മരീചികകൾ തിരിച്ചറിയപ്പെടട്ടെ...


അന്പിളിക്കുട്ടൻ

ഇപ്പോൾ വാക്കുകളെല്ലാം ഏതെങ്കിലും രാഷ്ട്രീയത്തിന് സ്വന്തമായിത്തീരുന്ന കാലമാണ്. ഒരു രാഷ്ട്രീയത്തിനും അടിയറ വെക്കാത്തതും വ്യക്തിപരമായ ഒരു മൂല്യബോധത്തിനു മാത്രം അടിയറ വെച്ചതുമായ ഒരു മനസ്സുമായാണ് ജീവിക്കുന്നതെന്ന ആത്മബോധം ആർക്കുണ്ടെങ്കിലും അത് ഏറെ വിലപ്പെട്ടതാണ്. ഇത് മറ്റാരും സമ്മതിച്ചു തരാൻ സാധ്യതയില്ല.കാരണം ഏതെങ്കിലും രാഷ്ട്രീയചേരിക്ക് വിധേയമാവാത്ത ഒരു വാക്കുകളുമില്ല എന്ന രൂഢമൂലമായ അബദ്ധ ധാരണതന്നെ.രാഷ്ട്രീയം ജീവിതമാർഗമാക്കിയവർക്കു അവർ പ്രവർത്തിക്കുന്ന പ്രസ്ഥാനം എന്ത് പ്രവർത്തിച്ചാലും അതിനെ ന്യായീകരിക്കാനുള്ള ബാധ്യതയുണ്ട്.എന്നാൽ സാധാരണക്കാരായ വ്യക്തികൾ ഇന്ന് സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ നടത്തുന്ന ഘോരഘോരമായ രാഷ്ട്രീയ ചർച്ചകൾ വിമർശനങ്ങൾ എന്നിവ വളരെ അരോചകങ്ങളായി മാറിയിരിക്കുന്നു.

ബഹുമാനിക്കേണ്ടതിനെ ബഹുമാനിക്കാതെ മൂർത്തമായ ആശയങ്ങളെ തമസ്‌ക്കരിച്ച്‌ വെറും ഉപരിപ്ലവമായതിനെ പർവ്വതീകരിച്ച്‌ ഓരോരുത്തരും അരങ്ങു തകർക്കുകയാണ്. അവനവൻ വിശ്വസിക്കുന്നതെല്ലാം പരിപൂർണമായും ശരി, മറ്റുള്ളവരുടെ വിശ്വാസങ്ങൾ അടിമുതൽ മുടിവരെ സന്പൂർണ തെറ്റ്. ഒരിടത്തും പൂർണമായ ശരിയും തെറ്റും ഇല്ലെന്നു മനസ്സിലാക്കാനുള്ള ഔചിത്യബോധമൊക്കെ ജീർണിച്ചില്ലാതെയായിരിക്കുന്നു. ചെയ്യുന്നതെല്ലാം പൂർണമായ ശരിയെന്നു കണ്ടെത്തി പിന്നിൽ അണിനിരക്കാവുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇന്നത്തെ ഇന്ത്യയിൽ എന്റെ നോട്ടത്തിൽ കാണാനാവുന്നില്ല.അവരൊക്കെ ഉച്ചരിക്കുന്ന വാക്കുകൾ വെറും മാറ്റൊലികൾ മാത്രമാകുന്ന കാഴ്ച സുലഭം. എല്ലായിടത്തും പൊള്ളയായ വാക്കുകളുടെ അതിപ്രസരം.

വാക്കുകൾ വെറും ശബ്ദം മാത്രമാവുന്നത് രണ്ടു സാഹചര്യത്തിലാണ്.ഒന്ന് അത് ഉച്ചരിക്കുന്ന വ്യക്തി വെറും പൊള്ളയായ രീതിയിൽ മൂല്യം കൽപ്പിക്കാതെ അതുപയോഗിക്കുന്പോൾ. രണ്ടാമത് വാക്കു പ്രയോഗിക്കുന്നത് അതിന്റെ യഥാർത്ഥ അർത്ഥതലങ്ങളെപ്പറ്റി അറിവില്ലാതെയാവുന്പോൾ. അതായത് ആദ്യത്തേത് അർഥം അറിയാമെങ്കിലും അർഥം കൽപ്പിക്കാത്ത പ്രയോഗം, രണ്ടാമത്തേത് അർത്ഥമേ അറിയാത്ത പ്രയോഗം. ഇന്നിപ്പോൾ ലിംഗസമത്വം എന്ന വാക്കിനു അർത്ഥശോഷിപ്പ്‌ വന്നിരിക്കുന്നു. അതൊരു ആരാധനാലയത്തിലേക്കുള്ള പോക്കിനെ മാത്രം ബന്ധപ്പെടുത്തി വ്യാപകമായി പ്രയോഗിക്കുന്നു.

യഥാർത്ഥത്തിൽ ഒരു സ്ത്രീക്ക് പുരുഷന്മാരെപ്പോലെതന്നെ രാത്രിസമയത്തുപോലും ആരാലും ഉപദ്രവിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യാതെ ആത്മവിശ്വാസത്തോടെ യാത്രചെയ്യാൻ സാധിക്കുന്പോഴും പൊതു തിരഞ്ഞെടുപ്പുകൾ വരുന്പോൾ പുരുഷന്മാരെപ്പോലെതന്നെ അവർക്കു ആനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്പോഴും സർവ്വരംഗങ്ങളിലും പുരുഷനോട് തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാനുള്ള അവസരങ്ങൾ അവൾക്കു സ്വന്തമാകുന്പോഴുമാണ് ലിംഗസമത്വം എന്ന അവസ്ഥ സംജാതമാകുന്നത്. അത് ആരാധനാലയത്തിൽ പോക്കിലേക്കു ചുരുക്കുന്നത് വാക്കിന് അർത്ഥശോഷണമുണ്ടാക്കുന്നു.

ജീവിതം പ്രതീകാത്മകമല്ല, വാസ്തവികമാണ്.അതുകൊണ്ടുതന്നെ നമുക്ക് പ്രതീകാത്മകതയേക്കാൾ ആവശ്യം ക്രിയാത്മകതയാണ്. പ്രതീകാത്മകത താൽക്കാലിക സംതൃപ്തി മാത്രം നൽകുന്പോൾ ക്രിയാത്മകത നിലനിൽക്കുന്ന നേട്ടം നൽകുന്നതാണ്.

പ്രസക്തി നഷ്ടപ്പെട്ടു മറവിയുടെ മാറാലക്കെട്ടിലേക്കു അഭയം തേടിയിരുന്ന ചില വാക്കുകൾ പൊടി തട്ടിമാറ്റി വീണ്ടും വെളിച്ചത്തിൽ കൊണ്ടുവരുന്നതായി കാണുന്നു. സവർണ്ണൻ, അവർണ്ണർ എന്നൊക്കെയുള്ളത് സാധാരണ ജനസമൂഹത്തിന്റെ സഞ്ചിത അബോധത്തിൽ നിന്നുപോലും പുറത്തുപോയിക്കഴിഞ്ഞിരുന്ന വാക്കുകളാണ്.വ്യക്തികൾ തമ്മിൽ ബന്ധപ്പെടുന്നതും ഇടപഴകുന്നതും ഇക്കാലത്ത് അവരുടെ സംസ്ക്കാരം വിദ്യാഭ്യാസയോഗ്യത കഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമാണ്. അവിടെ ആര് സവർണ്ണൻ ആര് അവർണ്ണൻ എന്നതൊന്നും പരിഗണനാവിഷയങ്ങളായി സമീപ കാലഘട്ടങ്ങളിലൊന്നും എവിടെയും കണ്ടിട്ടില്ല.

അഥവാ എവിടെയെങ്കിലും അപൂർവ്വമായി അത്തരം പരിഗണനകൾ നിലനിൽക്കുന്നുണ്ടെങ്കിൽത്തന്നെ മഹാഭൂരിപക്ഷത്തിനും ഇല്ലാത്ത ഉച്ചനീചത്വ ചിന്തകളെ മുന്നിൽക്കാട്ടി സമൂഹത്തെ മനസ്സുകൊണ്ട് വിഭജിക്കാൻ ശ്രമിക്കുന്നത് അനാരോഗ്യത്തിന്റെ വിത്തുവിതക്കൽ ആയിത്തീരുന്നില്ലേ? സമൂഹത്തെയും അതിന്റെ ആരോഗ്യത്തെയും അന്പതു വർഷമെങ്കിലും ചുരുങ്ങിയത് പിറകോട്ടു വലിക്കുന്ന ഈ പ്രവൃത്തി നേട്ടമാണോ കോട്ടമാണോ ഉണ്ടാക്കുന്നതെന്ന വിചിന്തനം ഉണ്ടാവുകതന്നെ വേണം.


ജീവിതമാകുന്ന നൈരന്തര്യം കാലഘട്ടങ്ങളിൽ നിന്നും ഭാവപ്പകർച്ച നേടിവേണം മുന്നോട്ടൊഴുകുവാൻ. അത് അനുക്രമമായി സംഭവിക്കുന്ന സാമൂഹ്യമായ ഉൾക്കാഴ്ചയുടെ ഫലമായിരിക്കണം. അപ്പോഴാണ് ഉറച്ച വിശ്വാസത്തിന്റെ അസ്ഥിവാരത്തിൽ സാമൂഹ്യമായ പുനഃസൃഷ്ടി നടക്കുന്നത്. മാറ്റമില്ലാതെ തുടരുന്നതും മാറ്റത്തിന് വിധേയമാവുന്നതുമായ മുഖ്യധാരകൾ തിരിച്ചറിയപ്പെടുകയും ഒരു നവോത്ഥാനത്തിന് ബാല്യമുണ്ടെന്ന് കണ്ടെത്തുന്ന ഇടങ്ങളിൽ അത് പ്രായോഗികമാക്കുകയും വേണം.ഒരു നവോത്ഥാനവും അടിച്ചേൽപ്പിക്കാനാവില്ല.

പുതുമയുള്ള ഒരു വിത്ത് വിളയിക്കുവാൻ ആദ്യം നിലമൊരുക്കണം, ആ നിലത്തു പുതിയ വിത്തിനു വളരാൻ പാകത്തിലുള്ള അന്തരീക്ഷമൊരുക്കണം.അല്ലാതെ പുതിയയിനം വിത്താണെന്നു പറഞ്ഞു ഏതു പാടത്തിലും മുന്നൊരുക്കമില്ലാതെ അത് കൃഷിയിറക്കിയാൽ പരാജയം ഏതാണ്ട് നിശ്ചയമാണ്.നമ്മുടെ നാട് അതിന്റെ ബുദ്ധിപരമായ ചലനാത്മകത്വത്തെ സമൂർത്തവും നിർമ്മാണാത്മകവുമായ വഴികളിൽ നിന്നുമകറ്റി ഏതൊക്കെയോ മരീചികകളുടെ പിന്നാലെ നിഷ്ഫലമായി ചരിപ്പിക്കുകയല്ലേ എന്നാണ് ഇക്കാലത്തു ആകുലപ്പെടേണ്ടത്. അതുകൊണ്ടു നേടേണ്ടത് പലതും നേടുന്നില്ല. കയ്യിലുള്ളത് പലതും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ലോകം കണ്ട മലയാളി ഇങ്ങനെയൊരു ദുര്യോഗത്തിന് അർഹനാണോ എന്ന് ഉണർന്നു ചിന്തിക്കാനുള്ള വെളിച്ചം പുലരുകതന്നെ ചെയ്യുമെന്ന് ഉറച്ചു വിശ്വസിക്കാനാണ് എപ്പോഴുമാഗ്രഹം.

You might also like

Most Viewed