രാ­ജാവ് നഗ്നനാ­ണ് !


ജെ. ബിന്ദുരാജ്

രാജാക്കന്മാർ സേച്ഛാധിപതികളാണെങ്കിൽ അങ്ങനെയാണ്. അവർ ജനങ്ങൾ തന്റെയൊപ്പമാണെന്ന് എപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കും, രാജ്യത്തോടുള്ള സ്‌നേഹം വലിയ വായിൽ നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കും, ആത്മാഭിമാനം നിലനിർത്താനാണെന്ന വ്യാജേന രാജ്യത്തെ യുദ്ധങ്ങളിലും അപകടകരമായ സാഹചര്യങ്ങളിലേക്കും നയിച്ചുകൊണ്ടിരിക്കും. പക്ഷേ അപ്പോഴൊക്കെ തന്നെയും രാജാവിൽ വിശ്വസിക്കുന്ന ഒരു വിഭാഗം ജനത അതെല്ലാം അപ്പാടെ വിഴുങ്ങിക്കൊണ്ടിരിക്കും. സാമാന്യബോധമുള്ള ആർക്കും രാജാവ് നഗ്‌നനാണെന്ന് തിരിച്ചറിയുന്പോഴും ഈ സ്തുതിപാഠകവൃന്ദം രാജാവിന്റെ പ്രവർത്തികളെ വാഴ്ത്തിക്കൊണ്ടേയിരിക്കും. രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധിയിലേയ്ക്കും അരാജകത്വത്തിലേയ്ക്കും നീളാനുള്ള സാധ്യതകളുണ്ടെന്ന് ആ രംഗത്തെപ്പറ്റി അറിയാവുന്നവരൊക്കെ തന്നെ താക്കീത് നൽകിയാലും കടുത്ത ഈഗോ മൂലം രാജാവ് തന്റെ മൂഢത്തരങ്ങളിൽ നിന്നും വ്യതിചലിക്കാൻ തയ്യാറാവില്ല. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടമെന്ന് മുദ്ര കുത്തി, ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട ഒരു ഇന്ത്യ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി നവംബർ എട്ടാം തീയതി അർദ്ധരാത്രി നോട്ട് അസാധുവാക്കൽ തീരുമാനം മതിയായ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയപ്പോൾ രാജ്യം സന്പൂർണ്ണ അന്ധകാരത്തിലേയ്ക്ക് നീങ്ങുകയായിരുന്നുവെന്ന് നാലു നാൾ പിന്നിടും മുന്പേ തന്നെ ഇവിടത്തെ സാമാന്യബുദ്ധിയുള്ള ജനങ്ങൾക്ക് ബോധ്യപ്പെട്ടിരുന്നു. ജിഡിപി വളർച്ച മന്ദീഭവിക്കുകയും രാജ്യത്തെ ബിസിനസുകൾ നിലംപൊത്തുകയും ചെയ്യുന്ന ഭീതിദമായ ഒരു കാലമാണ് വരാനിരിക്കുന്ന ഒരു വർഷക്കാലത്തോളം ഇന്ത്യയെ ഗ്രസിക്കുകയെന്ന് സാന്പത്തിക വിദഗ്ദ്ധർ ഇതിനകം തന്നെ മുന്നറിയിപ്പു നൽകിക്കഴിഞ്ഞിരിക്കുന്നു. അർദ്ധരാത്രിയിൽ കറൻസി നോട്ടുകൾ അസാധുവാക്കപ്പെട്ടപ്പോൾ ഇന്ത്യയിലെ സാധാരണക്കാരായ ബഹുഭൂരിപക്ഷം ജനങ്ങളുമാണ് വാസ്തവത്തിൽ കള്ളപ്പണക്കാരേക്കാൾ കൂടുതലായി അസാധുവാക്കപ്പെട്ടിരിക്കുന്നതെന്നതാണ് വാസ്തവം.

കഴിഞ്ഞ ജൂലൈ മാസത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യ 2016−-17 കാലയളവിൽ 7.6 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ച് ആകട്ടെ ഈ വർഷം ആദ്യം നടത്തിയ വിലയിരുത്തൽ പ്രകാരം ഇന്ത്യയുടെ ജിഡിപി 2016-17−ൽ 7.7 ശതമാനമാകുമെന്നും  2017−-18−ൽ 7.9 ശതമാനമാകുമെന്നുമാണ് കണക്കാക്കിയിരുന്നത്. പക്ഷേ ഇന്നത്തെ പുതിയ മാറിയ സാഹചര്യത്തിൽ ഈ കണക്കുകളൊക്കെ തന്നെയും തിരുത്തിയെഴുതുവാൻ സാന്പത്തിക അവലോകവിദഗ്ധരൊക്കെ തന്നെയും തയ്യാറായിരിക്കുന്നു. വ്യക്തമായ ആസൂത്രണമില്ലാതെ കറൻസി നോട്ടുകൾ അസാധുവാക്കിയതിന്റ പ്രത്യാഘാതം ഇന്ത്യ അനുഭവിച്ചറിയാൻ പോകുകയാണെന്നാണ് അവരുടെ മതം. ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ ജിഡിപി വളർച്ച 2017 സാന്പത്തിക വർഷത്തിൽ 3.5 ശതമാനം മാത്രമായിരിക്കുമെന്നാണ് അവരുടെ ഇപ്പോഴത്തെ കണക്കുകൂട്ടൽ. ജിഡിപിയിൽ 40 ശതമാനത്തോളം പങ്കാളിത്തമുള്ള നികുതിരഹിതമായ ചില്ലറ വ്യാപാര മേഖലയിലുണ്ടാകുന്ന തകർച്ചയ്ക്കു പുറമേ, കാർഷിക മേഖലയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ വലിയ പ്രത്യാഘാതങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. ദേശീയ ജിഡിപിക്ക് ഓരോ ദിവസവും 25,000 കോടി രൂപയിലധികം നഷ്ടപ്പെടുന്ന ഒരു സാഹചര്യമാണ് നോട്ട് അസാധുവാക്കൽ പ്രക്രിയ ഉണ്ടാക്കിയിരിക്കുന്നത്. 

കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരായ ധീരമായ നീക്കമെന്നും സർജിക്കൽ സ്‌ട്രൈക്ക് എന്നുമൊക്കെ ആദ്യദിനത്തിൽ വിശേഷിപ്പിക്കപ്പെട്ട മോഡിയൻ തീരുമാനം ഒരു മോഡിയൻ ദിവാസ്വപ്നം മാത്രമായിരുന്നുവെന്നും അത് ഇന്ത്യയുടെ സന്പദ് വ്യവസ്ഥയുടെ അടിത്തറ തന്നെയാണ് ഇളക്കിക്കൊണ്ടിരിക്കുന്നതെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തലുകൾ. ഇപ്പോഴത്തെ ഈ സാന്പത്തിക അരാജകത്വം രാജ്യത്ത് വലിയ കലാപങ്ങൾക്കു വരെ ഇടയാക്കിയേക്കുമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന് താക്കീത് നൽകിയിരിക്കുന്നത്. കൈവശമുള്ള പണം പുതിയ കറൻസിയായി മാറ്റാനും വിനിമയം ചെയ്യാനും സാധിക്കാതെ വരികയും ശന്പളം കിട്ടാതാകുകയും ചെയ്യുന്ന ഒരു അവസ്ഥയിൽ ഭക്ഷണത്തിനും മരുന്നിനും ചികിത്സയ്ക്കും പണമില്ലാതെ ജനങ്ങൾ വലയുകയും ചെയ്യുന്പോൾ അമർഷത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും വലിയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടേക്കാമെന്നത് ഒരു യാഥാർത്ഥ്യമാണ്. പുതിയ കറൻസി നോട്ടുകൾ അതിവേഗം അച്ചടിക്കാനുള്ള പരിമിതമായ ശേഷി മനസ്സിലാക്കാതെയാണ് ജനങ്ങളുടെ കൈയ്യടി പ്രതീക്ഷിച്ചുകൊണ്ട് അന്പത്തിയാറിഞ്ചുള്ള പ്രധാനമന്ത്രി ഇന്ത്യയിലെ ജനതയെ സാന്പത്തിക അനിശ്ചിതാവസ്ഥയുടെ ഗിനിപ്പന്നികളാക്കി മാറ്റിയത്. ആശുപത്രികളിൽ ഭൂരിപക്ഷവും ചെക്കും പഴയ അസാധുവാക്കപ്പെട്ട നോട്ടുകളും സ്വീകരിക്കില്ലെന്ന് പരസ്യമായി എഴുതിവെച്ച് സർക്കാരിനെ വെല്ലുവിളിച്ചതാകട്ടെ നിരവധി പേരുടെ ചികിത്സ അവതാളത്തിലാക്കുകയും അത് മരണങ്ങളിലേയ്ക്ക് നയിച്ചിട്ടുണ്ടെന്നതും യാഥാർത്ഥ്യമാണ്. ഓരോ ആശുപത്രികളിലും മാധ്യമപ്രവർത്തകർ കയറിയിറങ്ങിയാൽ തന്നെയും അതിഭീകരമായ ആ അവസ്ഥയുടെ മുഖങ്ങൾ നമുക്കു മുന്നിൽ അനാവൃതമാകും.

ഗ്രാമീണ മേഖലയാണ് ഏറ്റവും വലിയ പ്രതിസന്ധിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രദേശത്തെ സഹകരണ സ്ഥാപനങ്ങളെയോ വായ്പാ സംഘങ്ങളെയോ ഒക്കെ പണമിടപാടുകൾക്ക് ആശ്രയിക്കുന്ന ഇക്കൂട്ടരെ കേന്ദ്ര സർക്കാരും ആർബിഐയും പൂർണ്ണമായും കൈയൊഴിഞ്ഞിരിക്കുന്നു. അസാധുവാക്കപ്പെട്ട കറൻസി നോട്ടുകൾ മാറ്റി നൽകാൻ ഇത്തരം ബാങ്കുകൾക്ക് അനുവാദം നൽകാതിരുന്നതിലൂടെ ഗ്രാമീണരുടെ ജീവിതം പട്ടിണിയായി. ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് മാത്രം പ്രതിവാരം 20,000 രൂപ മാറ്റി നൽകാമെന്ന തീരുമാനം വാസ്തവത്തിൽ ഈ ബാങ്കുകളുടെ നട്ടെല്ല് ഇളക്കുന്നതുമാണ്. വായ്പ നൽകിയ പണം പുതിയ നോട്ടുകളിലൂടെ മാത്രം സ്വീകരിക്കപ്പെട്ടു തുടങ്ങിയതോടെ ഇവർ അവയുടെ തിരിച്ചടവിന് നൂറിന്റേയും ചെറിയ നോട്ടിനെയുമൊക്കെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. കേരളത്തിൽ ജില്ലാ സഹകരണ ബാങ്കുകൾക്ക് 796 ശാഖകളിലായി 35 ലക്ഷത്തോളം ഇടപാടുകാരും 62,000 കോടി രൂപയുടെ നിക്ഷേപവും 3.3 ലക്ഷം കോടി രൂപയുടെ വായ്പയും ഉൾപ്പടെ ഒരു ലക്ഷം കോടി രൂപയ്ക്കു മേൽ ബിസിനസാണ് ഉള്ളത്. ഇതിനു പുറമേ 1604 ബാങ്കുകൾ അടക്കം 15,287 പ്രാഥമിക സഹകരണ സംഘങ്ങൾ ഗ്രാമപ്രദേശങ്ങളിലെ ജനതയുടെ നിക്ഷേപ− വായ്പാ ഘടനയിലെ പ്രധാന ഘടകങ്ങളായി പ്രവർത്തിച്ചുവരുന്നുമുണ്ട്. മൊത്തം 20 ലക്ഷത്തോളം അംഗങ്ങളുള്ള ഈ ബാങ്കുകളിൽ ഒന്നരക്കോടിയിലധികം പേർക്ക് നിക്ഷേപമുണ്ടെന്നതാണ് വാസ്തവം.  ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ തുക സ്ഥിരനിക്ഷേപമായി ഇട്ട ഇടപാടുകാരെ സംബന്ധിച്ചിടത്തോളം പണം പിൻവലിക്കലിന് ചില കർശനമായ നിബന്ധനകൾ കൊണ്ടുവന്ന സ്ഥിതിക്ക് പണം പിൻവലിക്കൽ അത്ര എളുപ്പമുള്ള കാര്യമായി മാറില്ല. കേരളത്തിൽ സഹകരണമേഖലയിൽ ഇടപാടുകൾ നടത്താൻ അർബൻ ബാങ്കുകൾക്കും സംസ്ഥാന സഹകരണ ബാങ്ക് ബ്രാഞ്ചുകൾക്കും അനുമതിയുണ്ടെങ്കിലും സഹകരണമേഖലയുടെ പത്തു ശതമാനത്തോളം താഴെ മാത്രമാണ് അവരുടെ സാന്നിധ്യം. സഹകരണ മേഖലയിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾക്ക് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറിന്റെ അനുവാദമുണ്ടായിരിക്കണമെന്നിരിക്കേ, ഈ രംഗത്ത് കേന്ദ്ര ഇടപെടലുകൾക്ക് അനുവാദം നൽകാതിരുന്നതാണ് വാസ്തവത്തിൽ സഹകരണരംഗത്ത് ആർബിഐ ഇപ്പോൾ നോട്ട് മാറി നൽകൽ അനുമതി നൽകാതിരിക്കാനുള്ള പ്രധാന കാരണം. പാൻകാർഡുകൾ ചോദിക്കാതെ, അക്കൗണ്ടുകൾ ഓപ്പൺ ചെയ്യാൻ അനുവാദം നൽകുന്ന സഹകരണ സംഘങ്ങൾ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്ന ധാരണയുടെ പുറത്താണ് ഇപ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നോട്ട് മാറലിന് അവർക്ക് അനുവാദം നൽകാതിരിക്കുന്നത്.

ഇപ്പോഴത്തെ ഈ കറൻസി പ്രതിസന്ധി കുറച്ചധികം ദിവസം കൂടി മുന്നോട്ടുപോയാൽ അത് രാജ്യത്ത് സാന്പത്തിക മാന്ദ്യത്തിനു തന്നെ കാരണമാകുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണറും പ്രധാനമന്ത്രിയുടെ സാന്പത്തികകാര്യ ഉപദേശകനുമായ സി രംഗരാജൻ തന്നെ തുറന്നുപറഞ്ഞു കഴിഞ്ഞിരിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ വിനിമയത്തിനുള്ള കറൻസി നോട്ടുകൾ സർക്കാർ എത്തിക്കാത്തപക്ഷം വലിയ പ്രതിസന്ധിയിലേയ്ക്ക് രാജ്യം കൂപ്പുകുത്തുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. കറൻസി പിൻവലിക്കൽ നടപടി കള്ളപ്പണം ഇല്ലാതാക്കൽ നടപടിയുടെ ചെറിയൊരു ഭാഗം മാത്രമേ ആകുന്നുള്ളുവെന്നും നികുതി ഘടനയിലും ഭരണത്തിലും  വലിയ പരിഷ്‌കരണങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ ധനവിനിയോഗ കാര്യത്തിൽ കർക്കശമായ മാനദണ്ഡങ്ങളും കൊണ്ടുവരാത്തപക്ഷം ഇപ്പോഴത്തെ നടപടി കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകില്ലെന്നു മാത്രമല്ല ഗുണത്തേക്കാളേറെ ദോഷം ഉണ്ടാകുകയും ചെയ്യും. ഈ നടപടികൾ ഉണ്ടാകാത്തപക്ഷം ഭാവിയിലും കള്ളപ്പണം ഇപ്പോഴുള്ളതുപോലെ തന്നെ കുമിഞ്ഞു കൂടുകയും ചെയ്യും. ഇപ്പോൾ തന്നെ കറൻസി അസാധുവാക്കൽ നടപടി ഭൂമിയിലും സ്വർണത്തിലും വിദേശ കറൻസികളുമൊക്കെ നിക്ഷേപിച്ചിരിക്കുന്നവർക്ക് ഒരുതരത്തിലും അൽപം പോലും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നു മാത്രമല്ല, പിന്നീട് കൂടിയ വിലയ്ക്ക് ഭൂമിയോ സ്വർണമോ വിദേശ കറൻസിയോ ഇന്ത്യൻ കറൻസിയായി മാറ്റിയെടുക്കാനുമാകും. കറൻസി അസാധുവാക്കൽ വന്നതോടെ പല കള്ളപ്പണക്കാരും അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നോട്ട് മാറ്റിയെടുക്കൽ നടത്തിയെന്നും ചില ക്ഷേത്രങ്ങളിൽ കറൻസി റദ്ദാക്കലിനുശേഷം സ്വർണ ലോക്കറ്റ് വിൽപനയ്ക്ക് അസാധുവാക്കപ്പെട്ട കറൻസി ഉപയോഗിക്കപ്പെട്ടതായും സെക്കൻഡ് ഹാൻഡ് കാർ വിൽപനക്കാരിൽ നിന്നും ആഡംബര കാറുകൾ വാങ്ങിയതായി കണ്ടെത്തിയെന്നും ആദായനികുതി ഉദ്യോഗസ്ഥർ പറയുന്നു. അതിനെല്ലാം പുറമേ, വലിയ കള്ളപ്പണക്കാർ ചാക്കുകളിൽ പണം കെട്ടി സൂക്ഷിക്കുന്നവരെല്ലന്നും അവർ വിവിധ മറ്റ് നിക്ഷേപങ്ങൾ നടത്തുന്നവരാണെന്നും മോഡി തിരിച്ചറിയാത്തതല്ലല്ലോ. 

ആസൂത്രണമില്ലാതെ വലിയൊരു നടപടിക്ക് മോഡി മുതിർന്നതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. അസാധുവാക്കപ്പെട്ട കറൻസിക്ക് പകരമുള്ള കറൻസി ഉറപ്പാക്കാതെ ഇത്തരമൊരു നടപടിയിലേക്ക് പ്രധാനമന്ത്രി നീങ്ങിയതിന്റെ യുക്തി ആർക്കും മനസ്സിലാകുന്നില്ല. ആർബിഐയ്ക്ക് അസാധുവാക്കപ്പെടുന്ന നോട്ടുകൾക്ക് പകരം നൽകുന്നതിനുള്ള കറൻസി ഇല്ലെന്നത് ഗുരുതരമായ വീഴ്ച തന്നെയാണ്. അത് ഓരോ ദിവസവും ആവശ്യക്കാർ ബാങ്കിലെത്തിയോ എടിഎമ്മിലെത്തിയോ ചെറിയ തുകയായി പണം കൈപ്പറ്റേണ്ട ഗുരുതരമായ സ്ഥിതിവിശേഷത്തിന് ഇടയാക്കിയിരിക്കുന്നു. എന്നാൽ കറൻസിക്ക് ക്ഷാമമില്ലെന്ന വാദമാണ് ഇപ്പോഴും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി നിരത്തിക്കൊണ്ടിരിക്കുന്നത്.− പക്ഷേ കറൻസിക്ക് ക്ഷാമമില്ലെങ്കിൽപ്പിന്നെ എന്തുകൊണ്ടാണ് എടിഎമ്മുകൾ കാലിയാകുന്നതും ബാങ്കുകളിൽ പണം കൈമാറ്റത്തിന് ആഴ്ചയിൽ 20,000 രൂപ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് നിബന്ധന സർക്കാരിന് വെയ്‌ക്കേണ്ടി വന്നത്?  നോട്ട് അസാധുവാക്കലിനുശേഷം പന്ത്രണ്ടു ദിവസം പിന്നിടുന്പോഴും പുതിയ അഞ്ഞൂറു രൂപയുടെ നോട്ട് പോലും കേരളത്തിലേയ്ക്ക് എത്തിയിട്ടില്ലെന്നതാണ് വാസ്തവം.

ഓഹരിവിപണിയിലും നോട്ട് അസാധുവാക്കൽ പല പ്രശ്‌നങ്ങൾക്കും ഇടയാക്കും. കന്പനികളുടെ വിൽപന കുറയുന്നതു മൂലം അവരുടെ ലാഭം കുറഞ്ഞുവരുന്ന ഒരു സാഹചര്യമാണുള്ളത്. ലാഭം കുറയുന്നതോടെ ഓഹരി വിപണിയിൽ ആ കന്പനികളുടെ മൂല്യം ഇടിയുകയും ചെയ്യും. അധികം പണം കൈയിൽ ചെലവഴിക്കാനില്ലാത്തതിനാൽ ആവശ്യമുള്ള സാമഗ്രികൾ മാത്രമേ ആളുകൾ വാങ്ങുകയുള്ളു. മാത്രവുമല്ല ഇപ്പോഴത്തെ പ്രതിസന്ധി ആളുകളിൽ സന്പാദ്യശീലം ഉണ്ടാക്കാനുള്ള സാധ്യത വലുതായതിനാൽ ചെലവഴിക്കൽ കുറയും. കന്പനികളെ സംബന്ധിച്ചിടത്തോളം അത് ഏറെ ദോഷകരമായ കാര്യമാണ്. വലിയ ബിസിനസുകളേയും ചെറിയ ബിസിനസുകളേയും അത് ഒരുപോലെ ബാധിക്കും. റിയൽ എേസ്റ്ററ്റ്, സ്വർണവിപണി എന്നിവയെയാരിക്കും അത് ഏറ്റവുമധികം ബാധിക്കുക.  40 ശതമാനത്തോളം ഇപ്പോഴത്തെ പ്രതിസന്ധി ഈ രണ്ടു മേഖലകളേയും ബാധിക്കും. വാഹനവിപണിയിൽ ആഡംബര കാർ വിപണിയേയും ചെറുതല്ലാതെ ഇത് ബാധിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നാൽ ചെറുകാറുകളുടെ വായ്പ അടിസ്ഥാനമാക്കിയുള്ള വിൽപനയിൽ ഇടിവുണ്ടാകാനുള്ള സാധ്യതകൾ വളരെ കുറവാണ്. വിലകൂടിയ കാറുകൾ വിൽക്കുന്ന വോൾവോ, ഓഡി, മെർസിഡസ് ബെൻസ്, ജാഗ്വർ − ലാൻഡ് റോവർ തുടങ്ങിയ കന്പനികൾക്ക് വലിയ വീഴ്ച ഉണ്ടാകുമെങ്കിൽ മാരുതി, ഹ്യുണ്ടായ്, നിസ്സാൻ തുടങ്ങിയ കന്പനികൾക്ക് നേട്ടമുണ്ടാകാനുള്ള സാധ്യതകളും കാണുന്നുണ്ട്. റിയൽ എേസ്റ്ററ്റ് രംഗത്ത് 2000 ചതുരശ്ര അടിയിൽ കുറഞ്ഞ അപ്പാർട്ട്‌മെന്റുകളും വില്ലകളും നിർമ്മിക്കുന്ന ബിൽഡർമാരെ സംബന്ധിച്ചിടത്തോളം വിപണി മെച്ചപ്പെടാനുള്ള സാധ്യതയാണ്. ബാങ്കിങ് മേഖലയിലെ ഇപ്പോഴത്തെ ഉണർവ് താൽക്കാലികമല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ വായ്പ നൽകുവാനുള്ള ഒരവസരം ഉണ്ടായേക്കും.  

സീറോ ബാലൻസ് ഉണ്ടായിരുന്ന അക്കൗണ്ടുകളിലേക്കുള്ള പണമൊഴുക്കുണ്ടായതാണ് കറൻസി അസാധുവാക്കലിനെ തുടർന്നുണ്ടായ മറ്റൊരു പ്രതിഭാസം. മുടങ്ങിക്കിടന്നിരുന്ന വായ്പകളിലേക്കും തിരിച്ചടവ് ഉണ്ടാകുന്നതാണ് മറ്റൊരു രസകരമായ കാര്യം. ഈ പണം എവിടെ നിന്നാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടതെന്നത് ബാങ്ക് ജീവനക്കാർ ചോദിക്കുന്നില്ലെങ്കിലും അധികം വൈകാതെ ഈ അക്കൗണ്ടിലേക്ക് വന്ന വലിയ തുകകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഈ തുകകൾ വന്നിരിക്കുന്നത് വരുമാനമില്ലാത്ത വ്യക്തികളിലേക്കാണെങ്കിൽ പണം വെളുപ്പിക്കൽ സംഘങ്ങൾ അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകുമെന്നുറപ്പ്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ വായ്പയെടുത്തശേഷം കടം തിരിച്ചടയ്ക്കാത്തവരുടെ എണ്ണത്തിൽ 16 ശതമാനം കണ്ട് വളർച്ചയാണ് ഉണ്ടായിട്ടുള്ളതെന്നിരിക്കേ, ഇപ്പോഴത്തെ സ്ഥിതിവിശേഷം പൊതുമേഖലാ ബാങ്കുകൾക്ക് പുനർജീവൻ നൽകിയേക്കാം. 76,685 കോടി രൂപയുടെ കടബാധ്യതയാണ് പൊതുമേഖലാ ബാങ്കുകൾക്ക് ആകെയുള്ളത്. ഈ കടബാധ്യത വരുത്തിയവരിൽ 129 പേർ 100 കോടി രൂപയ്ക്കുമേൽ വായ്പയെടുത്തവരുമാണ്. മൊത്തം 1724 കേസ്സുകളാണ് ഇതു സംബന്ധിച്ച് വിവിധ ബാങ്കുകൾ വായ്പയെടുത്തവർക്കെതിരെ ഫയൽ ചെയ്തിരിക്കുന്നത്. ഈടുകൾ വെയ്ക്കാതെ കോടിക്കണക്കിനു രൂപയെടുത്ത വിജയ് മല്യയെപ്പോലുള്ളവരുടെ വായ്പ കിട്ടാക്കടമായി എഴുതിത്തള്ളിയ സർക്കാർ ഈ വ്യവസായികൾ ഉണ്ടാക്കിവച്ച നഷ്ടം പൊതുമേഖലാ ബാങ്കുകളെ തകർക്കാതിരിക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണ് ഇപ്പോഴത്തെ കറൻസി അസാധുവാക്കൽ എന്നു സംശയിക്കുന്നവർ പോലുമിവിടെയുണ്ടെന്നത് വേറെ കാര്യം. 

കേരളത്തിന്റെ സന്പദ് വ്യവസ്ഥയുടെ നിർണായക ഘടകമായ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ നടപടി പ്രതിസന്ധിയിലാക്കിയപ്പോൾ അതിൽ നിന്നും നേട്ടം കൊയ്യാനൊരുങ്ങുന്നത് മറ്റ് ബാങ്കുകളാണ്. കള്ളപ്പേരുകളിലും മറ്റും അനധികൃത പണം സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് വെളിപ്പെടുത്തുകയും കെവൈസി (നോ യുവർ കസ്റ്റമർ) വിവരങ്ങൾ വാങ്ങിക്കൊണ്ട് നിക്ഷേപകരുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ അവസരമൊരുക്കുകയും നികുതി നൽകി ഗുലുമാലുകളിൽ നിന്നും രക്ഷപ്പെടാൻ നിക്ഷേപകർ തയ്യാറാകുകയും ചെയ്താൽ ആർബിഐ കറൻസി നോട്ടുകൾ കൈമാറാനുള്ള അധികാരം ഈ ബാങ്കുകൾക്ക് നൽകുമെന്ന കാര്യത്തിൽ സംശയമില്ല. കള്ളപ്പണം വെളുപ്പിക്കാൻ സഹകരണബാങ്കുകളെ കള്ളപ്പണക്കാർ ഉപയോഗിക്കുമെന്ന ഭീതി കൊണ്ടാണ് സഹകരണ മേഖലയെ ഒഴിവാക്കിയതെന്ന കാര്യത്തിൽ സംശയമില്ല. അതേപോലെ പൊതുമേഖലാ ബാങ്കുകളേക്കാൾ വായ്പാ− നിക്ഷേപ അനുപാതമുള്ള സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ സ്വകാര്യ പുതുജനറേഷൻ ബാങ്കുകളുടെ വായ്പാ കൊള്ളയ്ക്കാകും വഴിവയ്ക്കുക. സാധാരണക്കാരന്റെ നിത്യജീവിതത്തിൽ നിർണായക സ്ഥാനമുള്ള ഈ ബാങ്കുകളെ അവയിൽ നിന്നും പണം തിരിച്ചെടുക്കാനാകുമോയെന്ന ഭീതി ഉയർത്തി തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കറൻസി അസാധുവാക്കലിന്റെ മറവിൽ നടക്കുന്ന ഇത്തരം ഗൂഢനീക്കങ്ങളെ കേരളം തിരിച്ചറിയേണ്ടതുണ്ട്. സഹകരണ മേഖലയെ നിലനിർത്തേണ്ടത് കേരളത്തിന്റെ വളർച്ചയ്ക്ക് നിർണായകമായ കാര്യമാണ്. 

ഇപ്പോഴത്തെ പ്രതിസന്ധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ ഭീകരമാണെന്ന് മനസ്സിലാക്കാൻ ആശുപത്രികളിലേക്ക് ഒന്നെത്തിനോക്കിയാൽ മതിയാകും. ചികിത്സ ലഭിക്കാതെയുള്ള മരണങ്ങളിലേക്ക് മാത്രമല്ല, ധന ലഭ്യത കുറഞ്ഞാൽ കലാപങ്ങളിലേക്കു പോലും ഇപ്പോഴത്തെ സ്ഥിതി മാറുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത് വെറുതെയല്ല. കരഞ്ഞും വിതുന്പിയുമൊക്കെ വാചകമടിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഭരണത്തെ അതിവൈകാരിക നാടകമാക്കി മാറ്റാം. പക്ഷേ അതിന്റെ ഭവിഷ്യത്തുക്കൾ അനുഭവിക്കേണ്ടത് ഇന്ത്യയിലെ സാധാരണ ജനതയാണെന്ന് മറക്കരുത്.

You might also like

Most Viewed