യും കാലും വച്ച അഹന്തയുടെ പ്രതിരൂപമായി സ്ത്രീ പോകുന്നത് ജുഗുപ്സയുളവാക്കുന്നതും മ്ലേച്ഛവുമായ കാഴ്ചയാണ് പ്രവൃത്തിയാണ്. അത് സ്ത്രൈണതയല്ല, ഫെമിനിസമല്ല, വെറുപ്പുളവാക്കുന്ന രാക്ഷസീയത മാത്രമാണ്.

You might also like

Most Viewed