ഇന്ന് ലോ­കഭൗ­മദി­നം


ഗോള താപനത്തിന്റെ പൊള്ളുന്ന ചൂട് ഓർ‍മ്മപ്പെടുത്തിക്കൊണ്ട് ഒരു ഭൗമദിനം കൂടി വന്നിരിക്കുന്നു. ഭൂമിയുടെ സംരക്ഷണത്തിനായ്, ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 മുതൽ‍ ഏപ്രിൽ‍ 22 ഭൗമദിനമായി ലോകമെങ്ങും ആചരിക്കുന്നു. ഈ ദിനാചരണത്തിലൂടെ ഇന്നു മാത്രമല്ല എല്ലാ ദിവസവും ഭൂമിയെ ഓർ‍ക്കാനും കരുതാനുമുള്ള കരുത്ത് നാം നേടണം.

ഉപയോഗശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ ജീവിതത്തിന്റെ ഒപ്പം ചേർ‍ത്തു പിടിച്ചതു മുതലാണ് ഭൂമിയിൽ‍ മാലിന്യങ്ങൾ‍ കുന്നു കൂടാൻ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകൾ‍ തുപ്പുന്ന വിഷപ്പുകയും, ജലാശയങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളിൽ‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാർ‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തിൽ‍ മുന്നോട്ട് പോയാൽ‍ മാലിന്യം തള്ളാൻ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടി വരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആർ‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുന്പോൾ‍ നഷ്ടപ്പെടുന്നത് കാൽ‍കീഴിലെ മണ്ണാണ്. 

ഭൂമി മനുഷ്യരുടെതല്ല മനുഷ്യൻ ഭൂമിയുടെതാണ്. ഏറെ പുരോഗതി കൈവരിച്ചു എന്ന് അവകാശപ്പെടുന്ന നാം, കത്തിയമരാൻ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കിൽ‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാൻ പോലും മനുഷ്യ വർ‍ഗം ബാക്കിയുണ്ടാവില്ല. ഭൂമി അതിന്റെ സംഹാര താണ്ധവമാടാൻ തുടങ്ങിയാൽ‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും, ഒരു ശക്തിയും ഒന്നിനും കൊള്ളാത്ത ഒന്നായി മാറും. ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതൽ‍ കൂടുതൽ‍ നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. 

ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താൽപ്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയിൽ‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തിൽ‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങൾ‍ വിവിധ ഇടങ്ങളിലായി നാം കണ്ടു കഴിഞ്ഞു. ഭൂമിക്കു മേലുള്ള പ്രഹരം ദിനം പ്രതി വർ‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അണ്ണാര കണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാൽ‍ വരാനിരിക്കുന്ന കറുത്ത നാളയെ കുറച്ചെങ്കിലും അകറ്റാൻ സാധിച്ചേക്കും.

നമ്മുടെ അമ്മയോട് കാണിക്കുന്ന സ്നേഹം ഭൂമിയോടും കാണിക്കണം. വൃക്ഷങ്ങളും ചെടികളും മുറിച്ചുകളയാതെ നട്ടു വളർത്താനാകണം. ശുദ്ധ ജലം പാഴാക്കരുത്. പ്ലാസ്റ്റിക്കിന്റെ ഉപഭോഗം പരമാവധി കുറയ്‌ക്കണം. നടന്നു പോകാൻ പറ്റുന്ന ദൂരമാണെങ്കിൽ നടന്നോ, സൈക്കിളിലോ പോകുന്നത് ശീലമാക്കണം. 

മഴവെള്ളം സംരക്ഷിക്കുകയും ജലസ്രോതസ്സുകളായ നദികൾ‍, ഇടത്തോടുകൾ‍, അരുവികൾ‍, കുളങ്ങൾ‍, തടാകങ്ങൾ‍, ചിറകൾ‍, തണ്ണീർ‍ത്തടങ്ങൾ‍ എന്നിവ സംരക്ഷിക്കുകയും ചെയ്യണം. പാടങ്ങൾ നികത്തി കെട്ടിടങ്ങൾ‍ പണിയാതിരിക്കുക. അങ്ങനെ ഭൂമിക്കു വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെന്തൊക്കെയെന്ന് സ്വയം കണ്ടെത്താനാകും. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. 

ഭൂമിയുടെ നിലനിൽ‍പ്പ്‌ നമ്മുടേതും കൂടിയാണെന്ന് ഭൗമദിനം ഒരിക്കൽ‍ കൂടി നമ്മെ ഉണർ‍ത്തുന്നു. ഭൂമി അതിന്റെ ഭീകര മുഖം പുറത്തെടുത്താൽ‍ മനുഷ്യൻ ഒന്നിനും കൊള്ളാത്ത നോക്കുകുത്തിയാകുമെന്നു മറക്കുന്നു. വരാനിരിക്കുന്ന നാളുകൾ‍ നാം കൂടുതൽ‍ പരീക്ഷണങ്ങൾ‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന ബോധം ഈ ഭൗമദിനത്തിൽ‍ ഡെമോക്ലീസിന്റെ വാളായി ഓരോരുത്തരുടെയും തലക്കു മീതെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ഓർ‍ക്കുക. 

നമുക്ക് ഒരേ ഒരു ഭൂമി മാത്രമേ ഉള്ളൂ, അതിനെ നമുക്ക് തന്നെ സംരക്ഷിക്കാം, അതിനുള്ള ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. നാളത്തെ തലമുറയ്ക്ക് അൽ‍പ്പം കൂടെ മെച്ചപ്പെട്ട ഒരു ഭൂമി ആകണം നാം കൈമാറി നൽ‍കുന്നത്. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം.

You might also like

Most Viewed