നാ­സി­ക്കി­ലെ­ കർ‍ഷകർ ചരി­ത്രം കു­റി­ക്കു­കയായി­രു­ന്നു­...


ഇ.പി അനിൽ

ന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിജിയുടെ വാക്കുകൾ‍ ലോകത്തിനാകെ ബാധകമാണ്. മനുഷ്യന് ആവശ്യമായ അടിസ്ഥാന വിഭവങ്ങൾ‍ ഉത്‌പാദിപ്പിക്കുന്ന ഗ്രാമങ്ങളുടെ ചെലവിൽ‍ ജീവിക്കുന്നവരാണ് നഗരവാസികൾ‍. ഇന്ത്യയുടെ വളർ‍ച്ചയെ പറ്റി ചിന്തിക്കുന്പോൾ‍ ആദ്യം ഓർ‍ക്കേണ്ടത് ഗ്രാമങ്ങളും അവിടുത്തെ മനുഷ്യരും ആയിരികേണ്ടതുണ്ട്. ഇന്ത്യ വളരുകയാണ് എന്ന്‍ അവകാശപ്പെടുന്നവർ‍ക്ക്, രാജ്യത്തിന്‍റെ ഗ്രാമങ്ങളും അവിടുത്തെ ജീവിതങ്ങളും ആണ് സുരക്ഷിതമാകേണ്ടത് എന്നു മനസ്സിലാക്കുവാൻ‍ കഴിയാതെ പോയാൽ‍ അത് ദേശീയ ദുരന്തമായി പര്യവസാനിക്കും.

നമ്മുടെ കാർ‍ഷിക രംഗത്ത് ആകെ അദ്ധ്വാനിക്കുന്നവരിൽ‍ 55%വും പണിയെടുക്കുന്പോൾ‍, വരുമാനത്തിലുള്ള പങ്ക് 15% മാത്രമാണ്. ഇതിൽ‍ നിന്നും വളർ‍ച്ചയുടെ ഗ്രാഫിൽ‍ പിന്നോക്കം പോകുന്നവർ‍ കർ‍ഷകർ‍ ആണ് എന്ന് മനസ്സിലാക്കാം.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ‍ നിർ‍ണ്ണായകമായ സമരങ്ങൾ‍ ഉണ്ടായത് കർ‍ഷകരുടെ ഇടയിൽ‍ നിന്നുമാകുക സ്വാഭാവികമാണ്. അവരുടെ ആവശ്യങ്ങൾ‍ക്ക് മുൻ‍ഗണന നൽ‍കിയുള്ള തീരുമാനങ്ങൾ‍ കറാച്ചി കോൺ‍ഗ്രസ്  സമ്മേളനങ്ങളിൽ‍ ഉണ്ടായി. കൃഷി ഭൂമി കർ‍ഷകർ‍ക്ക് എന്ന പ്രഖ്യാപനം ഉയർ‍ത്തുന്നതിൽ‍ ഇന്ത്യൻ‍ കമ്മ്യീണിസ്റ്റ് പാർ‍ട്ടിയുടെ ആദ്യകാല നേതാവ് ശ്രീ എംഎൻ റോയിക്ക് വലിയ പങ്കുണ്ടായിരുന്നു. ഇന്ത്യയിൽ‍ കൃഷിഭൂമി കർ‍ഷകർ‍ക്ക് എന്ന പ്രക്ഷോഭം കോൺ‍ഗ്രസ് പറഞ്ഞു വന്നു എങ്കിലും അധികാരത്തിൽ‍ എത്തിയ ശേഷം അതിൽ‍ നിന്നും അവർ‍ പിൻ‍വാങ്ങി. ഭൂമിയുടെ വികേന്ദ്രീകരണം എന്ന ആശയം മുന്നിൽ‍ വെച്ചുകൊണ്ട് പ്രവർ‍ത്തിക്കുവാൻ‍ പദ്ധതികൾ‍ ഉണ്ടാക്കിയ ഇന്ത്യൻ‍ കമ്മ്യുണിസ്റ്റുകൾ‍ അവർ‍ക്ക് സ്വാധീനം ഉണ്ടായ സംസ്ഥനങ്ങളിൽ‍ ഭൂമിയുടെ വിതരണം നടത്തുവാൻ‍ പരിശ്രമിച്ചു. ഇന്ത്യയുടെ ഹിമാലയൻ‍ തീരത്തെ സംസ്ഥാനങ്ങൾ‍ ഒഴിച്ച് നിർ‍ത്തിയാൽ‍ ഭൂമിയുടെ കേന്ദ്രീകൃത സ്വഭാവത്തിൽ‍ വലിയ മാറ്റങ്ങൾ‍ ഉണ്ടായില്ല.

ബംഗാൾ‍ സംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റുകൾ‍ നടത്തിയ പരിഷ്ക്കണം കേരളത്തിൽ‍ നിന്നും വ്യത്യസ്തമായിരുന്നു. ബംഗാളിൽ‍ നടന്ന ഭൂ പരിഷ്ക്കരണത്തെ ഓപ്പറേഷൻ‍ ദർ‍ഗ്ഗ എന്നാണ് വിളിച്ചത്. അവിടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ‍ മാറ്റങ്ങൾ‍ ഉണ്ടാകുന്നില്ല. എന്നാൽ‍ ഭൂ ഉടമകളും കർ‍ഷകരും തമ്മിൽ‍ കരാറിൽ‍ ഏർ‍പ്പെടുന്നു. അത്തരം കരാറുകൾ‍ ഉണ്ടാക്കുവാൻ‍ സർ‍ക്കാർ‍ ഉദ്യോഗസ്ഥർ‍ ഗ്രാമത്തിൽ‍ വേണ്ട തയ്യാറെടുപ്പുകൾ‍ നടത്തിവന്നു. കൃഷിയുടെ വരുമാനത്തിൽ‍ 75% കൃഷി ഇറക്കുന്ന കർ‍ഷകർ‍ക്കും ബാക്കി ഭൂമി ഉടമകൾ‍ക്കും നൽ‍കുന്നു. കൃഷിയിടം ഉടമയ്ക്ക് സ്വന്തം അദ്ധ്വാനത്തിൽ‍ കൃഷി ചെയ്യുവാൻ‍ കഴിയുമെങ്കിൽ‍ മാത്രം കൃഷി ചെയ്തു വരുന്നവരെ ഒഴിവാക്കാം. ഈ സംവിധാനം കേരളത്തിൽ‍ നടപ്പിൽ‍ കൊണ്ടുവന്ന ഭൂ പരിഷ്ക്കരണത്തിൽ‍ നിന്നും വ്യത്യസ്തമാണ്. ബംഗാൾ‍ പരീക്ഷണം ബംഗാൾ‍ കർ‍ഷകർ‍ക്ക് പുതിയ ഉണർ‍വ്വ് നൽ‍കി. കാർ‍ഷിക ഉത്പാദനം വർ‍ദ്ധിച്ചു. ഒന്നര ലക്ഷം സമിതികൾ‍ ഉണ്ടാക്കികൊണ്ട് 5 ലക്ഷം ഏക്കർ‍ ഭൂമിയിൽ‍ കൃഷി ചെയ്യുവാൻ‍ ഭൂരഹിത കർ‍ഷകർ‍ക്ക് അവസരം കിട്ടി. എന്നാൽ‍ പിൽ‍കാലത്ത് ഭൂ ഉടമകളും കൃഷിക്കാരും തമ്മിലുള്ള അന്തരം കൂടുകയും പൊതു സമിതികൾ‍ പിരിഞ്ഞു പോകുവാൻ‍ ഇടം ഉണ്ടാകുകയും ചെയ്തു. 1991 നുശേഷം കൃഷി തന്നെ നഷ്ടകച്ചവടമായി തീർ‍ന്നതോടെ കാര്യങ്ങൾ‍ കുഴഞ്ഞു മറിഞ്ഞു. അങ്ങനെ ഒരു കാലത്ത് കാർ‍ഷിക രംഗത്ത്‌ വലിയ ചലനങ്ങൾ‍ ഉണ്ടാക്കുകയും കർ‍ഷകരുടെ വരുമാനം വർദ്‍ധിപ്പിക്കുകയും ചെയ്ത ബംഗാൾ‍ മോഡൽ‍ പിന്നോക്കം പോകുകയും 2000ത്തിന്‍റെ അവസാനം കൊണ്ട് ഓപ്പറേഷൻ‍ ദർ‍ഗ്ഗയുടെ കുതിപ്പുകൾ‍ അസ്തമിച്ചു. ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ‍ ഉതകുന്ന രാഷ്ടീയ സമരങ്ങൾ‍ നടത്തുവാൻ‍ കഴിവ് നഷ്ടപ്പെട്ട ബംഗാൾ‍ പാർ‍ട്ടി പതുക്കെ വ്യവസായികളെ കൂട്ടു പിടിച്ച് പുതിയ വ്യവസായ സംരഭങ്ങൾ‍ക്ക് അവസരം ഉണ്ടാക്കുവാൻ‍ മുതിർ‍ന്നു. പ്രസ്തുത തീരുമാനങ്ങൾ‍ നന്ദി ഗ്രാമിലും സിംഗൂരിലും കർ‍ഷക പ്രക്ഷോഭമായി വളർ‍ന്നു. സമരങ്ങൾ‍ കമ്യുണിസ്റ്റ് പാർ‍ട്ടിയുടെ നീണ്ട 30 വർ‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചു. കർ‍ഷക പ്രക്ഷോഭങ്ങളിലൂടെ അധികാരത്തിൽ‍ എത്തിയ പാർ‍ട്ടി, ഭൂമിയുടെ ബന്ധങ്ങളിൽ‍ മാറ്റം വരുത്തുകയും പിൽ‍ക്കാലത്ത് അതേ ഭൂമി പ്രശ്നത്താൽ‍ നിഷ്കാതിതരുമായി.

ബംഗാൾ‍, കേരള സംസ്ഥനങ്ങളെ ഒഴിച്ച് നിർ‍ത്തിയാൽ‍ രാജ്യത്തെ ഭൂമിയുടെ കേന്ദ്രീകരണത്തിൽ‍ മാറ്റങ്ങൾ‍ ഉണ്ടായിട്ടില്ല. ഹരിത വിപ്ലവത്തിന്‍റെ ഗുണഭോക്താക്കൾ‍ ആകുവാൻ‍ പഞ്ചാബ്‌, ഹരിയാന, യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വൻ‍കിട കർ‍ഷകർ‍ക്ക് അവസരം കിട്ടി. ഉത്പാദനം വർദ്‍ധിപ്പിച്ചു എങ്കിലും കാർ‍ഷിക തൊഴിലാളികൾ‍ക്ക് അതിന്‍റെ ഗുണങ്ങൾ‍ കിട്ടിയില്ല. സ്വന്തമായി ഭൂമിയും വീടും അവർ‍ക്ക് സ്വപനം മാത്രമായിരുന്നു. കാർ‍ഷിക രംഗത്തെ വളർ‍ച്ചയുടെ ഗുണങ്ങൾ‍ ലഭിക്കുവാൻ‍ കഴിയാതിരുന്നവർ പ്രക്ഷോഭത്തിന്‍റെ പാതയിലേയ്ക്ക് വരുവാൻ‍ മടിച്ചു നിന്നു. ആഗോളവൽ‍ക്കരണം നടപ്പിൽ‍ വരുത്തിയ നാളുകൾ‍ മുതൽ‍ ഇന്ത്യൻ‍ കർ‍ഷകർ‍ കൂടുതൽ‍ കൂടുതൽ‍ പ്രതിസന്ധികളിൽ‍ കുടുങ്ങിയതായി കാണാം. സംസ്ഥാനങ്ങളിലെ കർ‍ഷകർ‍ വിവിധ തരത്തിലുള്ള കൃഷി രീതികൾ‍ അവർ‍ അവലംബിക്കുന്നു. അവരുടെ ജീവിത ചുറ്റുപാടുകൾ‍ വ്യത്യസ്തമാണ്. എന്നാൽ‍ എല്ലാവരും കാർ‍ഷികവൃത്തി നടത്തി കടക്കാർ‍ ആകുന്ന കാര്യത്തിൽ‍ ഒരേ ദോഷം അനുഭവിക്കുന്നു. ലോകത്തെ ഏറ്റവും കൂടുതൽ‍ കർ‍ഷകർ‍ ജീവിക്കുന്ന നാട്ടിൽ‍ അവരെല്ലാംതന്നെ കടക്കെണിയിൽ‍ പെട്ടുപോകുന്നതിനുള്ള കാരണം ആഗോളവൽ‍ക്കരണം വരുത്തി വെയ്ക്കുന്ന ദുരന്തങ്ങൾ‍ അല്ലാതെ മറ്റൊന്നുമല്ല. കർ‍ഷകർ‍ക്ക് അവരുടെ വിത്തിന് മുകളിൽ‍ ഉണ്ടായിരുന്ന അവകാശങ്ങൾ‍ പടിപടിയായി നഷ്ടപെടുന്ന വിഷയം മുതൽ‍ ബാങ്ക് വായ്പകളിലെ മുൻ‍ഗണനകൾ‍ ഇല്ലാതാകുന്നതും അവധി വ്യാപാരവും കാലാവസ്ഥയിൽ‍ വന്ന തിരിച്ചടികളും കാർ‍ഷിക രംഗത്ത്‌ ദുരന്തങ്ങളായി പ്രവർ‍ത്തിച്ചു.

ഇന്ത്യ കാർ‍ഷിക വിളവെടുപ്പിൽ‍ വൻ കുതിപ്പുകൾ‍ നടത്തി എന്ന് നമ്മൾ‍ മേനി നടിക്കാറുണ്ട്. 1960കളിൽ‍ ഉത്പാദനം 5 കോടി ടൺ‍ ആയിരുന്നു. ഇന്നത് 25 കോടി ടണ്ണിനു മുകളിൽ‍ എത്തി. രാജ്യത്തെ കർ‍ഷകരിൽ‍ 52%വും കടക്കാരാണ്. ഇന്ത്യൻ‍ കർ‍ഷക കുടുംബത്തിന്‍റെ ശരാശരി വാർ‍ഷിക വരുമാനം 77100 രൂപ എന്ന് കണക്കുകൾ‍ പറയുന്പോൾ‍ ഒരു കുടുബത്തിന്‍റെ പ്രതിമാസ വരുമാനം 6426 രൂപ മാത്രം. ഓരോ കർ‍ഷക കുടുംബവും 70580 രൂപയുടെ കടത്തിൽ‍ പെട്ടിരിക്കുന്നു.രാജ്യം സാന്പത്തിക രംഗത്ത്‌ വളരുകയും ലോക സാന്പത്തിക ശക്തിയിൽ‍ ആദ്യത്തെ സ്ഥാനങ്ങളിൽ‍ ഇടം നേടുകയും ചെയ്യുന്നു എന്നാണല്ലോ വാർ‍ത്ത‍. വിവിധ രംഗങ്ങളിൽ‍ പുതിയ തരം തൊഴിൽ‍ അവസരങ്ങൾ‍ ഉണ്ടാക്കിയിട്ടുണ്ട്. പുതിയ രംഗങ്ങളിൽ‍ പ്രധാന ആളുകളുടെ വരുമാനത്തിൽ‍ ഉണ്ടായ വർ‍ദ്ധനയും കർ‍ഷകരുടെ വരുമാനത്തിൽ‍ ഉണ്ടായ വ്യതിയാനവും തട്ടിച്ചു നോക്കേണ്ടതാണ്. വൻ‍കിട കന്പനിയുടെ ഉയർ‍ന്ന ഉദ്യോഗസ്ഥരുടെ വരുമാനത്തിൽ‍ കഴിഞ്ഞ കാൽ‍ നൂട്ടാണ്ടിനുള്ളിൽ‍ 32 മടങ്ങിലധികം കുതിപ്പ് രേഖപ്പെടുത്തി. സർ‍ക്കാർ‍ ജോലിക്കാരുടെ വരുമാനത്തിൽ‍ 10 ഇരട്ടി വർദ്ധനവ് ഉണ്ടായി. എന്നാൽ‍ കർ‍ഷകരുടെ വരുമാനം കുറഞ്ഞു വരുന്നു. ശ്രീ മോദി അധികാരത്തിൽ‍ എത്തിയശേഷം വരുമാനം 1.5% കുറഞ്ഞു എന്ന് മുൻ‍ ധനകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രധാന കാർ‍ഷിക സംസ്ഥാനങ്ങളിൽ‍ എല്ലാം കർ‍ഷകർ‍ പ്രക്ഷോഭത്തിന്‍റെ പാതയിലാണ്. പഞ്ചാബിലെ 10 വർ‍ഷത്തെ അകാലി ദൾ ഭരണം അവസാനിപ്പിക്കുവാൻ‍ ജനങ്ങൾ‍ തീരുമാനിച്ചതിനു പിന്നിൽ‍ കർ‍ഷകരുടെ താൽപര്യങ്ങൾ‍ സംരക്ഷിക്കുവാൻ‍ കഴിയാത്ത സർ‍ക്കാർ‍ പുറത്തു പോകട്ടെ എന്നാഗ്രഹമാണ് കാരണമായി തീർ‍ന്നത്. രാജ്യത്തെ കാർ‍ഷിക പ്രധാന സംസ്ഥാനങ്ങളിൽ‍ അഖിലേന്ത്യാ കിസാൻ‍ സഭ നേതൃത്വം കൊടുത്തു നടത്തുന്ന പ്രക്ഷോഭങ്ങൾ‍ ശരിയായ രാഷ്ടീയ മുദ്രാവാക്യത്തെ ഉൾ‍ക്കൊള്ളുന്നുണ്ട്. കാർ‍ഷിക രംഗത്തെ പ്രതിസന്ധിക്ക് കാരണം ആഗോളവൽ‍ക്കരണ നയങ്ങൾ‍ ആണ് എന്ന വിലയിരുത്തൽ‍ കർ‍ഷിക പ്രതിസന്ധിയെ ശരിയായി നോക്കി കാണുന്നതിനു തെളിവാണ്. ആഗോളവൽ‍ക്കരണവും അതിന്‍റെ ഭാഗമായ ദോഹാ കരാറും ഫലത്തിൽ‍ കർ‍ഷിക വിരുദ്ധമായി തീരുന്നു. കുത്തക കന്പനികൾ‍ 1995 മുതൽ‍ കർ‍ണ്ണാടകയിലെ തക്കാളി കൃഷിയിടങ്ങളിൽ‍ നടത്തിയ കടന്നു കയറ്റം നാട്ടിലെ കർ‍ഷകരുടെ നടുവൊടിച്ചു. അതിനെതിരെ നഞ്ഞുണ്ട സ്വാമികളുടെ നേതൃത്വത്തിൽ‍ നടത്തിയ ചെറുത്തു നിൽ‍പ്പുകളുടെ തുടർ‍ പരിപാടികൾ‍ കർ‍ണ്ണാടകയിൽ‍ നിന്നും ആന്ധ്രയിലേക്കും തമിഴ് നാട്ടിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വളർ‍ന്നു. ആന്ധ്ര കർ‍ഷകർ‍ക്ക് വിനയായത് പരുത്തി രംഗത്തെ ഭീമൻ‍ കന്പനി കൊണ്ടുവന്ന ജനിതക പരുത്തി വിത്തുകൾ‍ ആയിരുന്നു. (BT cotton വിത്തുകൾ‍) പുതിയ തരം വിത്തുകൾ‍ ഉപയോഗിച്ച് കൊണ്ടുള്ള കൃഷി അവരെ കടക്കാർ‍ ആക്കുകയും അവരുടെ കന്നുകാലികൾ‍ നഷ്ടപ്പെടുകയും രോഗങ്ങൾ‍ക്ക് അടിമപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ കർ‍ഷക ആത്മഹത്യയുടെ എണ്ണത്തിൽ‍ മഹബൂബ് നഗർ‍, ഓംകോൾ‍, ഗുണ്ടൂർ‍ മുതലായ ആന്ധ്രയിലെ വിവിധ സ്ഥലങ്ങൾ‍ മുന്നിൽ‍ എത്തി. അവിടെ പാലിനും വിളകൾ‍ക്കും മിനിമം വില സർ‍ക്കാർ‍ ഉറപ്പു നൽ‍കണം എന്നാവശ്യപെട്ടുള്ള വലിയ പ്രക്ഷോഭങ്ങൾ‍ നടന്നു വരുന്നു.

തമിഴകത്തിൽ‍ നിന്നും കർ‍ഷക പ്രക്ഷോഭം ഡൽ‍ഹിയിൽ‍ വരെ നീണ്ടു. അവരുടെ പ്രശ്നങ്ങളിൽ‍ വരൾ‍ച്ച പ്രധാനമാണ്. നെൽ‍കൃഷിക്കും പച്ചക്കറി തോട്ടങ്ങൾ‍ക്കും കൂടുതൽ‍ വെള്ളം ആവശ്യമുണ്ടെന്നിരിക്കെ, കാവേരി തീരങ്ങൾ‍ (തഞ്ചാവൂരും പരിസരവും) കാർ‍ഷിക പണികൾ‍ ചെയ്യുവാൻ‍ കഴിയാത്ത തരത്തിൽ‍ വരണ്ടുണങ്ങി. ഒപ്പം കൃഷിയിൽ‍ നിന്നുമുള്ള വരുമാനത്തിലെ കുറവ് അവരെ ആത്മഹത്യയിലേക്ക് എത്തിച്ചു. രാജസ്ഥാൻ‍, മധ്യപ്രദേശ് മുതലായ സംസ്ഥനങ്ങളിൽ‍ കർ‍ഷകർ‍ പല നിലയിലും പ്രതിസന്ധിയിൽ‍ എത്തികഴിഞ്ഞു. പ്രക്ഷോഭങ്ങൾ‍ BJP സർ‍ക്കാരിന്‍റെ കർ‍ഷക വിരുദ്ധ നയങ്ങൾ‍ തുറന്നു കാട്ടുന്നതിൽ‍ വിജയിക്കുന്നുണ്ട്. മധ്യപ്രദേശിൽ‍ ഉണ്ടായ പ്രക്ഷോഭത്തിനെതിരെ നടന്ന പോലിസ് വെടിവെപ്പിൽ‍ 5 കർ‍ഷകർ‍ മരണപ്പെട്ടു. രാജസ്ഥാനിലെ പ്രക്ഷോഭക്കാർ‍ ഉയർ‍ത്തിയ ആവശ്യങ്ങൾ‍ അംഗീകരിക്കുവാൻ‍ സംസ്ഥാന സർ‍ക്കാർ‍ വൈകിയാണെങ്കിലും നിർ‍ബന്ധിതരായി. കടങ്ങൾ‍ എഴുതി തള്ളൽ, ഇടക്കാല ആശ്വാസം, വിളകൾ‍ക്ക് താങ്ങു വില മുതലായ ആവശ്യങ്ങളിൽ‍ ഉറപ്പുകൾ‍ നേടിയെടുത്ത സമരക്കാർ‍ രാജ്യത്തെ കടക്കെണിയിൽ‍ എത്തിയ കർ‍ഷകരുടെ മോചനത്തിന് വഴി തുറക്കുന്ന മുന്നേറ്റം ആണ് നടത്തിയത്.

രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധികൾ‍ ഉരുണ്ടു കൂടിയിരിക്കുന്നത് മാറട്ടയിലെ വിദർ‍ഭ, നാസിക്ക് മുതലായ പ്രദേശങ്ങളിൽ‍ ആണ്. പൊതുവെ കരിന്പും മറ്റും കൃഷി ചെയ്തു വന്നവരുടെ ഇടയിൽ‍ രാജ്യത്തെ അധികം ആത്മഹത്യകൾ‍ ഉണ്ടാകുന്നു. ഏറ്റവും അധികം പണം ജലസേചനത്തിനായി ചിലവഴിച്ച നാട്ടിൽ‍ തന്നെ ഏറ്റവും അധികം ജലക്ഷാമം ആവർ‍ത്തിച്ച്‌ ഉണ്ടാകുന്പോൾ‍ കർ‍ഷകർ‍ തങ്ങളുടെ ഗ്രാമങ്ങൾ‍ തന്നെ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലായി. ആത്മഹത്യകൾ‍ നടക്കുന്ന മാറാട്ടയിൽ‍ നിന്നും വ്യത്യസ്തമല്ല നാസിക്ക് എന്ന മഹാരാഷ്ട്രയുടെ വടക്ക് പടിഞ്ഞാറൻ‍ മേഖലയിൽ‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്‍റെ അവസ്ഥ. ലോകത്തെ ശ്രദ്ധ നേടിയ മുന്തിരി കൃഷി നടക്കുന്ന പ്രദേശത്തെ കർ‍ഷകർ‍ അതും ആദിവാസി വിഭാഗക്കാർ‍ മറ്റൊരു വഴിയും ഇല്ലാതെ നടത്തിവന്ന പലതരത്തിൽ‍ ഉള്ള പ്രക്ഷോഭത്തിലെ പുതിയ ഘട്ടമായിരുന്നു നാസിക്കിൽ‍ നിന്നും സംസ്ഥാന തലസ്ഥാനം ലക്ഷ്യം വെച്ചുള്ള 180 km കാൽ‍ നട സമരം. പൊതുവെ സമരങ്ങളോടു മുഖം തിരിച്ചു നിൽ‍ക്കുന്ന മറാട്ടയുടെ 75നു ശേഷമുള്ള രാഷ്ടീയ സംസ്കാരത്തിൽ‍ നിന്നും വ്യത്യസ്തമായി മുംബൈ നഗര വാസികൾ‍ ജാഥ മുന്നോട്ടു വെച്ച ആവശ്യങ്ങളെ പിന്തുണച്ചു. അവരുടെ ജാഥ നിയമസഭ വളയുന്നതിനും മുന്‍പേ ആവശ്യങ്ങൾ‍ അംഗീകരിക്കുവാൻ‍ സംസ്ഥാന മുഖ്യമന്ത്രി തയ്യറായി.

കർ‍ഷകരുടെ ഹ്രസ്വകാല ആവശ്യങ്ങൾ‍ അംഗീകരിക്കുന്പോൾ‍ തന്നെ പ്രതിസന്ധികൾ‍ക്ക് അടിസ്ഥാനമായിട്ടുള്ള ലോകബാങ്ക്−ഐഎംഫ് നിർ‍ദ്ദേശങ്ങൾ‍ തിരുത്തി കുറിക്കുവാൻ‍ സർ‍ക്കാരുകളെ പ്രേരിപ്പിക്കുന്ന സമരങ്ങൾ‍ ജനങ്ങൾ‍ സംഘടിപ്പിക്കേണ്ടതുണ്ട്. രാജ്യത്ത് നിരവധി കർ‍ഷക പ്രക്ഷോഭങ്ങൾ‍ ഉണ്ടായിട്ടുണ്ട്. അവയിൽ‍ ചിലതെല്ലാം ലക്ഷ്യത്തിൽ‍ എത്തിക്കുവാൻ‍ കഴിഞ്ഞു എങ്കിലും സമരം സംഘടിപ്പിക്കുന്ന മിക്ക കർ‍ഷക ഗ്രൂപ്പുകളും സാമ്രാജ്യത്വ അജണ്ടകൾ‍ കർ‍ഷകരെ എങ്ങനെയാണ് തകർ‍ക്കുന്നത് എന്ന് പറയുവാൻ‍ മടിക്കുന്പോൾ‍ സമരം പാതി വഴിയിൽ‍ ഉപേക്ഷിക്കേണ്ടിവരുന്നു. ഇവിടെയാണ് കിസാൻ‍സഭയുടെ സമരങ്ങൾ‍ക്ക് കൂടുതൽ‍ മാറ്റങ്ങൾ‍ വരും നാളുകളിൽ‍ ഉണ്ടാക്കുവാൻ‍ കഴിയും എന്ന്‍ പറയേണ്ടിവരുന്നത്.

ഇന്ത്യൻ‍ കർ‍ഷകരുടെ ആത്മഹത്യകൾ‍ ലോക വാർ‍ത്തകളിൽ‍ ഇടം പിടിച്ചു കൊണ്ടിരിക്കുകയാണ്. വിവിധ യൂറോപ്യൻ‍ രാജ്യങ്ങളിൽ‍ നടക്കുന്ന വൻ‍ കർ‍ഷക പ്രക്ഷോഭങ്ങൾ‍, അവകാശങ്ങൾ‍ ഭരണാധികാരികളുടെ ശ്രദ്ധയിൽ‍ കൊണ്ടുവരുവാനും ചിലപ്പോൾ‍ സർ‍ക്കാർ‍ വിരുദ്ധ വികാരമായി വളരുവാനും ഇടം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യൻ‍ കർ‍ഷകരുടെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ‍ ശ്രീ മന്‍മോഹൻ‍സിംഗ്‌ സർ‍ക്കാർ‍ ഡോ. സ്വാമിനാഥനെ അദ്ധ്യക്ഷൻ‍ ആക്കികൊണ്ട് നിയമിച്ച കാർ‍ഷിക കമ്മീഷൻ‍ 5 ഘട്ടങ്ങളിലായി റിപ്പോർ‍ട്ട്‌ സമർ‍പ്പിച്ചു. 2006ൽ‍ പൊതു രേഖയായി മാറിയ നിർ‍ദ്ദേശങ്ങൾ‍ നടപ്പിലാക്കുവാൻ‍ ആരും ശ്രദ്ധ കാട്ടിയില്ല എന്നതാണ് വസ്തുത.

സ്വാമിനാഥൻ‍ റിപ്പോർ‍ട്ട്‌ പ്രധാനമായും ഭൂമിയുടെ കേന്ദ്രീകരണത്തെ പരാമർ‍ശിച്ചു കൊണ്ട് ചില കാര്യങ്ങൾ‍ വ്യക്തമാക്കി. ഭൂമിയിൽ‍ 50%ത്തിലധികവും 10% ആളുകളുടെ കൈവശവും 50% ആളുകൾ‍ക്കായി 3% ഭൂ ഉടമസ്ഥാവകാശവും മാത്രമാണ് ഉള്ളത്. അതിനാൽ‍ കാർ‍ഷിക രംഗത്ത് ഇനിയെങ്കിലും ഭൂപരിഷ്ക്കരണം നടപ്പിൽ‍ വരുത്തുവാൻ‍ സർ‍ക്കാർ‍ മുന്നോട്ട് വരണം എന്ന് ശുപാർ‍ശ ചെയ്യുന്നു. മിച്ച ഭൂമിയും തരിശ് ഭൂമിയും കൃഷിക്കാർ‍ക്ക് നൽ‍കൽ‍, വന ഭൂമികളുടെയും ചതിപ്പ് നിലങ്ങളുടെയും സംരക്ഷണം, ആദിമാവാസികൾ‍ക്ക് വനത്തിന്‍റെ വിഭവങ്ങൾ‍ ശേഖരിക്കുവാൻ അവകാശം തുടങ്ങിയ നിർ‍ദ്ദേശങ്ങൾ‍ മറന്നു കൊണ്ടാണ് പത്തുവർ‍ഷത്തിൽ‍ അധികമായി വിവിധ സർ‍ക്കാരുകൾ‍ പ്രവർ‍ത്തിച്ചത്. കൃഷിഭൂമിയിൽ‍ വെള്ളം എത്തിക്കൽ‍, വളവും മറ്റും വിലകുറച്ചു നൽ‍കൽ‍, വിള ഇൻ‍ഷുറൻസ്, കാർ‍ഷിക ചിലവിന്‍റെ 150%വില ഉത്പന്നത്തിന് നൽ‍കുവാനുള്ള  ഉറപ്പ്, വായ്പാ കുടിശ്ശിക എഴുതി തള്ളൽ, പലിശ 4% ആയി നിജപ്പെടുത്തൽ‍, പൊതു വിതരണത്തിനായി GDPയുടെ ഒരുശതമാനം മാറ്റി വെയ്ക്കൽ ‍(ഏകദേശം 1.87 ലക്ഷം കോടി രൂപ.)

വന അവകാശ നിയമം രാജ്യത്ത് നിലവിൽ‍ വന്നിട്ട് 10 വർ‍ഷം കഴിഞ്ഞു. നിയമത്തിൽ‍ മുൻ കാലത്തെ ഓർ‍മ്മിപ്പിക്കും വിധം പോരായ്മകൾ‍ ഉണ്ട് എന്ന പരാതികൾ‍ ഉയർ‍ന്നിരുന്നു. നിർ‍ദ്ദേശങ്ങൾ‍ ആദിവാസികളുടെ അവകാശങ്ങളിൽ‍ ചിലതൊക്കെ പരിഗണിക്കുന്നതിനാൽ‍ നിയമം നടപ്പിൽ‍ വരുത്തിയാൽ‍ കൃഷി, വന വിഭവശേഖരണം മുതലായ രംഗത്ത്‌ കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യങ്ങൾ‍ ഉണ്ടാകും.നിരന്തരമായി ആദിവാസികളുടെ അവകാശങ്ങൾ‍ അവഗണിച്ച മാറാട്ട സർ‍ക്കാർ‍ നടപടി മറ്റു പല സർ‍ക്കാർ‍ നിലപാടുകളുടെ ആവർ‍ത്തനമാണ്. ഇത്തരം നിഷേധ നിലപാടുകളെ തിരുത്തുവാൻ നാസിക്കിലെ ആദിവാസികളും അവരുടെ സംഘടനയും നടത്തിയ പ്രക്ഷോഭം ഒരേ സമയം കർ‍ഷകരുടെയും ആദിവാസികളുടെയും അവകാശസമരത്തിന്‍റെ വിജയമായി പര്യവസാനിച്ചു എന്നത് ശുഭ സൂചകമാണ്.

സ്വാമിനാഥൻ‍ റിപ്പോർ‍ട്ടിന്‍റെ നിർ‍ദ്ദേശങ്ങൾ‍ എങ്കിലും നടപ്പിലാക്കി കർ‍ഷകരെ രക്ഷിക്കുവാൻ‍ രാജ്യത്തെ വിവിധ സർ‍ക്കാരുകളെ നിബന്ധിക്കുന്ന പ്രക്ഷോഭങ്ങൾ‍ ഇന്ത്യൻ‍ രാഷ്ട്രീയത്തിൽ‍ പോലും ഗുണപരമായ മാറ്റങ്ങൾ‍ ഉണ്ടാക്കുവാൻ‍ സഹായകരമാണ്. അയോധ്യ ക്ഷേത്രം പണിയലും കോർ‍പ്പറേറ്റു താൽ‍പ്പര്യങ്ങളും മറ്റും കൊണ്ട് മുഖരിതമായ ഇന്ത്യൻ‍ രാഷ്ടീയത്തിലെ മുഖ്യ വിഷയം കർ‍ഷരുടെ പ്രശ്നങ്ങൾ ആയി തീരുന്പോൾ അത് ദേശീയ രാഷ്ട്രീയത്തിൽ‍ ആരോഗ്യകരമായ മാറ്റങ്ങൾ‍ക്ക് വഴി തുറക്കും.

You might also like

Most Viewed