മൂന്നാർ : നമ്മുടെ നേതാക്കൾ ഉത്കണ്ഠാകുലരല്ല


ഇ.പി അനിൽ

ലോകത്തെ ഏറ്റവും പ്രകൃതി സന്പന്നമായ നാട്ടിൽ‍ അധികം പട്ടിണി കിടക്കുന്നവർ‍ ഉണ്ടായിരിക്കുകയും എന്നാൽ‍ പ്രകൃതി വിഭവങ്ങൾ‍ വളരെ കുറവുള്ള യൂറോപ്പിൽ‍ പൊതുവെ ജനങ്ങൾ‍ സന്പൽ‍സമൃദ്ധിയിൽ‍ കഴിയുന്നതും നിരവധി വിരോധാഭാസങ്ങളിൽ‍ ഒന്നുമാത്രം. കേരളം എന്ന സംസ്ഥാനത്തെ ഏറ്റവും പ്രകൃതിരമണീയമായ നാട് ഏതെന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങൾ‍ ഉണ്ടാകും. ആ ഉത്തരങ്ങളിൽ‍ ഏറ്റവും അധികം മാർ‍ക്ക് വാങ്ങുവാൻ‍ യോഗ്യതയുള്ളത്  മുന്നാർ‍ മലനിരകൾ‍ ആണെന്ന് നമുക്ക് അറിയാം. മുന്നാർ‍ എന്തുകൊണ്ടും നമുക്കുപോലും ഒരു അത്ഭുത ഭൂമികയാണ്.

കേരളത്തിന്‍റെ കിഴക്കൻ‍ പ്രദേശങ്ങൾ‍ എല്ലാം തന്നെ പശ്ചിമഘട്ട മലനിരകളിൽ‍ പെടുന്നു. കാസർ‍ഗോഡ്  മരങ്ങൾ‍ ഇടതൂർ‍ന്ന് കാണാത്ത, വരണ്ട കാലാവസ്ഥയെ ഓർ‍മ്മിപ്പിക്കുന്നു.  അതുകഴിഞ്ഞാൽ‍ നമുക്ക് കാണാവുന്ന  വയനാടൻ മഴക്കാടുകളും അതിന്‍റെ തെക്ക് തമിഴ്നാട്ടിൽ‍ നിന്നും വീശുന്ന പാലക്കാടൻ കാറ്റിന്റെ സ്വാധീനത്തിൽ‍ പെടുന്ന സമതലങ്ങളും കിഴക്കൻ‍ നാടിന്‍റെ പ്രത്യേകതകളാണ്. കോട്ടയം, പത്തനംതിട്ട ജില്ലയിലെ ഇടതൂർ‍ന്ന വൻകാടുകളുടെ പ്രത്യേകതകൾ‍ കൊണ്ട് പ്രസിദ്ധി നേടിയ ശബരിമല (ഗവി, റാന്നി പ്രദേശങ്ങൾ‍), അതിന്‍റെ തുടർ‍ച്ചയായ അച്ചൻകോവിൽ‍ വനം, അതിനും തെക്ക് അഗസ്ത്യകൂടം എന്ന വളരെയധികം പ്രത്യേകതകൾ‍ ഉള്ള ഉയരം കൂടിയ മലനിരകൾ‍ ഒക്കെ ലോകത്തെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന വൈവിധ്യങ്ങളുടെ കലവറകളാണ്.  ഇത്തരം വൈവിധ്യങ്ങളിൽ‍ ഏറ്റവും അധികം പ്രത്യേകതകൾ‍ ഉള്ള പ്രദേശങ്ങൾ‍  മുന്നാർ‍, ദേവികുളം  താലൂക്കുകളിലായും  അതിനു തൊട്ടുകിടക്കുന്ന ഇടങ്ങളിലും ആയി കിടക്കുന്നു. കൂടുതൽ‍ വരൾ‍ച്ചയുള്ള ചിന്നാർ‍, ചന്ദന കാടുകൾ‍ നിറഞ്ഞ മറയൂർ‍, അതിനു ചേർ‍ന്ന് കിടക്കുന്ന കാന്തല്ലൂർ‍, മാട്ടുപെട്ടി, സൂര്യനെല്ലി, ചിന്നക്കനാൽ‍, പെരിയ കനാൽ‍, അതിന്‍റെ തെക്ക് സ്ഥിതി ചെയ്യുന്ന മതികെട്ടാൻ മലകൾ‍,   വളരെയധികം പ്രത്യേകതകൾ‍ ഉള്ള കാടും പുൽ‍മേടുകളും കോട്ടയം ജില്ലയുടെ ഭാഗമായ കുമളിയിലൂടെ (മുല്ലപെരിയാർ‍) തെക്കോട്ട്‌ നീണ്ടുപോകുന്നു. പശ്ചിമഘട്ട മലയുടെ കിഴക്കൻ‍ പ്രദേശമായ ബോഡി, തേനി തുടങ്ങിയ തമിഴ്നാടിന്‍റെ ഭാഗമായ നാട്ടിൽ‍ വളരെയധികം ചൂട് അനുഭവപ്പെടുന്പോൾ‍ ഇപ്പുറത്ത് എല്ലാ കാലത്തും അന്തരീക്ഷം തണുത്ത് നിൽ‍ക്കുന്നു.

ബ്രിട്ടീഷുകാരുടെ കാലത്ത് മുന്നാറിൽ‍ അന്നത്തെ നാട്ടുരാജാക്കന്മാരിൽ‍ നിന്നും പാട്ടം വ്യവസ്ഥയിൽ‍ മൺറോ സായിപ്പിന്‍റെ നാട്ടുകാർ‍ ഏറ്റെടുത്തു തുടങ്ങിയ തേയിലകൃഷി വൻകിട നാണ്യവിളയുടെ കച്ചവടസാധ്യതകൾ‍ വർ‍ദ്ധിപ്പിച്ചു. കണ്ണൻ ദേവൻ മലകളിലെ ഗോത്ര കുടുംബങ്ങൾ‍ക്ക് മുകളിൽ‍ അധികാരം സ്ഥാപിച്ച വെള്ളക്കാർ‍ തൊഴിലാളികളെ തമിഴ്നാട്ടിൽ‍ നിന്നും കൊണ്ടുവന്ന്, പഴയ കാല അമേരിക്കൻ ചരിത്രത്തെ ഓർ‍മ്മിപ്പിക്കുന്ന തരത്തിലുള്ള അടിമത്തം അവിടെ നിലനിർ‍ത്തുവാൻ പ്രത്യേകം ശ്രദ്ധിച്ചു. നിരക്ഷരരായ തൊഴിലാളികളെ കൊണ്ടുവന്ന് ലയങ്ങളിൽ‍ താമസിപ്പിച്ചാണ് പണി നടത്തിവന്നത്. അവരുടെ അവകാശങ്ങൾ‍ അംഗീകരിക്കുവാൻ ഏറെ നാളത്തെ സമരം നടത്തിയ കമ്യുണിസ്റ്റ് പാർ‍ട്ടി ക്രൂര മർ‍ദ്ദകരായ കങ്ങാണിമാരെ ചോദ്യം ചെയ്യുവാൻ തയ്യാറായി. 50കളുടെ അവസാനം തന്നെ ബോണസ് ഉൾ‍പ്പെടുന്ന അവകാശങ്ങൾ‍ക്കായി വലിയതരത്തിൽ‍ സമരങ്ങൾ‍ വളർ‍ന്നു വന്നു. ആലപ്പുഴ കഴിഞ്ഞാൽ‍ ഏറ്റവും അധികം സമരം നടന്ന പ്രദേശമാണ് മുന്നാർ‍ മലനിരകൾ‍. 58ൽ‍  നടന്ന വെടിവെപ്പിൽ‍ രണ്ട് തൊഴിലാളികൾ‍ രക്തസാക്ഷികൾ‍ ആയിട്ടിട്ടുണ്ട്. നിരവധി അവകാശങ്ങൾ‍ നേടിയെടുക്കുവാൻ അവർ‍ വിജയിച്ചു. എന്നാൽ‍ പിൽ‍ക്കാലത്ത്  മേഖലയിലെ തൊഴിലാളികളുടെ വിലപേശൽ‍ ശേഷി കുറയുവാൻ‍ രാഷ്ട്രീയ സംഘടനയുടെ വൻകിട കോർ‍പ്പറേറ്റുകളുമായുള്ള അനാരോഗ്യ ബന്ധങ്ങൾ‍  ഇടയുണ്ടാക്കി.  അങ്ങനെ ആദ്യകാലത്തെ സംഘടിത ശക്തിയായിരുന്ന തൊഴിലാളികളുടെ കൂട്ടായ്മകളുടെ കരുത്തു ക്ഷയിച്ചു. തോട്ടം തൊഴിലാളികൾ‍ വളരെ പിന്നോക്കാവസ്ഥയിലേക്ക് എത്തിച്ചേരുവാൻ നിർ‍ബന്ധിതരായി. ആഗോളവൽ‍ക്കരണ കാലത്തെ തേയില കയറ്റുമതി ഇറക്കുമതി നയങ്ങൾ‍  തേയില തോട്ടങ്ങളെ കൂടുതൽ‍ ബുദ്ധിമുട്ടിലാക്കി. അതേസമയം ലോക മാർ‍ക്കറ്റിലെ തേയില ഉത്പന്നങ്ങളുടെ വിലയിൽ‍ ഉണ്ടാകുന്ന അടിക്കടിയുള്ള വർ‍ദ്ധന  കുത്തകകളുടെ വരുമാനത്തെ ബാധിച്ചതുമില്ല.  തൊഴിലാളികളുടെ ദയനീയ സ്ഥിതികൾ‍ പരിഹരിക്കുവാൻ‍ എല്ലാ രാഷ്ട്രീയ സംഘടനകളിൽ‍ നിന്നും പടിയിറങ്ങി രൂപീകരിച്ച പെൺപിളൈ ഒരുമ ഉയർ‍ത്തിയ വിഷയങ്ങൾ‍ പരിഹരിക്കാതെ തുടരുന്നു. പുതിയ സർ‍ക്കാർ‍ പ്രകടനപത്രികയിൽ‍ പറഞ്ഞ കാര്യങ്ങളിൽ‍ മിനിമം വേതനം 500 രൂപ എന്നാവശ്യം ഉൾപ്പെടെ ഒന്നുതന്നെയും ലക്ഷ്യത്തിൽ‍ എത്തിയിട്ടില്ല. മാത്രവുമല്ല 10 വർ‍ഷങ്ങൾ‍ക്ക് മുന്‍പ് വി.എസ് മന്ത്രിസഭാ കാലത്ത് തുടക്കം കുറിച്ച മുന്നാർ‍ കൈയേറ്റം ഒഴിപ്പിക്കൽ‍ ലക്ഷ്യം കാണാതെ വഴിയിൽ‍ ഉപേക്ഷിച്ചു. ഒരേസമയം തൊഴിലാളികളുടെ പ്രതിസന്ധികളും കാടുകൾ‍ ടൂറിസം മാഫിയകൾ‍ കൈയേറുന്ന പ്രവർ‍ത്തനങ്ങളും തുടരുന്നു.

രാജാവിൽ നിന്ന് പാട്ടത്തിനെടുത്ത കരാർ സ്വാഭാവികമായും രാജവാഴ്ച അവസാനിക്കുന്പോൾ അസാധുവാകേണ്ടതാണ്. (കണ്ണൻ ദേവൻ തേയില തോട്ടങ്ങൾ) 59000 ഹെക്ടർ ഭൂമിയിലെ ചുങ്കം നൽകി മറ്റൊരു 1.1 ലക്ഷം ഹെക്ടർ ഭൂമി നിലനിർത്തുകയാണ് പിൽക്കാലത്ത് ടാറ്റ ചെയ്തത്. വിദേശ ഉടമസ്ഥതയിൽ നിന്നു പൂർണ്ണമായും ഇന്ത്യൻ കന്പനിയായി മാറി കഴിഞ്ഞിരുന്ന (1983) കണ്ണൻ ദേവൻ ടീ ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം പരിശോധിച്ചാൽ ഒരു കന്പനിയെ ചെറിയ മുതൽമുടക്ക് കൊടുത്ത് എങ്ങനെയാണ് പരിപൂർണ്ണമായും നിയന്ത്രിക്കുന്നത് എന്ന് മനസിലാകും. ടാറ്റ കന്പനിക്ക്  19% ഷെയറും തൊഴിലാളികൾക്ക് അതിലും കൂടുതൽ‍. ബാക്കി ഉള്ള 6%കന്പനിയിലെ ഉയർന്ന തട്ടിലുള്ള ഭരണം നിയന്ത്രിക്കുന്നവർക്കും. അതുകൊണ്ട് കണ്ണൻ ദേവൻ കന്പനി ടാറ്റയുടെതല്ല തൊഴിലാളി കുടുംബങ്ങളുടെതാണ് എന്ന് വേണമെങ്കിൽ അവകാശപ്പെടാം. കണ്ണൻ ദേവൻ തേയില കന്പനിയുടെ എല്ലാ തീരുമാനങ്ങളും ടാറ്റ കൈക്കൊള്ളുന്നു. കന്പനി ഉൽപാദിപ്പിക്കുന്ന തേയില ടാറ്റ വാങ്ങി ടാറ്റയുടെ ലേബലിൽ വിറ്റഴിക്കുന്നു. ഇവിടെ വിലയിലെ അന്തരം 100%നു മുകളിലാണ്. തേയില പൊടിയുടെ വിലയിൽ സ്ഥിരമായ വർദ്ധനവ് ഉണ്ടാകുന്പോൾ അതിന്റെ ഉറവിടമായ കൊളുന്തിന്റെ വില വൻ തകർച്ചയിലാണ്. 25 വരെ ഉണ്ടായിരുന്ന വില ഇന്ന് 6.50 രൂപയായി താഴ്ന്നിട്ടുണ്ട്. തേയില ഫാക്ടറികൾ ഉള്ള കന്പനികൾക്ക് ഇത് കൊള്ള നടത്തുവാനുള്ള അവസരമാണ്. ടാറ്റയും മറ്റും വിലകുറച്ച് ശേഖരിക്കുന്ന തേയിലയുടെ വില കുറവ് സാധാരണ കൃഷിക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനെക്കാൾ വലിയ ചൂഷണമാണ് സർക്കാർ ഭൂമി തുച്ഛമായ ചുങ്കത്തിനു സ്വന്തമാക്കിയിരിക്കുന്ന അവസ്ഥ. പാട്ട ഭൂമി കരാർ വിരുദ്ധമായി ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും വൻ കന്പനികൾക്ക് ഒരു മടിയുമില്ല. സർക്കാർ സ്ഥാപനമായി 1968 മുതൽ പ്രവർത്തിച്ചു തുടങ്ങിയ കേരള റബ്ബർ പ്ലാന്റേഷൻ കോർപ്പറേറ്റുമായി  ഉണ്ടാക്കിയ പാട്ടക്കരാർ മനസിലാക്കിയാൽ പോലും എങ്ങനെയാണ് പൊതുഭൂമി കോർപ്പറേറ്റുകൾ തുച്ഛമായ വിലക്ക് കൈ കടത്തി വെച്ചിരിക്കുന്നത് എന്ന് മനസിലാകും. കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിധിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഭൂമി പാട്ടത്തിനു നൽകിയ തോതിൽ തന്നെ സ്വകാര്യ വ്യക്തികൾക്കും ഭൂമി നൽകണമെന്ന വിധി വൻകിട തോട്ടം മുതലാളിമാർക്ക് സഹായകരമായി എന്ന് പറയേണ്ടതില്ലല്ലോ, എന്നുമാത്രമല്ല വർദ്ധനവ് 10%ത്തിൽ അധികമാകരുത് എന്നും കോടതി പറയാൻ മറന്നില്ല. കേരള പ്ലാന്റേഷൻ കോർപ്പറേഷൻ സർക്കാർ 7798 ഹെക്ടർ ഭൂമി 50 വർഷം പാട്ട കാലാവധിക്കാണ് നൽകിയത്. ആദ്യ 10 വർഷം (1980വരെ) ഏക്കറിന് 3 രൂപയും പിന്നീട് 10 രൂപയും 10 വർഷം നൽകണം. 1980ൽ പുതുക്കാം എന്ന് കരാർ‍ പറയുന്നു.  എന്നാൽ‍ വേണ്ട തരത്തിൽ‍ ചുങ്കം വർ‍ദ്ധിപ്പിക്കാൻ സർ‍ക്കാർ‍ തയ്യാറായില്ല. മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഏറെ നാളുകളായി താമസം ആക്കി വരുന്നവർ‍ക്ക് തുച്ഛമായ ഭൂമി മാത്രമേ ലഭ്യമായിട്ടുള്ളൂ. അതിൽ‍ പലർ‍ക്കും പട്ടയം ലഭ്യമാകാത്ത അവസരം ഉണ്ട്. എന്നാൽ‍ മറ്റൊരു കൂട്ടർ‍ വൻ‍കിട തോട്ടം മുതലാളിമാരും കേരളത്തിലെ ഹോട്ടൽ‍ വ്യവസായികളും ആണ്. മുന്നാറിലെ നിയമപരമായി സാധുതയുള്ള കുടിയേറ്റക്കാരുടെ അവകാശങ്ങൾ‍ സംരക്ഷിക്കുക വളരെ പ്രധാനമാണ്. ഒപ്പം വൻകിടക്കാരുടെ കൈയേറ്റങ്ങൾ‍ ഒഴിപ്പിക്കുവാനും സർ‍ക്കാർ‍ തയ്യാറാകേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെ നിയമത്തെ തന്നെ വെല്ലുവിളിച്ചു  ഭൂമി മടക്കി സർ‍ക്കാരിനു നൽ‍കാതെ കൈവശം വെച്ചിരിക്കുന്നവരെ ഒഴിപ്പിച്ചു കൊണ്ടേ വൻ പാരിസ്ഥിതിക തകർ‍ച്ചയെ നേരിടുന്ന മുന്നാറിനെ രക്ഷിക്കുവാൻ കഴിയൂ.

1877ൽ‍ തന്നെ മുതുവർ‍ സമുദായം താമസിച്ചു വന്ന മുന്നാറിലെ 1.36 ലക്ഷം കണ്ണൻ‍ ദേവൻ മലകൾ‍ അസ്വാഭാവികമായ മനുഷ്യ ഇടപെടലുകൾ‍ക്ക് വിധേയമായതായി കാണാം. 1924ൽ‍ ഉണ്ടായ മുന്നാറിലെ പ്രകൃതി ദുരന്തം നിരവധി മരണവും വൻ മലകൾ‍ ഇടിഞ്ഞു വീണ്  ഭൂമിയുടെ ഘടനയിൽ‍ തന്നെ വലിയ മാറ്റങ്ങൾ‍ വരുത്തിവെച്ചു. ബ്രിട്ടീഷ് കന്പനികൾ‍ ഇന്ത്യ വിട്ടു എങ്കിലും അവരുടെ പങ്കാളികൾ‍ ആയിരുന്ന ടാറ്റയും ഹാരിസൺ‍ തുടങ്ങിയവരും ഉടമസ്ഥാവകാശം  നിലനിർ‍ത്തി. വൈദേശികർ‍ കൈക്കൊണ്ട പരിസ്ഥിതി− ജനവിരുദ്ധ നിലപാടുകളെ നാണിപ്പിക്കുന്ന സമീപനങ്ങളാണു പിൽ‍ക്കാലത്ത് ഇന്ത്യക്കാർ‍ നിയന്ത്രിക്കുന്നു എന്നവകാശപെടുന്ന കന്പനിയിൽ‍ നിന്നും ഉണ്ടായത്. അതിന് അവിശ്വസനീയമായ സഹായങ്ങൾ‍ ചെയ്തു കൊടുക്കുവാൻ രാഷ്ട്രീയക്കാരും ഭരണകൂടവും പ്രവർ‍ത്തിക്കുന്നു. മുന്നാർ‍ പ്രദേശത്തെ ചുരുക്കം ചില സ്ഥലങ്ങൾ‍  മാറ്റി നിർ‍ത്തിയാൽ‍ അവ എല്ലാം പാട്ട ഭൂമികളാണ്. ഒരു തുക സർ‍ക്കാരിനു കൊടുത്തു കൊണ്ട് കൃഷിക്ക് മാത്രം അധികാരം കൊടുക്കുന്ന ഇത്തരം ഭൂമി സർ‍ക്കാരിന് പാട്ട കാലാവധി കഴിഞ്ഞ് ഏറ്റെടുക്കുവാൻ ഒരു തടസവുമില്ല. എന്നു മാത്രവുമല്ല കരാറിൽ‍ പറയാത്ത എന്തെങ്കിലും ചെയ്തികൾ‍ ഉണ്ടായാൽ‍ പാട്ട കരാർ‍ റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കുവാൻ കഴിയും. 57ലെ സർ‍ക്കാർ‍ വലിയ ആവേശത്തോടെ നടപ്പിൽ‍ കൊണ്ടുവന്ന ഭൂനിയമത്തിൽ‍ നിന്നും വിസ്തൃതവും ഏറ്റവും പിന്നോക്കം നിൽ‍ക്കുന്ന പ്രദേശങ്ങളെ ഒഴിവാക്കിയത് മുതൽ‍ സംസ്ഥാന സർ‍ക്കാരുകളുടെ കുത്തകകളുമായി ഉള്ള ചങ്ങാത്തം ആരംഭിക്കുന്നതായി കാണാം.  തൊഴിലാളികളുടെ അവകാശങ്ങൾ‍ എന്നും അട്ടിമറിക്കുവാൻ ശ്രമിച്ചിട്ടുള്ള വൻകിടക്കാരെ നിലക്ക് നിർ‍ത്തുവാൻ ഉത്തരവാദിത്തപ്പെട്ടവർ‍  മറന്നുവന്നു. ഇതിന്‍റെ ഭാഗമായി സർ‍ക്കാർ‍ ഇവരിൽ‍ നിന്നും പിരിക്കുന്ന ചുങ്കം തുക കാലാകാലമായി വർ‍ദ്ധിപ്പിക്കുവാൻ ശ്രമിച്ചില്ല.

ഹാരിസൺ‍ മലയാളം പ്ലാന്‍റേഷൻ എന്ന സ്ഥാപനം 60000 എക്കർ‍ ഭൂമി കൈവശം വെച്ചിരിക്കുന്നു. സംസ്ഥാനത്തെ 1963ൽ‍ ഉണ്ടാക്കിയ നിയമപ്രകാരം (KLR Act) നമ്മുടെ സംസ്ഥാന ഭൂമിയിൽ‍ വൈദേശികരുടെ ഉടമസ്ഥാവകാശം അനുവദിക്കുന്നില്ല. എന്നാൽ‍ കഴിഞ്ഞ അര നൂറ്റാണ്ടിനിടയ്ക്ക്  ഒരിക്കൽ‍ പോലും നമ്മുടെ അധികാരികൾ‍ വൈദേശിക ഉടമസ്ഥാവകാശം ചൂണ്ടിക്കാട്ടി ഹാരിസൺ ഭൂമി തിരിച്ചു പിടിക്കുവാൻ ശ്രമിച്ചിട്ടില്ല. കേരളത്തിൽ‍ ഭൂരഹിതർ‍ 15 ലക്ഷത്തിനടുത്ത് ആളുകൾ‍ ഉണ്ട്. നാമമാത്രമായി ഭൂമിയുള്ളവർ‍ മറ്റൊരു 60 ലക്ഷവും. എന്നിട്ടും വയനാട്ടിൽ‍ മാത്രം ഹാരിസൺ 2000ലധികം ഏക്കർ‍ കൈവശം വെച്ചിരിക്കുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ‍ ഇതിലും അധികം ഭൂമി ഇവരുടെ കൈകളിലാണ്. സംസ്ഥാനത്ത് ഇത്തരത്തിൽ‍ മൊത്തം 12 ലക്ഷം ഏക്കർ‍ ഭൂമി തുച്ഛമായ ചുങ്കത്തിന് വൻകിടക്കാർ‍ക്ക് നൽ‍കിയിരിക്കെ അത്തരം ഭൂമിയിൽ‍ എല്ലാ നിയമ ലംഘനങ്ങളും അക്കൂട്ടർ‍ നടത്തിവരുന്നു.

മുന്നാർ‍ പ്രദേശത്തെ ഭൂമിയുടെ ഘടനയിലുള്ള പ്രത്യേകത പെട്ടെന്ന് തന്നെ മനസിലാക്കുവാൻ കഴിയുന്നതാണ്. വളരെ വലിയ മരങ്ങൾ‍ ഉള്ള കാടുകൾ,‍ (മതികെട്ടാൻ പോലെയുള്ള) യുക്കാലി മരങ്ങൾ‍ നിറഞ്ഞ കാടുകൾ, ‍(അതിന്‍റെ സാനിദ്ധ്യം അപകടം വരുത്തി കൊണ്ടിരിക്കുന്നു) പുൽ‍ മേടുകൾ‍, തേയില തോട്ടങ്ങൾ‍ മുതലായവയാണ് വ്യത്യസ്തമായ ഇവിടുത്തെ ഭൂമി. ആളുകൾ‍ക്ക് താമസിക്കുവാനും കൃഷി ചെയ്യുവാനും വീടുവെയ്ക്കുവാനും അനുവാദം ഉള്ള ഭൂമിയെLA പട്ടയതറ (Land Assignment) എന്ന് വിളിക്കുന്നു. നാട്ടുകാർ‍ കാലാ കാലങ്ങളായി അവിടെയാണ് താമസിക്കുന്നത്. മറ്റൊരു ഭൂമി Cardamom Hill Resereപട്ടയം ഉള്ളവയാണ്. അവയിൽ‍ ഏല കൃഷി ചെയ്യുവാൻ‍ മാത്രമേ അവകാശമുള്ളു. മരങ്ങൾ‍ മുറിക്കുവാൻ അവകാശവുമില്ല, കൃഷിയുമായി ബന്ധപ്പെട്ട ചെറിയ വീടുകൾ‍ വെയ്ക്കാം എന്നു മാത്രം. മറ്റൊരു തരം പട്ടയം  കുത്തക പാട്ടം (Lease land) ആണ്. ഇത്തരം കുത്തക പാട്ട ഭൂമിയുടെ പാട്ട കാലവധി 20 വർ‍ഷമാണ്‌. അതിൽ‍ ഒരു തരത്തിലുമുള്ള നിർ‍മ്മാണം നടത്തുവാനോ ഭൂമിയുടെ ഘടനയിൽ‍ വ്യതിയാനം ഉണ്ടാക്കുവാനോ ആർ‍ക്കും അവകാശമില്ല. ഏലത്തിനായി നൽ‍കുന്ന കുത്തക പാട്ടത്തിന് 20 വർ‍ഷത്തിലേയ്ക്ക് സർ‍ക്കാർ‍ ഈടാക്കുന്ന പാട്ട തുക എത്രയെന്നറിഞ്ഞാൽ‍ സർ‍ക്കാരിനു ഈ വിഷയത്തിലുള്ള താൽ‍പര്യം നമുക്ക് ബോധ്യപ്പെടുന്നതാണ്. 

(Mr.Chandrashekaran  committee report... which was tabled in the Assembly, said the `kuthaka pattom’ premium paid by the plantation owners, now fixed at Rs.5,000 per hectare for 20 years, was too low compared to the average income from a hectare. At 2002 prices, on the average, there was an income of Rs.2.5 lakhs per hectare of cardamom land.സർ‍ക്കാർ‍  നിരക്കിൽ‍ വലിയ മാറ്റങ്ങൾ‍ ഇന്നും ഉണ്ടായിട്ടില്ല). മുന്നാ
റിൽ‍ പിടിമുറുക്കിയിരിക്കുന്ന തോട്ടം −ടൂറിസം വൻകിട കച്ചവ
ടക്കാർ‍ നടത്തുന്ന എല്ലാ നിയമ ലംഘനങ്ങളും മുകളിൽ‍ പറഞ്ഞ കുത്തക പാട്ട ഭൂമിയിലാണ് നടന്നുവരുന്നത്.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പരിസ്ഥിതി രംഗത്ത് നടക്കുന്ന അനാശ്യാസ പ്രവർ‍ത്തങ്ങളിലൂടെ  വരുത്തി വെയ്ക്കുന്നതാണ്.  നമ്മുടെ കടൽ‍ തീരവും ഇടനാടും വൻ തോതിൽ‍ ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞു. പശ്ചിമഘട്ടം സംരക്ഷിക്കുവാൻ ഇടതുവലതു സർ‍ക്കാരുകൾ‍ ഒരു തരത്തിലുമുള്ള  താൽ‍പര്യം കാട്ടുന്നില്ല എന്ന് ഗാഡ്്ഗിൽ‍ കമ്മീഷനെ അവർ‍ കൈകാര്യം ചെയ്ത രീതികളിൽ‍ നിന്നും മനസിലാക്കാം. അതിന്‍റെ തുടർ‍ പരിപാടികൾ‍ ആണ് ഇപ്പോൾ‍ ദേവികുളത്ത് നമുക്ക് കേൾ‍ക്കുവാൻ കഴിയുന്നത്. നാടിന്‍റെ മുഖ്യ ഭരണകക്ഷി തന്നെ ഭൂമാഫിയകൾ‍ക്കായി ശബ്ദിക്കുന്പോൾ‍ ഓർ‍മ്മിക്കേണ്ടത്, മലബാറിലെ കമ്മ്യുണിസ്റ്റ് പാർ‍ട്ടിയുടെ ആദ്യകാല നേതാവ് സഖാവ് കുഞ്ഞന്പുവും കൂട്ടരും  കാടുകൾ‍ സ്വകാര്യ കൈയേറ്റത്തിൽ‍ നിന്നും സംരക്ഷിക്കുവാൻ‍ നടത്തിയ ആ പഴയകാല ചരിത്രത്തെയാണ്. 

നമ്മുടെ രാഷ്ട്രീയ നിലപടുകൾ‍ ഇത്തരത്തിൽ‍ തുടർ‍ന്നാൽ‍ കിഴക്കിന്‍റെ കശ്മീർ ചരിത്രത്താളുകളിൽ‍ നിന്നും മാത്രം വായിച്ചെടുക്കുവാൻ കഴിയുന്ന ഒരു സംഭവമായി തീരുന്ന  കാലം അകലെയല്ല.

You might also like

Most Viewed