ടാ­ഗോർ‍ ജന്മവാ­ർ‍­ഷി­കം...


ബാജി ഓടംവേലി

ലോകം കണ്ടിട്ടുള്ള മഹാകവികളിൽ‍ ഒരാളായ രബീന്ദ്രനാഥ് ടാഗോറിന്റെ ജന്മവാർ‍ഷികദിനമായിരുന്നു ഇന്നലെ. കൊൽക്കത്തയിൽ 1861 മെയ്‌ 7നാണ്‌ രബി എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ ജനിച്ചത്‌. ദീബേന്ദ്രനാഥ് ടാഗോറിന്‍റെയും ശാരദാദേവിയുടെയും 14 മക്കളിൽ‍ ഇളയമകനായിരുന്നു ടാഗോർ‍. എട്ടാമത്തെ വയസിൽ കവിതയെഴുതാനാരംഭിച്ചു. പതിനാറാമത്തെ വയസ്സിൽ ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. ഇന്ത്യയുടെ മാത്രമല്ല ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങൾ‍ രചിച്ചത് ടാഗോറാണ്. (ഇന്ത്യ: ജനഗണമന..., ബംഗ്ലാദേശ്:− അമർ‍ സോനാ ബംഗ്ലാ...) ഗാന്ധിജിക്ക്‌ മഹാത്മ എന്ന സ്ഥാനവിളി നൽകിയത്‌ ടാഗോറാണ്‌. ഗാന്ധിജി അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്‌ ഗുരുദേവ്‌ എന്നായിരുന്നു. ആധുനിക ഭാരതം കെട്ടിപ്പെടുക്കുന്നതിൽ ഇദ്ദേഹത്തിന്റെ സംഭാവന വിലപ്പെട്ടതാണ്. 

രണ്ട് ലക്ഷത്തിപ്പതിനായിരം വരി കവിതകളും പതിനാല് നോവലുകളും നൂറിലധികം ചെറുകഥകളും എൺപത്തിയൊന്ന്‌ നാടകങ്ങളും ഇരുപതോളം ഗദ്യകൃതികളും അനേകം ചിത്രങ്ങളും കാർട്ടൂണുകളും രബീന്ദ്രസംഗീതവും ടാഗോറിന്റേതായി നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌. വിനോദത്തിനു വേണ്ടി അറുപത്തിയെട്ടാം വയസ്സിൽ‍ ചിത്രരചന ആരംഭിച്ച് ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ‍ രചിച്ചു. ഒഴുകിക്കൊണ്ടിരുന്ന നദീജലത്തിന് മുകളിൽ പത്തേമാരിയിൽ‍ നിവർന്നു കിടന്ന് പ്രകൃതി പ്രതിഭാസങ്ങളെ നിരീക്ഷിച്ചുകൊണ്ട് നദീജലത്തിന്റെ താളലയങ്ങൾക്ക് അനുഗുണമായ ഈണത്തിലും താളത്തിലും ഗാനങ്ങൾ ചമച്ച് സ്വയം ഉറക്കെച്ചൊല്ലുകയും ആ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ കൂടെയുള്ളവർ രേഖപ്പെടുത്തി െവയ്ക്കുകയും പതിവായിരുന്നു. പ്രത്യേക ശൈലിയിലുള്ള ഒരു ഗാനസഞ്ചയം ഇപ്രകാരം രൂപം കൊള്ളുവാനിടയായി. രബീന്ദ്ര സംഗീതം ഇന്നും സവിശേഷമായ ഒന്നായി ലോകമെങ്ങും ആസ്വദിക്കപ്പെടുന്നുണ്ട്.

ദേശാതിർ‍ത്തികളോടുള്ള മനോവിഭ്രമമായി മാറുന്ന അമിതദേശസ്‌നേഹത്തിന്റെ അപകടത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽ‍കിയിട്ടുണ്ട്. “തിന്മയുടെ നിഷ്ഠുരമായ മഹാമാരിയാണ് ദേശീയത. വർ‍ത്തമാനയുഗത്തിലെ മനുഷ്യരാശിയെ, അതിന്റെ ധാർ‍മ്മിക തേജസ്സിനെ വിഴുങ്ങുന്ന ഒരു മഹാമാരി.” ഇന്ത്യ നേരിടാൻ  പോകുന്ന പ്രശ്‌നങ്ങളുടെ അടിത്തറ തന്നെ ദേശീയതയായിരിക്കുമെന്ന് മഹാകവി ദീർ‍ഘദർ‍ശനം ചെയ്തു. രത്‌നങ്ങളുടെ വില നൽ‍കി ചില്ലുകഷ്ണങ്ങൾ‍ വാങ്ങുന്നതിന് സമാനമാണ് ദേശീയതയിൽ‍ അഭയമന്വേഷിക്കൽ‍. ഒരിക്കലും തന്റെ അഭയസ്ഥാനം ദേശീയതയല്ലെന്നും അത് മനുഷ്യരാശിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രബീന്ദ്രനാഥ്‌ ടാഗോർ‍ എന്ന കവി, പ്രതിഭയും പ്രശസ്തനും ഭാഗ്യവാനുമായിരുന്നു. എന്നാൽ‍, ടാഗോർ‍ എന്ന മനുഷ്യനാകട്ടെ വലിയ ദുഃഖിതനും ദുരന്തകഥാപാത്രവുമായിരുന്നു. ജീവിതം ദുരന്തപൂർണ്ണമായിരുന്നു, കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.

1913−ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ്‌ ഗീതാഞ്ജലി. ഇതിലെ ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യ വാദവും, തത്ത്വചിന്തയും ലോകപ്രശസ്തമാണ്‍. ഈ ഗദ്യകാവ്യത്തിൽ, ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങ്ങളുമണിഞ്ഞ് പാടത്തും പറന്പിലും പണിയെടുക്കുന്നവന്റെയും പാതയിൽ കല്ലുകൊത്തുന്നവന്റെയും കൂടെയാണുള്ളതെന്ന് പറയുന്നു. അവരുടെ ഇടയിലേയ്ക്ക് ഇറങ്ങി ചെന്ന് സർ‍വ്വവ്യാപിയായ ദൈവത്തെ കാണാൻ ആവശ്യപ്പെടുന്നു. നോബൽ‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ മാത്രമല്ല ഏഷ്യക്കാരൻ കൂടിയാണ് അദ്ദേഹം. 1941 ഓഗസ്റ്റ്‌ 7ന്‌ തന്റെ എൺ‍പതാം വയസ്സിൽ‍ ആ വിശ്വമഹാ സാഹിത്യകാരൻ ലോകത്തോട്‌ വിട പറഞ്ഞു. മരണക്കിടക്കയിൽ കിടക്കുന്പോൾ അവസാനമായി ചൊല്ലിക്കൊടുത്ത കവിതയിലെ വരികളിൽ‍ “മനുഷ്യനിലുളള വിശ്വാസം നഷ്ടപ്പെടുകയെന്ന പാപം ഞാനൊരിക്കലും ചെയ്തിട്ടില്ല” എന്ന് പറയുന്നു.

You might also like

Most Viewed