നേട്ടവും നഷ്ടവും കണക്കെടുക്കുന്പോൾ...


അമ്പിളിക്കല - അമ്പിളിക്കുട്ടൻ

അതിർത്തികൾ തിരിച്ചറിയപ്പെടേണ്ടത് ജീവിതം സുഗമമാക്കാൻ അത്യാവശ്യമാണ്. രാജ്യാതിർത്തി മുതൽ വ്യക്തിപരമായ അതിർത്തികൾ വരെ അവശ്യം തിരിച്ചറിയപ്പെടുകയും മാനിക്കപ്പെടുകയും ചെയ്താൽ ലോകം പ്രശ്നരഹിതമാകും. എന്നാൽ അതിർത്തികൾ എവിടെയാണെന്ന് മനസ്സിലാക്കുന്നതിലുള്ള അപര്യാപ്തതയോ അത് തങ്ങൾക്കു ബാധകമല്ല, മറ്റുള്ളവർക്കേയുള്ളൂ എന്ന ചിലരുടെ വിശ്വാസമോ ജീവിതം സങ്കീർണമാക്കുന്നു. രാജ്യങ്ങൾ പരസ്പ്പരം അതിർത്തികൾ അംഗീകരിക്കാതെ വരുന്പോഴും സമൂഹങ്ങളും ഗോത്രങ്ങളും അതിർത്തികൾ കടന്ന് അന്യന്റെ അതിർത്തിയിൽ സ്വന്തം ഇഷ്ടങ്ങൾ സാധിക്കാൻ ശ്രമിക്കുന്പോഴും ലോകത്തിൽ വളരെയേറെ രക്തച്ചൊരിച്ചിലിനു കളമൊരുങ്ങുന്നു. പശ്ചിമേഷ്യയിൽ എത്രയോ കാലങ്ങളായി തുടരുന്ന ഇതേ തർക്കം എത്ര വിലപ്പെട്ട ജീവനുകൾ ഇതിനകം നഷ്ടപ്പെടുത്തിയിരിക്കുന്നു. രാജ്യങ്ങൾക്കു കരയും കടലും വായുവും ഒക്കെച്ചേർന്ന അതിർത്തികളുണ്ട്. അവ ചെറുതായി ലംഘിക്കുന്നതുപോലും വലിയ പ്രശ്നമാവാറുണ്ട്. ഭരണാധികാരികൾ അവരുടെ ഭരണപരമായ അതിർത്തികൾ മാനിക്കാതെ വരുന്പോൾ സങ്കീർണ്ണമായ ഭരണപ്രതിസന്ധികൾ ഉടലെടുക്കുന്നു. ഭരണസംവിധാനങ്ങളിൽ കേന്ദ്രലിസ്റ്റും, സംസ്ഥാനലിസ്റ്റും കേന്ദ്രസംസ്ഥാനലിസ്റ്റും അതിർത്തി തിരിച്ചു തന്നെയുണ്ട്. ഇതിലൊക്കെ അതിർത്തികൾ കടന്നുള്ള ആവശ്യമില്ലാത്ത ഇടപെടൽ വരുന്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുന്നതു സ്വാഭാവികമാണ്. ദേശത്തിന്റെയോ സംസ്ഥാനത്തിന്റെയോ ജില്ലയുടെയോ പഞ്ചായത്തിന്റെയോ കാര്യത്തിൽ പല രീതിയിലും ഇടപെടലോ കയ്യേറ്റമോ ഉണ്ടായാലും സഹിക്കുന്ന മനുഷ്യൻ സ്വന്തം വീട്ടിലേക്ക് അന്യന്റെ ഇടപെടലിന് സമ്മതിക്കുമോ? അത് മനുഷ്യൻ മാത്രമല്ല, വന്യമൃഗങ്ങൾ പോലും സമ്മതിക്കില്ല. അപ്പോൾ ഇത് സ്ഥൂലവും സൂക്ഷ്മവുമായ തരത്തിൽ പ്രസക്തിയുള്ള ഒരു വിഷയമാണ്. അപ്പോൾ എന്തുകൊണ്ട് വിശ്വാസത്തിനും രാഷ്ട്രീയത്തിനുമൊക്കെക്കൂടി അതിർത്തികൾ നിശ്ചയിച്ചുകൂടാ? ഇതിപ്പോൾ നാടിനെ ജീർണ്ണിപ്പിക്കുന്ന ഒരു പ്രശ്നമായി വളർന്നതിനാൽ ആ വഴിക്കുള്ള ചിന്തകൾ പ്രസക്തമാണ്.

ഇപ്പോൾ ശബരിമലയിൽ നടക്കുന്ന പ്രവൃത്തികൾ കാണുന്പോൾ ചിന്താശൂന്യമായ ലോകത്തിന്റെ വഴികൾ വ്യക്തമാകുന്നു. രാഷ്ട്രനിർമ്മാണത്തിൽ നിർണ്ണായകമായ പങ്കുവഹിച്ചു ചലനാത്മകമായ ഒരു സമൂഹത്തെ വാർത്തെടുക്കേണ്ട നമ്മൾ അമൂർത്തമായ വിശ്വാസങ്ങളുമായി മല്ലടിച്ചു സമയം പാഴാക്കുന്നു. ഭൗതികലോകം പടുത്തുയർത്തേണ്ട സർക്കാർ ഇപ്പോൾ വിശ്വാസങ്ങളിലാണ് അതിന്റെ ഭരണം നടത്തുന്നത്. കോടതികൾ വിധിക്കുന്നതും അത്തരത്തിൽ തന്നെ. കോടതിയും സർക്കാരും ഇടങ്ങൾ തിരിച്ചറിയാത്തതു തന്നെയാണ് ഇതിന്റ കാരണമെന്നത് ഒരു നഗ്നസത്യമാണ്. ഭരണമോ വിശ്വാസമോ എന്തായാലും അത് സാമൂഹ്യജീവിതത്തിന്റെ അനർഗ്ഗളമായ ഒഴുക്കിനെ ബാധിക്കുന്പോൾ മാത്രമാണ് കോടതി അതിൽ ഇടപെടേണ്ടത്. എല്ലാവർക്കും എല്ലായിടത്തും കയറണം എന്ന് വാശി പിടിക്കുന്നത് സമൂഹത്തെ കലാപകലുഷിതമാക്കും. ക്ഷേത്രമെന്നത് അവിടുത്തെ വിശ്വാസികളുടെ മാത്രമാണ്. കാലങ്ങളായി നടന്നുവരുന്ന പാരന്പര്യ രീതികളിൽ അവരുടെ വിശ്വാസത്തെയും അതിന്റെ പ്രതീകമായ ക്ഷേത്രത്തെയും പരിരക്ഷിക്കുക എന്നത് വിശ്വാസികളുടെ അവകാശമാണ്.വിശ്വാസം എന്നത് ഒരു അവയവമല്ല, അത് കുടികൊള്ളുന്ന മനസ്സും ഒരു അവയവമല്ല. അമൂർത്തമായ ഒന്നിനെ സമൂർത്തമായ മറ്റൊന്നിനെ തൂക്കുന്ന തുലാസുകൊണ്ട് അളക്കാൻ ശ്രമിക്കുന്നതിലെ നിരർത്ഥകത മനസ്സിലാകാത്ത ലോകം ബുദ്ധിശൂന്യമാണ്‌. മറ്റാരുടെയെങ്കിലും ജീവിതത്തിന് വിഘാതം സൃഷ്ടിക്കാത്ത വിശ്വാസം വെച്ചുപുലർത്താനും അത് അവരുടേതായ ഇടങ്ങളിൽ പ്രായോഗികമാക്കാനും വിശ്വാസിക്ക് ഭരണഘടന ഉറപ്പു നൽകുന്നുണ്ട്.ദൈവമുണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുവാൻ നമ്മുടെ ഭരണഘടനയിൽ തടസ്സമില്ലാത്തത് നിരീശ്വരവാദവും ഒരു വിശ്വാസമായതുകൊണ്ടാണ്. എന്നാൽ നമ്മുടെ സ്വന്തം വീട്ടിൽ കയറാനും അവിടെ നമ്മൾ നടപ്പാക്കുന്ന രീതികളെ മാറ്റിമറിക്കാനും അവകാശമുണ്ടെന്നും പറഞ്ഞു പുറമെ നിന്നുള്ളവർ വന്നാൽ അതെങ്ങിനെ അംഗീകരിക്കും? നാം ദൈവതുല്യം ബഹുമാനിക്കുന്ന മാതാപിതാക്കൾക്ക് മനോവിഷമമുണ്ടാക്കുന്ന കാര്യങ്ങൾ പുറമെനിന്നുള്ളവർ നടത്തിയാൽ അതെങ്ങനെ ക്ഷമിക്കും? ശബരിമലയിൽ മഹാഭൂരിപക്ഷവിരുദ്ധമായ കാര്യങ്ങൾ നടത്താൻ പോലീസ് അകന്പടിയോടെ പുറമെ നിന്നുള്ളവർക്ക് പോകാം എന്ന സാഹചര്യം ഉണ്ടായത് വിശ്വാസം എന്നത് അമൂർത്തമായ ഒന്നായതുകൊണ്ടാണ്. പ്രത്യേകിച്ചൊന്നും തെളിയിക്കപ്പെടേണ്ട എന്നതിനാൽ തങ്ങൾക്കു വിശ്വാസമുണ്ട് എന്ന് വെറുതെ ഉച്ചരിച്ചുകൊണ്ട് ആർക്കുമവിടെ കയറി അവിടുത്തെ പരന്പരാഗത വിശ്വാസികൾ നടപ്പാക്കുന്ന നിയമങ്ങളെയും വ്യവസ്ഥകളെയും കാറ്റിൽപറത്താം എന്നുള്ള സാഹചര്യം രാഷ്ട്രീയത്തിന്റെ തിമിരം ബാധിക്കാത്തവർ അതിഗൗരവമായി അവലോകനം നടത്തേണ്ടതാണ്. വളരെ ചിന്താശൂന്യമായാണ് ഇവിടെ ഓരോരുത്തരും അവരുടെ ഇടങ്ങൾ അതിലംഘിക്കുന്നത്!!

അയ്യപ്പൻ ശബരിമലയിൽ വിശ്വസിക്കുന്നവരുടെ സമൂർത്തമായ സങ്കൽപ്പവും അമൂർത്തമായ വിശ്വാസവുമാണ് ഒരേ സമയം. ആ സങ്കൽപ്പത്തിന്റെ ഭാഗം തന്നെയാണ് അവിടെ പരിപാലിക്കപ്പെടുന്ന അനുഷ്ടാനങ്ങൾ. അനുഷ്ടാനങ്ങൾ വിട്ടാൽപ്പിന്നെ അയ്യപ്പനില്ല. അനുഷ്ടാനങ്ങളും അയ്യപ്പനും വിശ്വാസമാകുന്ന നാണയത്തിന്റെ ഇരുവശങ്ങളാണ് എന്നിരിക്കെ അയ്യപ്പനിൽ വിശ്വാസം, അയ്യപ്പൻ്റെ അനുഷ്ടാനങ്ങളിൽ വിശ്വാസമില്ല എന്ന് പറയുന്നത് നാണയത്തിന്റെ ഒരു വശം മാത്രമേ ക്രയവിക്രയത്തിനു കൊള്ളൂ, മറുഭാഗം കൊള്ളില്ല എന്ന് പറയുന്നപോലെ ബാലിശമാണ്. നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഉപയോഗിക്കേണ്ട സമയവും പണവും ഊർജ്ജവും അതിനായി വിനിയോഗിക്കാതെ ഈ നാട്ടിൽ കാലാകാലങ്ങളായി ഒരു പ്രശ്നമേ അല്ലാതിരുന്ന ഒരിടത്ത് മനപ്പൂർവം മുറിവുണ്ടാക്കി അതിനെ വീണ്ടും കുത്തിക്കീറി രക്തം ഒലിപ്പിക്കുന്ന അവസ്ഥയിലാക്കിയശേഷം അതിനുവേണ്ടി വിനിയോഗിക്കുന്ന ഒരുതരം ദയനീയ സാഹചര്യമാണിപ്പോൾ. ഇതിനു ചരിത്രം കണക്കു ചോദിക്കും. ഇത് സംഭവിക്കാനുള്ള കാരണം അതിർത്തികൾ കടന്ന് കളിക്കുന്ന ഇരു ഭാഗത്തെയും രാഷ്ട്രീയമാണ് എന്ന് മനസ്സിലാക്കപ്പെടേണ്ടിയിരിക്കുന്നു.

You might also like

  • KIMS

Most Viewed