സംശയങ്ങളാണ് സാർ വെ­റും സംശയങ്ങൾ


ശ്രകുമാരൻ തന്പിയുടെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ‘നായാട്ട്’ എന്ന ചിത്രത്തിൽ നായികയോട് ജയൻ പറയുന്ന ഒരു സംഭാഷണമുണ്ട് അതിങ്ങനെയാണ്.

“ശരിയാണ്, നമ്മൾക്ക് ഭംഗിയുള്ളൊരു വീടു വേണം, അതിന്റെ വാതിലുകളും ജനലുകളുമടച്ച് അകത്തിരിക്കണം. പുറത്ത് മനുഷ്യൻ പട്ടികളെപ്പോലെ പിടഞ്ഞു ചാവട്ടെ. കള്ളക്കടത്തുകാരന്റെ ലോറി പിഞ്ചു കുഞ്ഞുങ്ങളെ ചതച്ചരക്കട്ടെ, നമുക്കെന്ത്? അവരുടെ ആർത്തനാദങ്ങൾ കേട്ടാൽ ഞാൻ കാതുകൾ പൊത്തിക്കളയും. എന്നിട്ട് നിന്റെ തലമുടിയിൽ കൈവിരൽ കടത്തി, നിന്റെ കണ്ണുകളിലുറ്റു നോക്കിക്കൊണ്ട് എല്ലാമെല്ലാം മറക്കും. നമ്മുടെ സുഖം നമുക്ക് വലുത് അല്ലാതെന്താ...”

വർഷങ്ങൾക്ക് മുന്പുള്ള ജയൻ ഡയലോഗ് പോലെയാണ് അക്ഷരാർത്ഥത്തിൽ ഇന്നു മലയാളി ജീവിതം. കൊട്ടാര സമാനമായ വീടുകളുടെ വാതിലുകൾ കുറ്റിയിട്ട് ചാനൽ ക്യാമറക്കണ്ണുകൾക്കൊപ്പം ചുറ്റുപാടുകളിലേക്കെത്തി നോക്കാൻ നാം പരിശീലിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവർ മറ്റൊരു വിഷയത്തിലേക്ക് കയറിപ്പിടിക്കുന്പോൾ ആദ്യത്തേത് എത്ര വൈകാരികവിഷയങ്ങളായാലും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ നാം കൈയൊഴിയുന്നു. മുകളിലുദ്ധരിച്ച സംഭാഷണ ശകലത്തിൽ ശ്രീമാൻ തന്പി എഴുതിയ പോലെ നമ്മുടെ നാലു ചുവരുകൾക്കുള്ളിൽ സംഭവിക്കുന്ന കാര്യത്തിൽ മാത്രം പ്രയാസമുണ്ടാകുന്ന തരത്തിൽ നമ്മുടെ മനസുകൾ മരവിച്ചു പോയ്ക്കൊണ്ടിരിക്കുന്നു. ഇത്രയുമൊക്കെ എഴുതേണ്ടി വന്നത് പ്രമാദമായ ജിഷ കൊലക്കേസ് പ്രതി അമീറുൽ ഇസ്ലാം ജയിലിൽ രക്തം കൊണ്ട് തലചുറ്റി വീണു എന്ന വാർത്ത ശ്രദ്ധയിൽ പെട്ടപ്പോഴാണ്.

ഒരു മനുഷ്യസ്ത്രീയുടെ ജനനേന്ദ്രിയത്തിൽ വരെ കഠാര കുത്തിയിറക്കിയ കൊടുംകുറ്റവാളി അല്പം ചോര കണ്ടപ്പോൾ മയങ്ങി വീണു എന്നു കേട്ടപ്പോൾ എന്തൊക്കെയോ ഒരു പന്തികേട് പോലെ തോന്നി. അല്ലെങ്കിലും ജിഷാ കേസ് രാഷ്ട്രീയ കേരളം സ്വാർത്ഥമായി ഉപയോഗിച്ചു എന്നതിനപ്പുറം ഒരു താഴ്ന്ന ജാതിക്കാരിയായ പാവം സഹോദരിയുടെ ആത്മാവിനോടെങ്കിലും നീതി പുലർത്താൻ നമ്മൾ മലയാളികൾക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ക്യാമറക്കണ്ണുകൾ മറ്റൊരു വിഷയത്തിലേക്ക് തിരിച്ചു വെച്ചപ്പോൾ അതുവരെ കേസിനെക്കുറിച്ച് ഉയർന്ന ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളെല്ലാം മാധ്യമങ്ങളെക്കാൾ വേഗത്തിൽ പൊതുജനവും വിഴുങ്ങി.

2016 ഏപ്രിൽ 28ന് കനാൽ പുറന്പോക്കിലെ ഒറ്റ മുറി വീട്ടിൽ നിന്നും ഒരു പാവപ്പെട്ട പെൺകുട്ടി ജീവനു വേണ്ടി നിലവിളിച്ചപ്പോൾ തൊട്ടപ്പുറത്ത് താമസിക്കുന്നവർ പോലും അറിയാതെ പോയത് മുകളിൽ പറഞ്ഞ ‘ജയൻ ഡയലോഗ്’ പോലെ വാതിൽ കുറ്റിയിട്ട് സ്വന്തങ്ങളിലേക്ക് മുഖംകുത്തി വീണ മലയാളിയുടെ ജീർണ്ണിച്ച മുഖത്തിന്റെ നേർചിത്രമാണ് വരച്ചു കാണിക്കുന്നത്. ഡി.എൻ.എ പരിശോധനയിലൂടെ പ്രതി അമിറുൽ ഇസ്ലാം തന്നെയാണെന്ന് പോലീസ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചപ്പോൾ ആ ഉത്തരങ്ങളിലും ഒരുപാട് ചോദ്യങ്ങൾ നമ്മെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

പോലീസിന്റെ തുടക്കത്തിലെയുള്ള നിസ്സംഗത, പോസ്റ്റ്മോർട്ടത്തിലെ പിഴവുകൾ, മൃതദേഹം അടക്കം ചെയ്യാനുള്ള തിടുക്കം, നിർണായക തെളിവുകൾ ലഭിക്കുമായിരുന്ന സംഭവസ്ഥലം സീൽ ചെയ്യാനെടുത്ത കാലതാമസം (ഏകദേശം പത്ത് ദിവസം) കുളക്കടവിൽ പ്രതി മറ്റൊരു സ്ത്രീയുമായി നടത്തിയ വാക്കുതർക്കത്തിൽ കാഴ്ചക്കാരിയായ ജിഷയ്ക്കു നേരെയുണ്ടായ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന വിചിത്രമായ കണ്ടെത്തൽ, (അങ്ങനെ ഒരു സംഭവമെ നടന്നിട്ടില്ല എന്ന് പിന്നീട് മറ്റൊരു സ്ത്രീ മൊഴി നൽകിയിരുന്നു) നിരപരാധിയായ ഒരാളെ പ്രതിയാക്കി പൊതുജനത്തിനു മുന്പിൽ അവതരിപ്പിക്കാൻ തന്റെ മേലെ രാഷ്ട്രീയ സമ്മർദ്ദമുണ്ടായതായി അന്നത്തെ പോലീസ് മേധാവി തിരുവനന്തപുരത്തെ ഒരു റിട്ടയേർഡ് ജഡ്ജിയോട് പറഞ്ഞതു തന്നോട് അദ്ദേഹം പങ്കുവെച്ചതായി 2016 ജൂൺ 17ന് ഒരു ചാനൽ ചർച്ചയിൽ ജോമോൻ പുത്തൻപുരക്കൽ വെളിപ്പെടുത്തിയിരുന്നു. ഇതൊക്കെ വിരൽചൂണ്ടുന്നത് കൊന്നതാരാണെന്നതിനൊപ്പം തന്നെ കൊല്ലിച്ചതാര് എന്ന ചോദ്യത്തെ ഭരണകൂടവും പോലീസും തന്ത്രപരമായി വിട്ടുകളഞ്ഞിരിക്കുന്നു. ആസാമിൽ നിന്നും തൊഴിൽ തേടി വന്ന ഒരു സാധാരണക്കാരന് ഇത്രയധികം സ്വാധീനമോ? എന്ന ചോദ്യം ഉറക്കെ ചോദിക്കാൻ മലയാളിക്ക് കഴിയാതെ പോയി. ബി.ജെ.പി നേതാവും പ്രമുഖ അഭിഭാഷകനുമായ പി.എസ് ശ്രീധരൻപിള്ള ഒരിക്കൽ ചൂണ്ടിക്കാണിച്ചതു പോലെ കൊന്നവരെ മാത്രം പിടികൂടി നിരന്തരമായ കൊല്ലിക്കുന്നവരെ വിട്ടു കളയുന്ന തെറ്റായ രീതി നാം കാലങ്ങളായി പിന്തുടരുന്നു. ടി.പി ചന്ദ്രശേഖരൻ വധം ഉൾപ്പെടെയുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ, കേരളത്തിൽ വാ‍‍ർത്താ പ്രാധാന്യം നേടിയ ഫൈസൽ റിയാസ് മൗലവി കൊലപാതകങ്ങൾ തുടങ്ങി അനേകം ഉദാഹരണങ്ങൾ....

വാൽക്കഷ്ണം: ഇനി മലപ്പുറം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില സംശയങ്ങളാണ്.

1. കുഞ്ഞാലിക്കുട്ടിയെപ്പോലെ പ്രഗത്ഭനായ ഒരു നേതാവിനെതിരിൽ എന്തുകൊണ്ട് താരതമ്യേന പുതുമുഖമായ ഒരാളെ സ്ഥാനാർത്ഥിയായി നിർത്തി.

2. പോലീസ് മേധാവിയോ, മുഖ്യമന്ത്രിയോ സമയോചിതമായി ഇടപ്പെട്ടിരുന്നെങ്കിൽ തീർക്കാമായിരുന്ന മഹിജയുടെ വിഷയത്തെ തിരഞ്ഞെടുപ്പു വേളയിൽ പാ‍‍ർട്ടി അനുഭാവികൾക്കു പോലും പ്രയാസമുണ്ടാക്കുന്ന രീതിയിൽ വഷളാക്കിയതെന്തിനാണ്?

3. ജനവികാരം പൂ‍‍ർണമായും എതിരായ ഒരു സംഭവത്തെ ന്യായീകരിച്ച് മാന്തിപ്പൊളിച്ചത് ആർക്കു വേണ്ടിയാണ്?

4. ‘സിറാജുന്നിസ’ എന്ന പതിനൊന്നുകാരി പെൺകുട്ടി ഇന്നും വേദനിപ്പിക്കുന്ന ഓർമ്മയായി തളം കെട്ടി കിടക്കുന്ന സമുദായ മനസുകളിൽ പ്രയാസം സൃഷ്ടിക്കുമാറ് രമൺശ്രീവാസ്തവയെ ഉപദേശകനായി വെച്ച തീരുമാനം തിരഞ്ഞെടുപ്പിനു തലേന്ന് പുറത്ത് വിടേണ്ടിയിരുന്നോ? ഇതൊക്കെയും സംശയങ്ങളാണ് സാർ വെറും സംശയങ്ങൾ.....

You might also like

Most Viewed